തോറ്റത് അന്ധത; സഫ്നാസിന് ഒന്നാം റാങ്ക്
text_fieldsശ്രീകണ്ഠപുരം: കാഴ്ചയുള്ളവരുടെ കൂട്ടത്തിലിരുന്ന് അന്ധതയോടും ജീവിത ദുരിതങ്ങളോടും പടവെട്ടിയ സഫ്നാസ് സ്വന്തമാക്കിയത് ഒന്നാം റാങ്ക്. കണ്ണൂർ സർവകലാശാല ബി.എ ചരിത്രം പരീക്ഷയിലാണ് തളിപ്പറമ്പ് സർ സയ്യിദ് കോളജ് വിദ്യാർഥിനി കുറുമാത്തൂരിലെ ഫാത്തിമത്തുൽ സഫ്നാസ് ഒന്നാം റാങ്ക് നേടിയത്. ഇതിന്റെ ആഹ്ലാദത്തിലാണ് കുടുംബം. വലതുകണ്ണിന് ജന്മനാ ഒട്ടും കാഴ്ച്ചയില്ല. ഇടതുകണ്ണിന് നാമമാത്ര കാഴ്ച്ച മാത്രം.
അകക്കണ്ണിന്റെ വെളിച്ചത്തിലാണ് പഠനം. സങ്കടക്കടലിരമ്പമുള്ള ജീവിതത്തിൽ നിന്ന് മികച്ച വിജയത്തോടൊപ്പം ഒട്ടേറെ കഥകളും കവിതകളും ഇതിനോടകം ഫാത്തിമത്തുൽ സഫ്നാസ് എഴുതിവെച്ചു.
അനുഭവത്തിന്റെ തീച്ചൂളയിൽ വളർന്നതിനാലാവാം ‘മധുരിക്കുന്ന ഉപ്പ്’ എന്ന പേരിലാണ് ആദ്യ കവിത സമാഹാരം പുറത്തിറക്കിയത്. രണ്ടാമത്തെ രചനയും ഉടൻ പുറത്തു വരാനിരിക്കുകയാണ്. മറ്റൊരാളുടെ സഹായത്തോടെയാണ് സഫ്നാസ് പരീക്ഷ എഴുതിയത്. അധ്യാപകരും സഹപാഠികളും എല്ലാ സഹായവുമായി രംഗത്തുണ്ടായിരുന്നു.
തിരൂർ തുഞ്ചത്തെഴുച്ചൻ മലയാള സർവകലാശാലയിൽ ബിരുദാനന്തര പഠനം നടത്താനാണ് ആഗ്രഹമെന്ന് സഫ്നാസ് മാധ്യമത്തോട് പറഞ്ഞു. നിലവിൽ കോയമ്പത്തൂരിൽ നേത്രചികിത്സ നടത്തുകയാണ് ഈ വിദ്യാർഥിനി. ചികിത്സക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി തുടർ പഠനത്തെ ബാധിക്കുമോയെന്ന ആശങ്ക ഈ കുടുംബത്തിനുണ്ട്. കുറുമാത്തൂർ കടവ് അങ്കണവാടിക്കടുത്ത സ്ക്രാപ് വ്യാപാരി പി.പി. അബൂബക്കറിന്റെയും സി. അഫ്സത്തിന്റെയും മകളാണ്. ഒമ്പതാം തരം വിദ്യാർഥിനി സഫയാണ് സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.