കലാവിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍
text_fieldsതൃശൂർ: കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന 2020-21 ലെ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂനിവേഴ്സിറ്റികളിലും ചിത്രകല/ശില്‍പകല/ഗ്രാഫിക്സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ./എം.വി.എ., ബി.എഫ്.എ./ബി.വി.എ. കോഴ്സുകള്‍ക്ക് പഠിക്കുന്ന കേരളീയരായ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്.
എം.എഫ്.എ./എം.വി.എ.യ്ക്ക് 12,000 രൂപ വീതം 6 വിദ്യാര്‍ഥികള്‍ക്കും, ബി.എഫ്.എ./ബി.വി.എ.യ്ക്ക് 10,000 രൂപ വീതം 5 വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ്. പ്രസ്തുത കോഴ്സുകളില്‍ 2020 ജൂണില്‍ ആരംഭിച്ച അക്കാദമിക് വര്‍ഷത്തില്‍ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. സ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. തങ്ങള്‍ക്ക് മറ്റ് യാതൊരുവിധ സ്‌കോളര്‍ഷിപ്പും ലഭിക്കുന്നില്ലെന്ന് അപേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഓരോ അപേക്ഷകരും അവരുടെ കലാസൃഷ്ടികളുടെ അനുയോജ്യമായ വലുപ്പത്തിലുള്ള പത്ത് കളര്‍ ഫോട്ടോഗ്രാഫുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഈ കലാസൃഷ്ടികള്‍ യഥാര്‍ത്ഥത്തില്‍ അവരവര്‍ ചെയ്തതാണെന്ന് ചിത്രങ്ങളുടെ പുറകുവശത്ത് സ്ഥാപനമേധാവിയോ വിഭാഗത്തിന്റെ തലവനോ സാക്ഷ്യപ്പെടുത്തിയിരിക്കണം. കൂടാതെ അപേക്ഷകരുടെ കലാപ്രവര്‍ത്തനത്തെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പ് അദ്ധ്യാപകന്റെ പ്രത്യേക അഭിപ്രായവും ഉള്‍ക്കൊള്ളിച്ചിരിക്കണം.
സ്‌കോളർഷിപ്പ് നിബന്ധനകളും അപേക്ഷാ ഫോറങ്ങളും എല്ലാ കലാവിദ്യാലയങ്ങളിലും,അക്കാദമിയുടെ എല്ലാ ഗ്യാലറികളിലും അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org) ലഭിക്കുന്നതാണ്. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും തപാലില്‍ ആവശ്യമുള്ളവര്‍ 5 രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20 എന്ന വിലാസത്തില്‍ എഴുതുക. പൂരിപ്പിച്ച അപേക്ഷ അക്കാദമിയില്‍ നവംബര്‍ 16 നകം ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.