വേനൽച്ചൂടിൽ സ്കൂൾ വാർഷിക പരീക്ഷകൾക്കും തുടക്കം
text_fieldsതിരുവനന്തപുരം: കത്തുന്ന വേനൽച്ചൂടിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊതുപരീക്ഷകൾക്കൊപ്പം ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾക്കും തുടക്കമായി. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ രാവിലെയാണ് നടക്കുന്നതെങ്കിൽ വാർഷിക പരീക്ഷ ഉച്ചക്കു ശേഷം 1.30 മുതലാണ് ആരംഭിക്കുന്നത്.
താപനില അനുദിനം ഉയരുന്നതിനിടെയാണ് ഒന്നാം ക്ലാസിലെ കുട്ടികൾ ഉൾപ്പെടെ ഉച്ചക്ക് പരീക്ഷക്കായി സ്കൂളിലെത്തേണ്ടിവരുന്നത്. മറ്റു മാർഗമില്ലാത്തതിനാലാണ് ഉച്ചക്ക് പരീക്ഷ നടത്തേണ്ടിവന്നതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. പകൽ 11നും ഉച്ചക്ക് ശേഷം മൂന്നിനും ഇടയിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നിലനിൽക്കുമ്പോഴാണ് പരീക്ഷക്കായി ചെറിയ കുട്ടികൾ ഉൾപ്പെടെ പുറത്തിറങ്ങേണ്ടിവരുന്നത്.
ആദ്യം പ്രസിദ്ധീകരിച്ച ടൈംടേബിളിൽ ഏതാനും ദിവസം മുമ്പ് മാറ്റം വരുത്തിയതിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്. പല വിദ്യാർഥികളും ടൈംടേബിളിലെ മാറ്റം വൈകിയാണറിഞ്ഞത്. അധ്യാപകർക്കും കടുത്ത വേനലിലെ പരീക്ഷ ജോലി ബുദ്ധിമുട്ടായിട്ടുണ്ട്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ ഇൻവിജിലേഷൻ ഡ്യൂട്ടിക്കായി പോകുന്ന അധ്യാപകർ അതേ സ്കൂളിൽതന്നെ ഉച്ചക്കു ശേഷം വാർഷിക പരീക്ഷ ഡ്യൂട്ടിയും ചെയ്യണമെന്നാണ് നിർദേശം. മാർച്ച് 30നാണ് വാർഷിക പരീക്ഷകൾ പൂർത്തിയാകുന്നത്. 31ന് സ്കൂളുകൾ മധ്യവേനലവധിക്കായി അടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.