റാങ്ക് പ്രശ്നമല്ല; മുന്നാക്കക്കാരനെങ്കിൽ മെഡിക്കൽ സീറ്റുണ്ട്
text_fieldsകേന്ദ്ര/സംസ്ഥാന സർക്കാറുകൾ ഒരു മനസ്സോടെ പ്രവർത്തിക്കുകയും ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ 'സവർണ സംവരണ മുന്നണി' രൂപപ്പെടുകയും ചെയ്തതോടെ ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കംപോയ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്കെത്തിക്കാൻ ഭരണഘടന ഉറപ്പുനൽകിയ സംവരണം എന്ന മഹത്തായ സങ്കൽപത്തിെൻറ തായ്വേരാണറുക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടമാടുന്ന സംവരണ അട്ടിമറിയുടെ ഉള്ളറകളിലേക്ക് 'മാധ്യമം' ലേഖകൻ നടത്തുന്ന അന്വേഷണം ഇന്നു മുതൽ...
നാൽപതിനായിരത്തോളം സർക്കാർ എം.ബി.ബി.എസ് സീറ്റുള്ള രാജ്യത്ത് 65,000ത്തിന് മുകളിൽ റാങ്കുള്ള മുന്നാക്ക വിഭാഗക്കാരനും ഗവൺമെൻറ് മെഡിക്കൽ കോളജിൽ പഠനം; 1555 ഗവ. സീറ്റുള്ള കേരളത്തിൽ 8416ാം റാങ്കുകാരനായ മുന്നാക്കക്കാരനും സീറ്റ്. 2019ലെ നീറ്റ് പരീക്ഷയിൽ 65,830ാം റാങ്കും കേരള റാങ്ക് പട്ടികയിൽ 8416ാം റാങ്കും നേടിയത് ഒരു വിദ്യാർഥിതന്നെയാണെന്നും അവൻ പഠിക്കുന്നത് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജിലാണ് എന്നറിയുേമ്പാഴുമാണ് മുന്നാക്ക സംവരണമെന്ന സാമൂഹിക അനീതിയുടെ ആഴം വെളിച്ചത്തുവരുന്നത്.
മുന്നാക്കക്കാരെൻറ ഇൗ റാങ്ക് പരിസരത്തുള്ള പിന്നാക്ക സംവരണ വിഭാഗ വിദ്യാർഥികൾക്ക് ലക്ഷങ്ങൾ മുടക്കി പഠിക്കുന്ന സ്വാശ്രയ മെഡിക്കൽ കോളജിെൻറ പോലും പടിചവിട്ടാൻ പറ്റാതെപോയപ്പോഴാണ് ഇൗ അനീതി.
പ്രഫഷനൽ കോഴ്സ് പ്രവേശനത്തിൽ ഏറ്റവും വലിയ അനീതിയും മെറിറ്റ് അട്ടിമറിയുമാണ് 2019ലെ എം.ബി.ബി.എസ് പ്രവേശനത്തിൽ നടന്നത്. സംസ്ഥാനത്തെ പത്ത് സർക്കാർ മെഡിക്കൽ കോളജുകളിൽ ആകെ ഉണ്ടായിരുന്നത് 1400 സീറ്റുകൾ. ഒാൾ ഇന്ത്യ േക്വാട്ട ഉൾപ്പെടെ കഴിഞ്ഞപ്പോൾ എൻട്രൻസ് കമീഷണർ അലോട്ട്മെൻറ് നടത്തേണ്ട സീറ്റുകൾ 1050. ഇൗ 1050 സീറ്റിെൻറ ശതമാന പ്രകാരമാണ് ജനറൽ (ഒാപൺ മെറിറ്റ്) സീറ്റുകളുടെയും സംവരണ സീറ്റുകളുടെയും എണ്ണം നിശ്ചയിച്ചത്.
എസ്.സി/എസ്.ടി വിഭാഗത്തിന് പത്ത് ശതമാനം (8+2) സംവരണത്തിൽ 105ഉം ഒമ്പത് ശതമാനം സംവരണമുള്ള ഇൗഴവ (ഇ.ടി.ബി) വിഭാഗത്തിന് 94ഉം എട്ട് ശതമാനമുള്ള മുസ്ലിം വിഭാഗത്തിന് 84ഉം സീറ്റുകളാണ് നീക്കിവെച്ചത്. എന്നാൽ, മുന്നാക്ക സംവരണത്തിന് (ഇ.ഡബ്ല്യു.എസ്) പത്ത് ശതമാനം വരെ സീറ്റ് അനുവദിക്കാൻ തിരുവനന്തപുരം (50 സീറ്റ്), കൊല്ലം പാരിപ്പള്ളി (10), ആലപ്പുഴ (25), കോട്ടയം (25), എറണാകുളം (10), തൃശൂർ (25), മഞ്ചേരി (10) എന്നിങ്ങനെ 155 സീറ്റുകൾ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ വർധിപ്പിച്ചുനൽകി. ഇതിൽ 25 എണ്ണം ഒാൾ ഇന്ത്യ ക്വോട്ട അലോട്ട്മെൻറിനു നൽകി.
