ദേശീയ വിദ്യാഭ്യാസ നയത്തെ തള്ളി പുതിയ സ്കൂൾ ഘടന
text_fieldsതിരുവനന്തപുരം: കേരളം രൂപപ്പെടുത്തുന്ന സ്കൂൾ വിദ്യാഭ്യാസ ഘടനയിൽ ദേശീയ വിദ്യാഭ്യാസ നയത്തിന് തിരസ്കാരം. പ്രീ പ്രൈമറി വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തി 5+3+3+4 എന്ന ഘടനയാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രസർക്കാർ സ്കൂൾ വിദ്യാഭ്യാസത്തിനായി നിർദേശിച്ചത്. ഡോ.എം.എ. ഖാദർ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടും, ഇതു നടപ്പാക്കാൻ കരട് സ്പെഷൽ റൂൾസ് സഹിതം തയാറാക്കിയ വിദഗ്ധ സമിതിയും ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) മുന്നോട്ടുവെച്ച സ്കൂൾ വിദ്യാഭ്യാസ ഘടന തള്ളുകയാണ് ചെയ്തത്.
മൂന്നു വർഷത്തെ പ്രീപ്രൈമറിയും ഒന്നും രണ്ടും ക്ലാസുകളും ചേരുന്നതാണ് എൻ.ഇ.പി നിർദേശിച്ച ഘടനയിലെ ആദ്യഘട്ടം. മൂന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ചേരുന്നതാണ് രണ്ടാം ഘട്ടം. ആറു മുതൽ എട്ടു വരെ ക്ലാസുകൾ ചേരുന്നത് മൂന്നും ഒമ്പതു മുതൽ 12 വരെ ക്ലാസുകൾ നാലും ഘട്ടമാണ്.
എന്നാൽ, സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി പ്രീപ്രൈമറി വിദ്യാഭ്യാസം ഔപചാരിക വിദ്യാഭ്യാസമായി കണ്ട് സ്കൂൾ വിദ്യാഭ്യാസത്തിൽ പരിഗണിച്ചിട്ടില്ല. ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഒന്നും അഞ്ച് മുതൽ ഏഴു ക്ലാസുകൾ വരെ രണ്ടും ഘട്ടമായി നിലനിർത്തുമ്പോൾ ഹൈസ്കൂൾ വിഭാഗം പൂർണമായി നിർത്തലാക്കി എട്ടു മുതൽ 12 വരെ ക്ലാസുകൾ അടങ്ങുന്ന സെക്കൻഡറിതലം പുതുതായി രൂപപ്പെടുത്തുകയാണ് ചെയ്തത്. കേരളത്തിൽ ഉൾപ്പെടെ കേന്ദ്ര സിലബസുകൾ പിന്തുടരുന്ന സ്കൂളുകളിൽ എൻ.ഇ.പി പ്രകാരമുള്ള ഘടനയിലേക്ക് സ്കൂളുകൾ മാറേണ്ടിവരുമെന്നാണ് സൂചന.
എന്നാൽ, എൻ.ഇ.പി മുന്നോട്ടുവെക്കുന്ന ഘടന പൂർണമായും തള്ളുന്ന പരിഷ്കരണമാണ് കേരളം നടപ്പാക്കുന്നത്. എൻ.ഇ.പി മാനദണ്ഡങ്ങൾക്കനുസരിച്ച് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വകയിരുത്തിയാൽ കേരളം രൂപപ്പെടുത്തിയ പുതിയ ഘടന തിരിച്ചടിയാകുമെന്ന ആശങ്ക പുലർത്തുന്നവരുമുണ്ട്.
എന്നാൽ, നേരത്തേ കേന്ദ്രം നിർദേശിച്ച മാതൃകയിൽ അഞ്ചാം ക്ലാസ് എൽ.പിയോടും എട്ടാം ക്ലാസ് യു.പി വിഭാഗത്തോടും ചേർക്കാതെയും സ്കൂൾ പ്രവേശന പ്രായത്തിൽ മാറ്റം വരുത്താതെയുമാണ് കേരളം മുന്നോട്ടുപോയത്. അതിനാൽ ഇപ്പോൾ രൂപപ്പെടുത്തിയ ഘടനയിലും പ്രതിസന്ധിയുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം. ഉച്ചഭക്ഷണം, സൗജന്യ പാഠപുസ്തകം, സൗജന്യ യൂനിഫോം തുടങ്ങിയ പദ്ധതികളിലെല്ലാം 60 ശതമാനം വിഹിതം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. സമഗ്രശിക്ഷ വഴി പ്രതിവർഷം നടപ്പാക്കുന്ന 400ൽ പരം കോടി രൂപയുടെ വിദ്യാഭ്യാസ പദ്ധതികളും കേന്ദ്ര-സംസ്ഥാന പദ്ധതികളാണ്.
അതേസമയം, എൻ.ഇ.പിയിൽ കേന്ദ്രം നിർദേശിച്ച നാലു വർഷ ബിരുദ കോഴ്സുകൾ മാറ്റങ്ങളോടെ കേരളം അടുത്ത വർഷം നടപ്പാക്കുന്നുണ്ട്. എൻ.ഇ.പി നിർദേശിക്കുന്ന നാലു വർഷ ബിരുദ കോഴ്സിൽ ഓരോ വർഷവും കുട്ടിക്ക് പഠനം പൂർത്തിയാക്കി പോകാനും തിരിച്ചുവരാനും (മൾട്ടി എൻട്രി/ എക്സിറ്റ്) അവസരമുണ്ട്. കേരളത്തിൽ ഇതു മൂന്നു വർഷം കഴിയുമ്പോൾ മാത്രമാണ് എക്സിറ്റ് സൗകര്യമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.