3,88,634 പേർക്ക് റെഗുലർ പഠനാവസരം; പ്ലസ് വൺ പ്രവേശനം സർവകാല റെക്കോഡിൽ
text_fieldsതിരുവനന്തപുരം: മലബാറിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ 138 താൽക്കാലിക ബാച്ചുകൾ കൂടി അനുവദിച്ചതോടെ ഇത്തവണ പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം സർവകാല റെക്കോഡിൽ. ഇതുവരെയുള്ള ഉയർന്ന വിദ്യാർഥി പ്രവേശനം കഴിഞ്ഞ വർഷത്തെ 3,82,739 ആയിരുന്നെങ്കിൽ ഇത്തവണ അത് മറികടന്ന് മൊത്തം 3,88,634 പേർ റെഗുലർ പഠനത്തിന് പ്രവേശനം നേടി.
138 അധിക താൽക്കാലിക ബാച്ചുകളിൽ 120 എണ്ണം ലഭിച്ച മലപ്പുറം ജില്ലയിലെ വിദ്യാർഥി പ്രവേശനവും ഇത്തവണ സർവകാല റൊക്കോഡിലെത്തി. ജില്ലയിൽ കഴിഞ്ഞവർഷം 66025 പേർ പ്രവേശനം നേടിയത് ഇത്തവണ 70689 ആയി. ജില്ലയിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മാത്രമായി വർധിച്ചത് 5878 വിദ്യാർഥികളാണ്.
താൽക്കാലിക ബാച്ചുകൾ അനുവദിച്ചത് വഴി മലപ്പുറം, കാസർകോട് ജില്ലയിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ വർധനയാണ് സംസ്ഥാനത്ത് മൊത്തം പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണവും ഉയരാൻ കാരണമായത്.
മലപ്പുറം ജില്ലയിൽ ആവശ്യമായ സീറ്റുണ്ടെന്ന് വാദിച്ച സർക്കാറിന് വിദ്യാർഥി, യുവജന സംഘടനകളുയർത്തിയ പ്രതിഷേധത്തെ തുടർന്നും കണക്കുകൾ നിരത്തിയുള്ള മാധ്യമ വാർത്തകളെ തുടർന്നുമാണ് നിലപാട് മാറ്റേണ്ടിവന്നതും അധിക ബാച്ച് അനുവദിക്കേണ്ടിവന്നതും. സർക്കാർ സ്കൂളുകളിൽ ബാച്ചുകൾ അനുവദിച്ചിരുന്നില്ലെങ്കിൽ നിലവിൽ പ്രവേശനം നേടിയ 5878 വിദ്യാർഥികളെങ്കിലും പുറത്താകുമായിരുന്നു.
15,658 സീറ്റുകളാണ് സർക്കാർ സ്കൂളുകളിൽ ബാക്കിയുള്ളത്. എയ്ഡഡ് സ്കൂളുകളിൽ 1,95,030 സീറ്റുകളിൽ 1,85,132 സീറ്റുകളിലും വിദ്യാർഥികൾ പ്രവേശനം നേടി. ബാക്കിയുള്ളത് 9,898 സീറ്റുകൾ.
സർക്കാറിന്‍റെ ഏകജാലക പ്രവേശന പരിധിയിൽ വരാത്തതും ഫീസ് നൽകി പഠിക്കേണ്ടതുമായ 54,967 അൺഎയ്ഡഡ് സീറ്റുകളിൽ 27,270 സീറ്റുകളിൽ വിദ്യാർഥികൾ പ്രവേശനം നേടി. അൺഎയ്ഡഡിൽ 27,697 സീറ്റുകളാണ് അവശേഷിക്കുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ആകെയുള്ള 3,86,920 സീറ്റുകളിൽ 3,61,364 സീറ്റുകളിലും വിദ്യാർഥി പ്രവേശനം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.