അവശേഷിക്കുന്ന 130 സീറ്റുകൾ ശതമാനം പരിഗണിക്കാതെ മുന്നാക്ക സംവരണത്തിനായി മുകളിൽ പറഞ്ഞ കോളജുകളിൽ നീക്കിവെച്ചു. മുന്നാക്ക സംവരണത്തിനായി സ്റ്റേറ്റ് മെറിറ്റിെൻറ പത്ത് ശതമാനം സീറ്റ് നീക്കിവെക്കണമെന്നിരിക്കെ സംസ്ഥാനത്തെ ഇതുവരെ പ്രവേശനം നടന്ന എല്ലാ കോഴ്സുകളിലും ആകെ സീറ്റിെൻറ പത്ത് ശതമാനം നീക്കിവെച്ചാണ് സംവരണ അട്ടിമറി നടപ്പാക്കുന്നത്. പത്ത് ശതമാനം എന്ന് സർക്കാർ ഉത്തരവുകൾ ആവർത്തിക്കുേമ്പാഴും ഏതു സീറ്റിെൻറ പത്ത് ശതമാനം എന്ന് വ്യക്തമാക്കാത്തത് ആകെ സീറ്റിെൻറ പത്ത് ശതമാനം മുന്നാക്ക സംവരണത്തിന് നീക്കിവെക്കാൻ ഉദ്യോഗസ്ഥ ലോബിക്ക് സൗകര്യമായി.
മുന്നാക്ക സംവരണത്തിനായി വർധിപ്പിച്ച 155 എണ്ണം ചേർന്നതോടെ ആകെയുള്ളത് 1555 സീറ്റാണ്. അഖിലേന്ത്യ ക്വോട്ട, പ്രത്യേക സംവരണ സീറ്റുകൾ കഴിഞ്ഞാൽ ബാക്കി 1132. ഇതിൽനിന്ന് സാമുദായിക സംവരണത്തിനായി 419 സീറ്റുകൾ നീക്കിവെച്ചാൽ ജനറൽ മെറിറ്റിൽ (ഒാപൺ) അവശേഷിക്കുന്നത് 713 സീറ്റുകളാണ്.
ഇത്രയും സീറ്റുകളുടെ പത്ത് ശതമാനം എന്ന നിലയിൽ 71 സീറ്റ് അനുവദിക്കേണ്ട സ്ഥാനത്താണ് മുന്നാക്ക സംവരണത്തിനായി 130 സീറ്റ് സർക്കാർ തളികയിൽ വെച്ചുനൽകിയത്. ഫലമോ കേരള റാങ്ക് പട്ടികയിൽ 8416ാം റാങ്കുകാരനായ മുന്നാക്ക വിഭാഗക്കാരൻ വരെ ഗവ. മെഡിക്കൽ കോളജിൽ സീറ്റ് ഉറപ്പിച്ചു. പത്ത് ശതമാനം സീറ്റെന്ന് പല വകുപ്പുകൾ ഇറക്കിയ ഉത്തരവുകളിൽ ആവർത്തിക്കുേമ്പാഴും ജനറൽ മെറിറ്റിെൻറ പത്ത് ശതമാനം എന്ന് ഒരു ഉത്തരവും വ്യക്തമാക്കാതിരുന്നത് ബോധപൂർവമായ സംവരണ അട്ടിമറിക്കാണെന്ന് സംശയിച്ചാൽ കുറ്റപ്പെടുത്താനാകില്ല.
എം.ബി.ബി.എസ് പ്രവേശനത്തിനായി പ്രവേശന പരീക്ഷ കമീഷണർ പ്രസിദ്ധീകരിച്ച ഈ വർഷത്തെ പ്രോസ്പെക്ടസിലും സംവരണ അട്ടിമറിക്ക് വഴിതുറന്നിട്ടിട്ടുണ്ട്. സംവരണത്തിന് അർഹരായ മറ്റ് പിന്നാക്ക വിഭാഗങ്ങളെ ഒന്നടങ്കം തോൽപിക്കുന്ന സംവരണ അട്ടിമറിയാണ് മെഡിക്കൽ പി.ജി കോഴ്സ് പ്രവേശനത്തിൽ അരങ്ങേറിയത്. അതേക്കുറിച്ച് നാളെ...
സംവരണ അട്ടിമറിയുടെ കേരള മോഡൽ
മുന്നാക്ക/സവർണ സംവരണത്തിന് നരേന്ദ്ര മോദി സർക്കാർ ഭരണഘടന ഭേദഗതി കൊണ്ടുവരും മുമ്പുതന്നെ വിജയകരമായ ട്രയൽ റൺ നടത്തിയ സർക്കാറാണ് കേരളത്തിലേത്. ഭരണസിരാ കേന്ദ്രം എന്നതിനപ്പുറം സംവരണ അട്ടിമറിയുടെ ഗവേഷണ കേന്ദ്രംകൂടിയാണ് നമ്മുടെ സെക്രേട്ടറിയറ്റ്.ഹയർ സെക്കൻഡറി മുതൽ സർവകലാശാല വരെ നീളുന്ന വിദ്യാർഥി പ്രവേശനത്തിൽ ഏതു രീതിയിൽ സംവരണ അട്ടിമറി നടത്താമെന്നതിനുള്ള തീർപ്പുകൾ ഉത്തരവായി ഇറങ്ങുന്നത് ഇവിടെ നിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.