കാലിക്കറ്റിലെ അധ്യാപക നിയമനങ്ങൾ നിർത്തണമെന്ന് ആവശ്യം
text_fieldsകോഴിക്കോട്: കേരള സർവകലാശാലയിലെ സംവരണവുമായി ബന്ധപ്പെട്ട വിധിയിൽ സർക്കാറിെൻറ നിയമം തന്നെ ഹൈകോടതി റദ്ദുചെയ്ത സാഹചര്യത്തിൽ കാലിക്കറ്റിൽ തുടരുന്ന അധ്യാപക നിയമനങ്ങൾ നിർത്തിവെക്കണമെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ചാൻസലർ കൂടിയായ ഗവർണർക്ക് കത്തയച്ചു.
എല്ലാ പഠന വകുപ്പുകളെയും ഒറ്റ യൂനിറ്റാക്കി അധ്യാപക നിയമനം നടത്താൻ 2014 ലാണ് സർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. ഇതിനെ ചോദ്യം ചെയ്ത് കേരള സർവകലാശാലയിലെ ഉദ്യോഗാർഥികൾ സമർപ്പിച്ച ഹരജി അനുവദിച്ച ഹൈകോടതി, ഈ നിയമ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കിയിരിക്കയാണ്. ഇതുവഴി കേരളയിലെ അധ്യാപക നിയമനം അസാധുവായിരിക്കുകയാണ്. ഇതേ നിയമത്തിെൻറ അടിസ്ഥാനത്തിലാണ് കാലിക്കറ്റിലും നിയമനം നടത്തുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഹൈകോടതി വിധി വന്ന സ്ഥിതിക്ക് കാലിക്കറ്റിലെ നിയമനവും അനിശ്ചിതത്വത്തിലാണ്. ഒട്ടേറെ കോളജ് അധ്യാപകർ ജോലി രാജിവെച്ചാണ് സർവകലാശാലയിൽ ചേർന്നിരിക്കുന്നത്. നിയമപ്രശ്നം തീരാതെ നിയമനം തുടർന്നാൽ അത് കോളജ് അധ്യാപകരുടെ ജോലി അവതാളത്തിലാക്കും. ഇപ്പോൾതന്നെ കേരളയിലും കാലിക്കറ്റിലും കോളജിൽനിന്ന് വന്ന അധ്യാപകർ പ്രതിസന്ധിയിലാണ്. അതിനാൽ, നിയമ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതുവരെ നിയമന പ്രക്രിയ നിർത്തിവെക്കണമെന്ന് സിൻഡിക്കേറ്റ് അംഗം അഭ്യർഥിച്ചു.
നിയമത്തിലെ അനിശ്ചിതത്വം മൂലം അസോസിയറ്റ് പ്രഫസർ, പ്രഫസർ തസ്തികയിലേക്ക് മികച്ച അധ്യാപകർ നിയമനം നേടാൻ മടിക്കുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. നിയമ ഭേദഗതിക്കെതിരെയും വികലാംഗ സംവരണം അടക്കം അട്ടിമറിച്ചതിനെതിരെയും പത്തോളം കേസുകളാണ് കാലിക്കറ്റ് സർവകലാശാലക്കെതിരെ ഹൈകോടതിയിൽ തീർപ്പ് കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.