അതിരപ്പിള്ളിയിൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനം പുഴയോരത്ത്
text_fieldsഅതിരപ്പിള്ളി: അതിരപ്പിള്ളി പഞ്ചായത്തിലെ വിദ്യാർഥികളുടെ പഠനം പുഴയോരത്തെ പാറക്കെട്ടിൽ. വെറ്റിലപ്പാറ 14ൽ പോസ്റ്റ് ഓഫിസിന് സമീപത്തെ വീടുകളിലെ വിദ്യാർഥികളുടെ പഠനമാണ് പുഴയോരത്താക്കിയത്. ഇവിടെ വീടുകളിൽ ഒരിടത്തും ഫോൺ റേഞ്ച് ലഭ്യമല്ലാത്തതിനാലാണ് ഓൺലൈൻ പഠനം പുഴയുടെ തീരത്തെ പാറക്കൂട്ടങ്ങളുടെ മുകളിലേക്ക് മാറ്റിയത്. ഓൺലൈൻ പഠനത്തിെൻറ ഭാഗമായി വിദ്യാർഥികൾക്ക് സ്കൂളിലെ അധ്യാപകരും മറ്റും അയയ്ക്കുന്ന നോട്ടുകളും മറ്റും കിട്ടാൻ വിഷമമായതോടെയാണ് റേഞ്ച് കിട്ടുന്ന സ്ഥലം തേടി ഇവർ യാത്രയായത്.
രാവിലെ മൊബൈൽ ഫോണും ഭക്ഷണവും വെള്ളവും പുസ്തകങ്ങളുമായി വിദ്യാർഥികളും രക്ഷിതാക്കളും പുഴയുടെ തീരത്തെ പാറക്കൂട്ടങ്ങളിൽ എത്തും. എന്നാൽ, മഴ പെയ്താൽ പഠനം ഉപേക്ഷിക്കേണ്ടതായി വരും. കനത്ത കാലവർഷം വന്നാൽ വെള്ളം പുഴയുടെ തീരത്തേക്ക് കയറി കുട്ടികൾ പഠിക്കുന്ന സ്ഥലം മുഴുവനും വെള്ളത്തിനടിയിൽ ആകും. മാത്രവുമല്ല എപ്പോഴാണ് ഡാമുകൾ തുറന്നുവിടുന്നത് എന്നറിയുകയുമില്ല. പുഴയുടെ തീരത്തെ പഠനം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ജീവന് തന്നെ ഭീഷണി ഉയർത്തുന്നതാണ്.
മഴ കനത്താൽ ഓൺലൈൻ പഠനം സ്ഥിരമായി മുടങ്ങുകയും വിദ്യാർഥികളുടെ ഭാവിതന്നെ വെള്ളത്തിൽ ആകുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. വെറ്റിലപ്പാറ 14 ഭാഗത്തെ വിദ്യാർഥിക്ക് ഭയം ഇല്ലാതെ വീടുകളിൽ ഇരുന്ന് ഓൺലൈൻ വഴി പഠിക്കുന്നതിനുള്ള നെറ്റ്വർക്കും ഇൻറർനെറ്റും സർക്കാർ ഉടൻ സാധ്യമാക്കണമെന്നതാണ് നാട്ടുകാരുടെയും വിദ്യാർഥികളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.