സ്കൂൾ വിദ്യാഭ്യാസ ഏകീകരണം: 50ലേറെ ഓഫിസുകൾ കുറഞ്ഞേക്കും
text_fieldsതിരുവനന്തപുരം: ഖാദർ കമ്മിറ്റി ശിപാർശ പ്രകാരം സ്കൂൾ വിദ്യാഭ്യാസ ഏകീകരണ നടപടികൾ വിദ്യാഭ്യാസ ഓഫിസുകളുടെ എണ്ണം 50ൽ അധികം കുറക്കാൻ വഴിയൊരുക്കം. ഇതുവഴിസർക്കാറിന് സാമ്പത്തിക ബാധ്യതയും കുറയും. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഏകീകരണ പ്രവർത്തനങ്ങൾ. ഇതിന്‍റെ ഭാഗമായി വിദ്യാഭ്യാസ ഓഫിസുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റമാണ് സാമ്പത്തിക ബാധ്യത കുറക്കാൻ വഴിയൊരുക്കുക.
നിലവിലുള്ള എ.ഇ.ഒ, ഡി.ഇ.ഒ ഓഫിസുകൾ ഇല്ലാതാകുന്ന രീതിയിലുള്ള പ്രപ്പോസലാണ് സർക്കാർ ചുമതലപ്പെടുത്തിയ പ്രത്യേക സെൽ തയാറാക്കിവരുന്നത്. പകരം ബ്ലോക്ക്, കോർപറേഷൻ തല സ്കൂൾ വിദ്യാഭ്യാസ ഓഫിസ് (എസ്.ഇ.ഒ) സംവിധാനമാണ് നിർദേശിക്കുന്നത്. സംസ്ഥാനത്താകെ 163 ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളും (എ.ഇ.ഒ), 41 വിദ്യാഭ്യാസ ജില്ല ഓഫിസുകളുമാണുള്ളത്.
ഇതിനു പുറമെ, ഹയർസെക്കൻഡറിക്ക് ഏഴ് മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകളും വി.എച്ച്.എസ്.ഇക്ക് ഏഴ് അസി. ഡയറക്ടർ ഓഫിസുകളുമുണ്ട്. ഇവയും ലയനത്തോടെ ഇല്ലാതാകും. ഇവ മൊത്തം ചേർന്ന് 218 വിദ്യാഭ്യാസ ഒാഫിസുകളാണുള്ളത്. പകരം നിർദേശിച്ചത് ബ്ലോക്ക്തല ഒാഫിസുകളാണ്. സംസ്ഥാനത്താകെ 152 േബ്ലാക്കുകളാണുള്ളത്. ഇതിനു പുറമെ, ആറ് കോർപറേഷൻ തലത്തിലും വിദ്യാഭ്യാസ ഓഫിസുകൾ നിർദേശിക്കുന്നു.
ഇതിൽ സ്കൂളുകൾ കൂടുതലുള്ള കോർപറേഷനുകളിൽ ഒന്നിലധികം ഓഫിസുകൾവേണ്ടിവരും. ഇതുകൂടി പരിഗണിച്ചാൽ 160ഓളം വിദ്യാഭ്യാസ ഓഫിസുകളാണ് സൃഷ്ടിക്കേണ്ടിവരുക. ഇതുവഴി 58ഓളം ഓഫിസുകൾ കുറക്കാൻ കഴിയും. തസ്തികകളുടെ എണ്ണവും കുറയും.എന്നാൽ, ഓഫിസുകളുടെ എണ്ണം കുറയുമ്പോഴും പകരം വരുന്ന എസ്.ഇ.ഒ ഓഫിസുകളിൽ എ.ഇ.ഒ ഓഫിസുകളെക്കാൾ തസ്തിക ആവശ്യമായി വരുമെന്നാണ് കരുതുന്നത്.
തസ്തിക നഷ്ടം കുറക്കാൻ ഇതുവഴി കഴിഞ്ഞേക്കും. അതേസമയം, 14 ജില്ലകളിലുമുള്ള വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസുകൾ ജോയൻറ് ഡയറക്ടർ ഓഫിസുകളാക്കി പരിവർത്തിപ്പിക്കാനാണ് ധാരണ. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾ കൂടി ഇതിന്‍റെ പരിധിയിലേക്ക് വരുന്നതോടെ ജോയൻറ് ഡയറക്ടർ ഓഫിസുകളിൽ കൂടുതൽ തസ്തികകൾ ആവശ്യമായിവന്നേക്കും. പഞ്ചായത്ത് തലങ്ങളിൽ വിദ്യാഭ്യാസ പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള പഞ്ചായത്ത് വിദ്യാഭ്യാസ ഓഫിസർ എന്ന തസ്തിക നിർദേശിക്കുന്നുണ്ടെങ്കിലും ഇതു വിപുലമായ ഓഫിസ് സംവിധാനത്തിന് കീഴിലാകില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.