പ്ലസ് വൺ പ്രവേശനത്തിൽ റെക്കോഡ് വർധന; വർധനയിൽ 79.28 ശതമാനവും മലബാറിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറികളിൽ ഇത്തവണ വിദ്യാർഥി പ്രവേശനത്തിൽ സർവകാല റെക്കോഡ്. ഏഴ് ജില്ലകളിൽ 30 ശതമാനവും ഏഴ് ജില്ലകളിൽ 20 ശതമാനവും ആനുപാതിക സീറ്റ് വർധനയും 79 താൽക്കാലിക ബാച്ചുകൾ അനുവദിച്ചുമുള്ള പ്രവേശനമാണ് ഇത്തവണ ഹയർസെക്കൻഡറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിദ്യാർഥി പ്രവേശനം സാധ്യമാക്കിയത്.
ഈ വർഷം 385253 പേരാണ് ഹയർസെക്കൻഡറികളിൽ റെഗുലർ പഠനത്തിന് ചേർന്നത്. കഴിഞ്ഞവർഷം 368282 കുട്ടികളാണ് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി ചേർന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 16971 കുട്ടികളാണ് അധികമായി ഹയർസെക്കൻഡറി പഠനത്തിന് ചേർന്നത്. ഇതിന് മുമ്പ് 2018ലാണ് ഹയർസെക്കൻഡറിയിൽ ഏറ്റവും കൂടുതൽ വിദ്യാർഥി പ്രവേശനം നടന്നത്; 3.78 ലക്ഷം പേർ. പുതിയ ഹയർസെക്കൻഡറി സ്കൂളുകളും ബാച്ചുകളും അനുവദിക്കില്ലെന്ന ഉത്തരവിറക്കിയാണ് ഇത്തവണ വിദ്യാഭ്യാസ വകുപ്പ് പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചത്.
എന്നാൽ, ഒന്നേകാൽ ലക്ഷത്തിലധികം വിദ്യാർഥികൾ എ പ്ലസ് നേടിയതോടെ സീറ്റ് ക്ഷാമം പ്രതിപക്ഷം നിയമസഭയിൽ പലതവണ ഉയർത്തി. ഒടുവിൽ പുതിയ ബാച്ചുകൾ അനുവദിക്കില്ലെന്ന ഉത്തരവിൽനിന്ന് സർക്കാർ പിറകോട്ട് പോകുകയും സീറ്റ് ക്ഷാമം ഏറെയുള്ള മലബാറിൽ 79 താൽക്കാലിക ബാച്ചുകൾ അനുവദിക്കുകയും ചെയ്തു.
ഇത്തവണ അധികമായി പ്രവേശനം നേടിയ 16971 പേരിൽ 13412 പേരും (79.28 ശതമാനം) പാലക്കാട് മുതൽ കാസർകോട് വരെയുള്ള മലബാർ ജില്ലകളിൽനിന്നാണ്. ഇതിൽ ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മലപ്പുറത്ത് ഇത്തവണ 5207 കുട്ടികൾക്ക് അധികമായി സ്കൂൾ പ്രവേശനം ലഭിച്ചു. കോഴിക്കോട് ജില്ലയിൽ 3090 പേർക്കും അധികം പ്രവേശനം ലഭിച്ചു. മുൻവർഷങ്ങളിൽ സീറ്റ് ലഭിക്കാതെ ഒട്ടേറെ വിദ്യാർഥികൾ ഈ ജില്ലകളിൽനിന്ന് ഓപൺ സ്കൂളിൽ പ്രവേശനം തേടുകയായിരുന്നു. ഇത്തവണ എ പ്ലസ് വർധനയിൽ മറ്റ് ജില്ലകളിൽകൂടി സീറ്റ് ക്ഷാമം ഉയർന്നതോടെ സർക്കാറിന് നിലപാട് തിരുത്തേണ്ടിവന്നു.
മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം ശരിവെക്കുന്നത് കൂടിയാണ് ഇത്തവണത്തെ പ്ലസ് വൺ പ്രവേശന നടപടികൾ. താൽക്കാലിക ബാച്ചുകൾ സ്ഥിരപ്പെടുത്തിയില്ലെങ്കിൽ അടുത്ത വർഷങ്ങളിലും ഈ ജില്ലകളിൽ സീറ്റ് ക്ഷാമം തുടർക്കഥയാകും. അതേസമയം, മൊത്തം വിദ്യാർഥി പ്രവേശനം ഉയർന്നെങ്കിലും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണ കുറയുകയാണ് ചെയ്തത്.
പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ വർഷം (2020-21), ഈ വർഷം (2021-22), വർധന എന്ന ക്രമത്തിൽ:
- തിരുവനന്തപുരം 31383, 33299, 1916
- കൊല്ലം 26247, 27330, 1083
- പത്തനംതിട്ട 11933 , 11696, 237 പേർ കുറവ്
- ആലപ്പുഴ 22540, 22757, 217
- കോട്ടയം 21336, 20795, 541 പേർ കുറവ്
- ഇടുക്കി 11108, 10768, 340 പേർ കുറവ്
- എറണാകുളം 31561, 31791, 230
- തൃശൂർ 32144 , 33348, 1204
- പാലക്കാട് 30289, 32563, 2274
- മലപ്പുറം 56459, 61666, 5207
- കോഴിക്കോട് 37190 , 40280, 3090
- വയനാട് 10162, 10471, 309
- കണ്ണൂർ 30753, 32698, 1945
- കാസർകോട് 15177, 15791, 614
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.