വാഴ്സിറ്റികൾക്ക് ആശ്വാസം: വിദൂര വിദ്യാഭ്യാസ ചട്ടങ്ങളിൽ യു.ജി.സി ഇളവ്
text_fieldsകോഴിക്കോട്: കോവിഡ് പശ്ചാതലത്തിൽ വിദൂര വിദ്യാഭ്യാസ ചട്ടങ്ങളിൽ കാര്യമായ മാറ്റംവരുത്തി യു.ജി.സി. പുതിയ ചട്ടപ്രകാരം വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്തിപ്പിന് സർവകലാശാലകൾക്കുള്ള യോഗ്യതയിൽ ഇളവ് അനുവദിച്ചു. നേരത്തേ എ-പ്ലസ് ഗ്രേഡ് നാക് അക്രഡിറ്റേഷൻ ഉള്ളവർക്കാണ് വിദൂര വിദ്യാഭ്യാസ കോഴ്സ് അനുവദിച്ചിരുന്നത്. 3.26 ഉം അതിന് മുകളിലുമാണ് ആണ് എ-പ്ലസ് ഗ്രേഡ്. പുതിയ ചട്ടപ്രകാരം എ-ഗ്രേഡ് (3.01) ഉള്ളവർക്ക് ഓപൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് പ്രോഗ്രാംസ് എന്ന പേരിലുള്ള കോഴ്സ് നടത്താം.
പുതിയ ചട്ടങ്ങൾ അസാധാരണ ഗസറ്റ് വിജ്ഞാപനമായി പുറത്തിറക്കി. ദേശീയ സ്ഥാപന റാങ്കിങ് ചട്ടക്കൂടിൽ (എൻ.െഎ.ആർ.എഫ്) ആദ്യ 100ൽ വരുന്ന സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താം. ഓൺൈലൻ കോഴ്സുകൾക്ക് പ്രാധാന്യം നൽകുന്നതാണ് പുതുക്കിയ ചട്ടം. കർശന നിബന്ധന കാരണം പല സർവകലാശാലകൾക്കും വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതുകാരണം 2018ൽ സർവകലാശാലകൾക്ക് രണ്ടു വർഷത്തേക്ക് താൽക്കാലിക അംഗീകാരം നൽകുകയായിരുന്നു.
പുതിയ ചട്ടപ്രകാരം കാലിക്കറ്റ്, കേരള, എം.ജി, കുസാറ്റ് തുടങ്ങിയ സർവകലാശാലകൾക്കെല്ലാം വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താം. കേരള സർവകലാശാലക്ക് 3.03 നാക് സ്കോറുണ്ട്. കാലിക്കറ്റിന് 3.13 ആണ് നാക് സ്കോർ.
പുതിയ ചട്ടപ്രകാരം എൻ.െഎ.ആർ.എഫ് പട്ടികയിലെ ആദ്യ 100 റാങ്ക് അടിസ്ഥാനമാക്കിയാലും കാലിക്കറ്റിനും കേരളക്കും കോഴ്സുകൾ നടത്താം. പട്ടികയിൽ കേരള 23ഉം കാലിക്കറ്റ് 54ഉം കുസാറ്റ് 62മാണ്. എം.ജിയുടെ നാക് സ്കോർ 3.24 ആയതിനാൽ അവർക്കും കോഴ്സ് അനുവദിക്കാം. നിലവിൽ കാലിക്കറ്റ്, കണ്ണൂർ, കേരള സർവകലാശാലകളിൽ മാത്രമാണ് കോഴ്സുണ്ടായിരുന്നത്.
അതേസമയം, ചട്ടങ്ങളിൽ ഇളവുണ്ടെങ്കിലും കോഴ്സ് നടത്താൻ സംസ്ഥാന സർക്കാർ കനിയണം. മറ്റു സർവകലാശാലകൾക്ക് യു.ജി.സി ചട്ടപ്രകാരം വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താനാവില്ലെന്നതായിരുന്നു പുതുതായി തുടങ്ങുന്ന ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുടെ പ്രധാന ആവശ്യകതയായി സർക്കാർ പറഞ്ഞിരുന്നത്. മറ്റു സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.