പോളിടെക്നിക്കുകളിൽ റെക്കോഡ് പ്ലേസ്മെന്റ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ 2023-24 വർഷം റെക്കോഡ് പ്ലേസ്മെന്റ് നടന്നതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. 198 കമ്പനികളിലായി 4500ൽ അധികം പ്ലേസ്മെന്റ് ഓഫറാണ് ഡിപ്ലോമ എൻജിനീയർമാർ നേടിയത്. ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ സ്ഥാപനങ്ങൾ നടത്തിയ പ്ലേസ്മെന്റിൽ 1.8 ലക്ഷം മുതൽ 13.5 ലക്ഷം രൂപ വരെയുള്ള ഓഫറാണ് വിദ്യാർഥികൾക്ക് ലഭിച്ചത്. സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽ രൂപവത്കരിച്ച സ്റ്റേറ്റ് പ്ലേസ്മെന്റ് സെൽ സംവിധാനത്തിനു കീഴിലാണ് വിവിധ വ്യവസായ സ്ഥാപനങ്ങൾ പോളിടെക്നിക് കോളജുകളിൽ കാമ്പസ് റിക്രൂട്ട്മെന്റ് നടത്തിയത്. സ്റ്റേറ്റ് പ്ലേസ്മെന്റ് സെല്ലിന് കീഴിൽ നാല് റീജനൽ പ്ലേസ്മെന്റ് സെല്ലുകൾ രൂപവത്കരിച്ച് വിവിധ കമ്പനികളെ ക്ഷണിച്ച് യോഗ്യരായ മുഴുവൻ വിദ്യാർഥികൾക്കും പങ്കെടുക്കാൻ അവസരം നൽകി. ഉന്നതവിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യവുമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിൽ സർക്കാർ നൽകുന്ന ഊന്നലാണ് ഈ ഗുണഫലം സൃഷ്ടിച്ചതെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.