ഗതാഗത വകുപ്പ് തയാറാക്കിയ പുസ്തകം വിദ്യാഭ്യാസ വകുപ്പന് കൈമാറി: റോഡ് സുരക്ഷ പാഠങ്ങൾ പാഠ്യപദ്ധതിയിലേക്ക്
text_fieldsതിരുവനന്തപുരം: റോഡ് സുരക്ഷ പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതോടെ ഹയർ സെക്കൻഡറി പാസാകുന്ന വിദ്യാർഥികൾക്ക് ലേണേഴ്സ് ലൈസൻസ് എടുക്കാതെ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാനുള്ള നടപടികളുമായി മോട്ടോർ വാഹനവകുപ്പ്.
വിദ്യാർഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ചും റോഡ് മര്യാദകളെക്കുറിച്ചും അവബോധം വളർത്താൻ മോട്ടോർ വാഹന വകുപ്പ് തയാറാക്കിയ 'റോഡ് സുരക്ഷ' പുസ്തകം ഗതാഗതമന്ത്രി ആന്റണി രാജു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറി. ഗതാഗത സുരക്ഷ നിയമങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രിമാർ പറഞ്ഞു.
മലയാളത്തിലും ഇംഗ്ലീഷിലും പുറത്തിറക്കുന്ന പുസ്തകം ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പഠനത്തിനായാണ് തയാറാക്കിയത്. ലേണേഴ്സില്ലാതെ ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാനാകണമെങ്കിൽ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരണം. ഇതിനുള്ള നടപടികൾ ഗതാഗത വകുപ്പ് കൈക്കൊള്ളുമെന്ന് ചടങ്ങിൽ മന്ത്രി ആന്റണി രാജു പറഞ്ഞു. അധ്യാപകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകാൻ വകുപ്പ് തയാറാണെന്നും മന്ത്രി പറഞ്ഞു.
ഹയർ സെക്കൻഡറി തലത്തിൽ റോഡ് സുരക്ഷയെയും നിയമവശങ്ങളെയും കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കാൻ മോട്ടോർ വാഹന വകുപ്പ് തയാറാക്കിയ പുസ്തകത്തിൽനിന്നുള്ള ഭാഗങ്ങൾ പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്ന ഘട്ടത്തിൽ കരിക്കുലം കമ്മിറ്റി പരിശോധിച്ച് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തും. റോഡ് മര്യാദകൾ, അപകടങ്ങൾ, ദുരന്ത സാധ്യതകൾ, വാഹനങ്ങൾ, റോഡുകൾ, റോഡ് ഉപയോക്താക്കളുടെ സ്വഭാവ സവിശേഷതകൾ, റോഡ് മാർക്കിങ്ങുകൾ, റോഡ് സൈനുകൾ, സുരക്ഷ സംവിധാനങ്ങളും ശരിയായ ഉപയോഗവും, അപകടകരവും അശ്രദ്ധവുമായ ഡ്രൈവിങ് രീതികൾ, കുട്ടികൾ വാഹനം ഓടിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ദുരന്ത സാധ്യതൾ തുടങ്ങിയവ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ട്രാൻസ്പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ, അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ പി.എസ്. പ്രമോജ് ശങ്കർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.