ഹയർ സെക്കന്‍ഡറി പരീക്ഷ മാന്വലിൽ പരിഷ്കാരം: ഉത്തരക്കടലാസ് പുനഃപരിശോധനക്ക് ഇനി ഇരട്ട മൂല്യനിർണയം
text_fieldsതിരുവനന്തപുരം: ഹയർ സെക്കൻഡറി ഉത്തരക്കടലാസ് പുനഃപരിശോധനയിൽ ഇനി മുതൽ ഒരു മാർക്ക് വർധിച്ചാലും വിദ്യാർഥിക്ക് ലഭ്യമാക്കും. ഇതിനനുസൃതമായി പരിഷ്കരിച്ച പരീക്ഷ മാന്വൽ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഡയറക്ടർ കെ. ജീവൻ ബാബുവിന് നൽകി പ്രകാശനം ചെയ്തു. ഇതുവരെ അഞ്ച് ശതമാനം മാർക്ക് വർധിച്ചാൽ മാത്രമേ മാറ്റം അനുവദിച്ചിരുന്നുള്ളൂ. ഉത്തരക്കടലാസ് പുനഃപരിശോധന ഇനി മുതൽ ഇരട്ടമൂല്യനിർണയമായിരിക്കും.
ഇതിലൂടെ ലഭിക്കുന്ന സ്കോറുകള്‍ പരമാവധി മാര്‍ക്കിന്റെ 10 ശതമാനത്തില്‍ താഴെയാണെങ്കില്‍ ഇങ്ങനെ ലഭിക്കുന്ന രണ്ട് സ്കോറുകളുടെയും ശരാശരി മാർക്ക് കുട്ടിക്ക് ലഭ്യമാക്കും.
വ്യത്യാസം 10 ശതമാനമോ അതിൽ കൂടുതലോ ആണെങ്കില്‍ മൂന്നാമതും മൂല്യനിര്‍ണയത്തിന് വിധേയമാക്കും. അതില്‍ ലഭിക്കുന്ന സ്കോറും ഇരട്ടമൂല്യനിര്‍ണയത്തിലൂടെ ലഭിക്കുന്ന സ്കോറുകളുമായി ഏറ്റവും അടുത്തുള്ള സ്കോറിന്റെയും ശരാശരിയായിരിക്കും നൽകുക. പുനഃപരിശോധനയിൽ ലഭിക്കുന്ന സ്കോർ കുറവാണെങ്കില്‍ ആദ്യം ലഭിച്ചത് നിലനിര്‍ത്തും.
ഹയർ സെക്കൻഡറി ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ സത്യവാങ്മൂലം വേണമെന്ന വ്യവസ്ഥ ഒഴിവാക്കി. പകരം നോട്ടറിയിൽ നിന്നുള്ള സത്യവാങ്മൂലം മതി. ഹയർ സെക്കൻഡറി പരീക്ഷയിൽ ഏതെങ്കിലും വിഷയത്തിൽ പരാജയപ്പെടുന്നവർ ഈ വിഷയത്തിന്റെ രണ്ടു വർഷത്തെയും പേപ്പറുകൾ എഴുതണമെന്ന (കമ്പാർട്ട്മെന്റൽ) വ്യവസ്ഥയും ഒഴിവാക്കി. പകരം ജയിക്കാനാകാത്ത വിഷയങ്ങള്‍ക്ക് ഒന്നാം വര്‍ഷമോ രണ്ടാം വര്‍ഷമോ താല്പര്യമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതാം.
ഒന്നാം വര്‍ഷ പരീക്ഷയാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ രണ്ടാം വര്‍ഷത്തെ പരീക്ഷയുടെ ഉയര്‍ന്ന സ്കോറും രണ്ടാം വര്‍ഷ പരീക്ഷയാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കില്‍ ഒന്നാം വര്‍ഷത്തെ ഉയര്‍ന്ന സ്കോറും നിലനിര്‍ത്തും.
രണ്ടാം വര്‍ഷ തീയറി പരീക്ഷ എഴുതിയ വിദ്യാർഥിക്ക് പ്രായോഗിക പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നാല്‍ 'സേ' പരീക്ഷയില്‍ പ്രായോഗിക പരീക്ഷ മാത്രമായി എഴുതാം. രാവിലെയും ഉച്ചക്കു ശേഷവുമായുള്ള സെഷനുകളിൽ 60, 80 മാർക്കിനുള്ള 13 വീതം ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയിരുന്നത് 17 വീതമാക്കി (ദിവസം 34 എണ്ണം) ഉയർത്തി. 30 മാർക്കിനുള്ള ഉത്തരക്കടലാസുകൾ (ബോട്ടണി, സുവോളജി, മ്യൂസിക്) 20 വീതം മൂല്യനിർണയം നടത്തിയിരുന്നത് 25 ആക്കിയും (ദിവസം 50) ഉയർത്തി. പരീക്ഷ കഴിഞ്ഞ് സ്കീം ഫൈനലൈസേഷന്‍ നടത്തി ചോദ്യപേപ്പറും ഉത്തരസൂചികയും ഹയർ സെക്കൻഡറി പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തും.
സർട്ടിഫിക്കറ്റിൽ ഗ്രേസ് മാർക്ക് പ്രത്യേകം രേഖപ്പെടുത്തും
സർട്ടിഫിക്കറ്റിൽ ഗ്രേസ് മാർക്ക് പരീക്ഷ മാർക്കിനൊപ്പം ചേർക്കാതെ പ്രത്യേകമായി രേഖപ്പെടുത്തും. നേരത്തേ ഗ്രേസ് മാർക്ക് പരീക്ഷ മാർക്കിനൊപ്പം ചേർത്ത് 'ഗ്രേസ് മാർക്ക് അവാർഡഡ്' എന്ന് രേഖപ്പെടുത്തുന്നതായിരുന്നു രീതി. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണിത്. ഗ്രേസ് മാര്‍ക്കിലൂടെ ലഭിക്കുന്ന പരമാവധി സ്കോര്‍ 90 ശതമാനമായി നിജപ്പെടുത്തി.
മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരക്കടലാസുകള്‍ ക്യാമ്പുകളില്‍ സൂക്ഷിക്കുന്നതിന്റെ കാലാവധി രണ്ടു വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.