ഇനി 10–ാം ക്ലാസ് പ്രവേശനത്തിന് ഒൻപതാം ക്ലാസിൽ സേ പരീക്ഷ...
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇനി 10–ാം ക്ലാസ് പ്രവേശനത്തിന് ഒൻപതാം ക്ലാസിൽ ‘സേവ് എ ഇയർ’(സേ) പരീക്ഷ നടത്തും. ഒൻപതാം ക്ലാസിലെ വാർഷിക പരീക്ഷയിൽ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി,ഇ) നേടിയ വിദ്യാർഥികൾക്കാണ് അവധിക്കാലത്ത് വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സ്കൂൾ തലത്തിൽ ചോദ്യപ്പേപ്പർ തയാറാക്കി സേ പരീക്ഷ നടത്തി അർഹരായവർക്കു സ്ഥാനക്കയറ്റം നൽകണമെന്നാണു പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശിച്ചിരിക്കുന്നത്. മേയ് 10നു മുൻപ് ഈ പരീക്ഷ ഹൈസ്കൂളുകളിൽ നടത്തണം. നിലവിൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് വാർഷിക പരീക്ഷയിലെ നിലവാരം മാനദണ്ഡമാക്കാതെ തന്നെ അടുത്ത ക്ലാസിലേക്കു പ്രവേശനം അനുവദിക്കുകയാണുണ്ടായത്.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും അടുത്ത ക്ലാസിലേക്ക് പ്രവേശനം നൽകുന്ന രീതി തുടരും. എന്നാൽ, അതിനായി വാർഷിക പരീക്ഷ എഴുതിയിരിക്കണം. ആരോഗ്യ പ്രശ്നങ്ങൾ മൂലവും മറ്റു കാരണങ്ങളാലും വാർഷിക പരീക്ഷ എഴുതാൻ കഴിയാത്ത എട്ടാം ക്ലാസ് വരെയുള്ളവർക്കായി സ്കൂൾ തലത്തിൽ ചോദ്യപ്പേപ്പർ തയാറാക്കി വീണ്ടും പരീക്ഷ നടത്തുകയാണ് ചെയ്യുന്നത്. വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റ പട്ടിക മേയ് രണ്ടിന് പ്രസിദ്ധീകരിക്കണം. പൊതു വിദ്യാലയങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.
ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളിൽ വാർഷിക പരീക്ഷയിൽ മോശം പ്രകടനം നടത്തുന്നവർ അടുത്ത ക്ലാസിലേക്കു കടക്കും മുൻപ് വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കണമെന്നു വാർഷിക മൂല്യനിർണയത്തിന്റെ തുടർ പ്രവർത്തനം സംബന്ധിച്ച് എസ്.സി.ഇ.ആർ.ടി പുറത്തിറക്കിയ കരട് രേഖയിൽ നിർദേശിച്ചിരുന്നു. ഇതിനായി അവധിക്കാലത്ത് പഠന പിന്തുണ പദ്ധതി നടപ്പാക്കണമെന്നും നിർദേശമുണ്ട്. ഇതിന്റെ തുടക്കമായാണ് 9–ാം ക്ലാസിൽ ഇത്തവണ സേ പരീക്ഷ നടത്തുന്നത്. അടുത്ത അധ്യയന വർഷം മുഴുവൻ ക്ലാസിലും ഈ പദ്ധതി നടപ്പാക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.