സ്കൂളുകൾ ഉടനെ തുറക്കില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലും തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേന്ദ്രവും സ്കൂളുകൾ തുറക്കാൻ പറഞ്ഞിട്ടില്ല. ഒാഡിറ്റോറിയങ്ങൾ വ്യവസ്ഥകളോടെ തുറക്കാൻ അനുവദിക്കും. അന്തർസംസ്ഥാന തൊഴിലാളികളെ വരാൻ അനുവദിക്കുമെങ്കിലും ആരോഗ്യസുരക്ഷ മാനദണ്ഡം ഉറപ്പാക്കും. കരാറുകാർക്കാണ് ചുമതല. തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വടക്കൻ ജില്ലകളിൽ നടത്തിയ ജനിതകപഠനത്തിൽ പകർച്ച വളരെ കൂടിയ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രോഗവ്യാപനസാധ്യത കൂടുതലായതിനാൽ പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കണം. അവരിലേക്ക് രോഗം പകർന്നാൽ മരണനിരക്ക് കൂടിയേക്കും. ജനിതക പഠനം ബാക്കി ജില്ലകളിലേക്കും വ്യാപിപ്പിക്കും. പൊതുഗതാഗതം വരുന്ന ദിവസങ്ങളിൽ സജീവമാവുകയും അടച്ചിട്ട സ്ഥാപനങ്ങൾ തുറക്കുകയും ചെയ്യുന്നതോടെ രോഗവ്യാപനം രൂക്ഷമാകും.
ടെസ്റ്റുകളുടെ എണ്ണം ദിവസം അരലക്ഷമായി ഉയർത്തും. രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഹ്രസ്വസന്ദർശനത്തിന് കൂടുതൽ ആളുകൾ സംസ്ഥാനത്ത് വരുന്നത്. കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളെ ജനകീയആരോഗ്യ പരിപാലന കേന്ദ്രങ്ങളാക്കി മാറ്റും. മൂന്ന് ഘട്ടങ്ങളിലായി ആകെ 1391 സി.എഫ്.എൽ.ടി.സികളും 1,28,055 കിടക്കകളുമാണ് സജ്ജമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.