കെ.ടി.യു വി.സിയുടെ ചുമതല ഡിജിറ്റൽ സർവകലാശാല വി.സിക്ക് നൽകാൻ ശിപാർശ
text_fieldsതിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെ.ടി.യു) വി.സിയുടെ താൽക്കാലിക ചുമതല കേരള ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന് നൽകാൻ സർക്കാർ ശിപാർശ.
ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ഗവർണറുടെ സെക്രട്ടറിക്ക് കത്ത് നൽകി. സർക്കാർ ശിപാർശയിൽ ഗവർണർ തീരുമാനമെടുത്തിട്ടില്ല.
കെ.ടി.യു വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് സർക്കാർ നടപടി. സാങ്കേതിക സർവകലാശാല നിയമ പ്രകാരം വി.സിയുടെ ചുമതല സർക്കാർ ശിപാർശയിൽ ചാൻസലറായ ഗവർണർക്ക് മറ്റേതെങ്കിലും സർവകലാശാല വി.സിക്കോ സാങ്കേതിക സർവകലാശാല പി.വി.സിക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ആറു മാസത്തിൽ കവിയാത്ത കാലയളവിലേക്ക് നൽകാം.
അതേസമയം, പകരം വി.സിയെ നിയമിക്കാൻ ശിപാർശ സമർപ്പിച്ചതോടെ വി.സി നിയമനം റദ്ദാക്കിയ കോടതി വിധി സർക്കാർ അംഗീകരിച്ചെന്ന വാദവും ഉയർന്നിട്ടുണ്ട്.
വിധിക്കെതിരെ അപ്പീൽ സാധ്യത തേടുന്നതിനു മുമ്പ് പകരം വി.സിയെ നിയമിക്കാൻ ശിപാർശ സമർപ്പിച്ചത് കോടതി വിധിയിൽ ചൂണ്ടിക്കാണിച്ച ചട്ടലംഘനങ്ങൾ ഉൾപ്പെടെ സർക്കാർ അംഗീകരിച്ചതിന് തുല്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.