സ്കൂൾ-കോളജ് വിദ്യാർഥികൾക്കായി 11 സ്കോളർഷിപ്പുകൾ; ഉടൻ അപേക്ഷിക്കാം
text_fields2021-2022 അക്കാദമിക വർഷത്തിന് കോവിഡിനുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓഫ്ലൈൻ ക്ലാസുകളോടെ തുടക്കമായി. വിദ്യാർഥികളെ കാത്തിരിക്കുന്നത് നിരവധി സ്കോളർഷിപ്പുകളാണ്. ഇപ്പോൾ അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകൾ ഒറ്റനോട്ടത്തിൽ.
പ്രീമെട്രിക്
ഒന്നുമുതൽ 10 വരെ ക്ലാസുകളിലെ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ നൽകുന്നതാണ് പ്രീമെട്രിക് സ്കോളർഷിപ്. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ള പരീക്ഷയിൽ 50 ശതമാനത്തിലധികം മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാം. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകാർക്ക് വർഷം ആയിരം രൂപയും ആറുമുതൽ 10 വരെ ക്ലാസുകാർക്ക് 5000 രൂപയും ലഭിക്കും. അവസാന തീയതി ഡിസംബർ 15. www.scholarship.gov.in
ഒറ്റ പെൺകുട്ടിക്ക്
കുടുംബത്തിലെ ഏക പെൺകുട്ടിയായി ജനിച്ച് പി.ജി ആദ്യവർഷം പഠിക്കുന്നവർക്കുള്ള സ്കോളർഷിപ്. വർഷം 36,200 രൂപ ലഭിക്കും. ഓരോ വർഷവും പുതുക്കാം. 30 വയസ്സ് കവിയരുത്. അവസാന തീയതി ഡിസംബർ 15. www.scholarship.gov.in
മെറിറ്റ് കം മീൻസ്
പ്രഫഷനൽ ടെക്നിക്കൽ കോഴ്സുകൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ നേടിയ ന്യൂനപക്ഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ കവിയരുത്. മുൻവർഷ പരീക്ഷയിൽ 50 ശതമാനത്തിലധികം മാർക്ക് നേടണം. സ്കോളർഷിപ് തുക 30,000 രൂപ. അവസാന തീയതി ഡിസംബർ 15. www.scholarship.gov.in
പോസ്റ്റ് മെട്രിക്
എല്ലാ പ്ലസ് വൺ-പ്ലസ് ടു കോഴ്സുകളിലെ സംസ്ഥാന ന്യൂനപക്ഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അംഗീകൃത അൺ-എയ്ഡഡ് സ്ഥാപനങ്ങളിലെ പഠിതാക്കളെയും പരിഗണിക്കും. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കവിയരുത്. മാസംതോറും 1000 രൂപ കോഴ്സ് ഫീസ് ആയി ലഭിക്കും. പരമാവധി 15,000 രൂപ വരെ ലഭിക്കും. അവസാന തീയതി ഡിസംബർ 15. www.scholarship.gov.in
സാക്ക്ഷം
എ.ഐ.ടി.സിയുടെ അംഗീകൃത സ്ഥാപനത്തിൽ ഒന്നാം വർഷ ടെക്നിക്കൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി പഠിക്കുന്ന 40 ശതമാനത്തിൽ അധികം വൈകല്യമുള്ള വാർഷിക വരുമാനം എട്ടുലക്ഷം കവിയാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സ്കോളർഷിപ് തുക 50,000 രൂപ. അവസാന തീയതി ഡിസംബർ 15. www.scholarship.gov.in
പ്രഗതി
കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പെൺകുട്ടികളിൽ സാങ്കേതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സ്കോളർഷിപ് പദ്ധതി. എ.ഐ.സി.ടി.ഇ അംഗീകൃത സ്ഥാപനങ്ങളിൽ ഒന്നാം വർഷ ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തേക്കുള്ള പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാന പരിധി എട്ടുലക്ഷം. സ്കോളർഷിപ് തുക ഒരു വർഷം 50,000 രൂപ. അവസാന തീയതി ഡിസംബർ 15. www.scholarship.gov.in
സെൻട്രൽ സെക്ടർ
കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് മെറിറ്റ് അടിസ്ഥാനത്തിൽ ഡിഗ്രി-പി.ജി പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി എട്ടുലക്ഷം രൂപ. പ്ലസ് ടുവിന്-ഡിഗ്രിക്ക് 80 ശതമാനം മാർക്ക് നേടണം. ഡിഗ്രിക്ക് എല്ലാ വർഷവും 12,000 രൂപയും പി.ജിക്ക് 24000 രൂപയുമാണ് സ്കോളർഷിപ്. അവസാന തീയതി ഡിസംബർ 15. www.scholarship.gov.in
നിക്കോൺ
ഫോട്ടോഗ്രഫി പഠിക്കുന്നവർക്ക് നിക്കോൺ കാമറ കമ്പനി നൽകുന്ന സ്കോളർഷിപ്. പ്ലസ് ടു പാസായ ആറുലക്ഷം രൂപ കുടുംബ വരുമാന പരിധിയുള്ള എല്ലാ വിഭാഗക്കാർക്കും അപേക്ഷിക്കാം. മൂന്ന് മാസത്തെ ഹ്രസ്വകാല പഠനത്തിനും സ്കോളർഷിപ് ലഭിക്കും. പരമാവധി ഒരുലക്ഷം രൂപ ലഭിക്കും. അവസാന തീയതി: ഡിസംബർ 15.
ബീഗം ഹസ്രത്ത് മഹൽ
മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി വിഭാഗത്തിലെ പെൺകുട്ടികൾക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അനുവദിക്കുന്ന സ്കോളർഷിപ്. കുടുംബ വരുമാന പരിധി രണ്ടുലക്ഷം. മുൻവർഷ പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടണം. സ്കോളർഷിപ് തുക 6000 രൂപ. അവസാന തീയതി ഡിസംബർ 15. www.scholarship.gov.in
യൂനിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ്
ബി.എ, ബി.എസ്സി, ബി.കോം തുടങ്ങിയ പ്രഫഷനൽ കോഴ്സ് അല്ലാത്ത വിഷയങ്ങളിൽ യൂനിവേഴ്സിറ്റി തലത്തിൽ ഒന്നും രണ്ടും റാങ്ക് നേടി റഗുലറായി ഒന്നാം വർഷ പി.ജി പഠനം നടത്തുന്നവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി എട്ടുലക്ഷം രൂപ. അപേക്ഷകർ 30 വയസ്സ് കവിയരുത്. അവസാന തീയതി ഡിസംബർ 15. www.scholarship.gov.in
ചാഫലർ കോവിഡ് സഹായ നിധി
ജനുവരി 20നുശേഷം രക്ഷിതാവ് നഷ്ടപ്പെട്ട അവസാനവർഷ എൻജിനീയറിങ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ഏതെങ്കിലും സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം. 75000 രൂപയാണ് സ്കോളർഷിപ് തുക. അവസാന തീയതി ഡിസംബർ 15.
തയാറാക്കിയത്: സുലൈമാൻ ഊരകം (9446481000)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.