സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം: അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാകാതെ വിദഗ്ധസമിതി
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ അവകാശനിയമത്തിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസമേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ധസമിതി അന്തിമ റിപ്പോർട്ട് നൽകാനാകാതെ പ്രതിസന്ധിയിൽ.
എസ്.സി.ഇ.ആർ.ടി മുൻ ഡയറക്ടർ ഡോ. എം.എ. ഖാദർ അധ്യക്ഷനായ സമിതി നിലവിൽവന്നിട്ട് മൂന്ന് വർഷമായിട്ടും അന്തിമ റിപ്പോർട്ട് എന്ന് നൽകുമെന്ന് മാത്രം പറയാനാകുന്നില്ല. സ്കൂൾ വിദ്യാഭ്യാസ ഘടനതന്നെ പൊളിച്ചെഴുതുന്ന ദേശീയ വിദ്യാഭ്യാസനയത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകുകയും നടപ്പാക്കുന്ന ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്തതാണ് ഖാദർ കമ്മിറ്റിയുടെ റിപ്പോർട്ടിന് വിലങ്ങുതടിയായത്.
ദേശീയനയത്തിെൻറ വെളിച്ചത്തിൽ സ്കൂൾ വിദ്യാഭ്യാസരംഗത്ത് കേന്ദ്രം കൊണ്ടുവരുന്ന മാറ്റങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നശേഷം തുടർനടപടി മതിയെന്ന ധാരണയിലാണ് സമിതി.
വിദ്യാഭ്യാസവകുപ്പിലും സ്കൂളുകളിലും ഭരണതലത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച ആദ്യഘട്ട റിപ്പോർട്ട് 2019 ജനുവരി 24ന് സർക്കാറിന് സമർപ്പിച്ചിരുന്നു. സ്കൂൾതലം മുതൽ ഡയറക്ടറേറ്റ് തലംവരെ അഴിച്ചുപണിക്ക് ശിപാർശ ചെയ്യുന്ന റിപ്പോർട്ടിലെ രണ്ട് നിർദേശങ്ങൾ മാത്രമാണ് സർക്കാർ നടപ്പാക്കിയത്.
പൊതുവിദ്യാഭ്യാസം, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ എന്നിങ്ങനെ മൂന്ന് ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഡയറക്ടറേറ്റ് ഒാഫ് ജനറൽ എജുക്കേഷൻ രൂപവത്കരിച്ചു. ഹൈസ്കൂളും ഹയർസെക്കൻഡറിയും ഒന്നിച്ച് പ്രവർത്തിക്കുന്നിടത്ത് പ്രിൻസിപ്പൽമാരെ സ്ഥാപന മേധാവിയാക്കി.
ഇത്തരം സ്കൂളുകളിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ തസ്തിക വൈസ് പ്രിൻസിപ്പൽ എന്നാക്കി. ഇതുസംബന്ധിച്ച് സ്കൂൾതലത്തിലുള്ള തർക്കങ്ങൾ ഇപ്പോഴും പരിഹരിക്കാനായിട്ടില്ല.
വിദ്യാഭ്യാസത്തിെൻറ ഉള്ളടക്കത്തിലും ബോധനരീതിയിലും ഉൾപ്പെടെ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചാണ് സമിതിയുടെ അന്തിമ റിപ്പോർട്ടിൽ ശിപാർശ സമർപ്പിക്കേണ്ടിയിരുന്നത്. പാഠ്യപദ്ധതിയിൽ ഉൾപ്പെടെ പരിഷ്കരണം കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചിരുന്നു.
എന്നാൽ, റിപ്പോർട്ട് സമർപ്പണം നീണ്ടതോടെ പദ്ധതികളെല്ലാം പാളി. സമിതിയുടെ അപേക്ഷപ്രകാരം നാലുതവണ കാലാവധി ദീർഘിപ്പിച്ചുനൽകി. ദേശീയ വിദ്യാഭ്യാസനയത്തിെൻറ പശ്ചാത്തലത്തിൽ അതിെൻറ വിശദാംശങ്ങൾകൂടി പരിശോധിക്കാൻ കാലാവധി അടുത്ത ജൂൺ 30 വരെ സർക്കാർ നീട്ടിനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.