വിദ്യാലയങ്ങളിൽ തലയെണ്ണൽ കഴിഞ്ഞു; ഇനി കുട്ടികൾ അപ്രത്യക്ഷമാകും കാലം
text_fieldsവെള്ളമുണ്ട: ആറാം പ്രവൃത്തിദിനത്തിലെ തലയെണ്ണൽ കഴിഞ്ഞതോടെ വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ അപ്രത്യക്ഷമായി തുടങ്ങി. പല വിദ്യാലയങ്ങളിലും ഈ ദിവസം മാത്രം ക്ലാസിൽ കാണുന്ന വിദ്യാർഥികളുണ്ട്. ആറാം പ്രവൃത്തി ദിനത്തിന്റെ അന്ന് മാത്രം സ്കൂളിൽ എത്തുന്ന കുട്ടികളുടെ കണക്കാണ് ചില അധ്യാപക തസ്തിക നിലനിർത്തുന്നത്. പുതിയ ഡിവിഷനുണ്ടാക്കുന്നതിനും നിയമനം ഉറപ്പാക്കുന്നതിനും ഈ ഒരൊറ്റ ദിവസത്തെ കണക്ക് മാത്രംമതി എന്ന ചട്ടമാണ് ക്രമക്കേടിന് വഴിവെക്കുന്നത്.
നേരത്തേ, ആറാം പ്രവൃത്തി ദിനം വിദ്യാലയങ്ങളിലെത്തി കുട്ടികളുടെ തലയെണ്ണുകയായിരുന്നു. എല്ലാ വിദ്യാലയത്തിലും ഒരേ സമയത്ത് നടക്കുന്ന തലയെണ്ണൽ ഓൺലൈനിലേക്ക് മാറിയതോടെയാണ് കുട്ടികളുടെ എണ്ണത്തിൽ കണക്ക് തെറ്റുന്നത്.
ആറാം പ്രവൃത്തി ദിവസം വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റായ സമ്പൂർണയിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികളെ കണക്കിൽപ്പെടുത്തുകയും അടുത്ത ദിവസങ്ങളിൽ ടി.സി നൽകി പറഞ്ഞയക്കുകയും ചെയ്താണ് പല വിദ്യാലയങ്ങളും ഡിവിഷൻ നിലനിർത്തുന്നതെന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടി ഉണ്ടാവുന്നില്ല.
സ്വകാര്യ വിദ്യാലയങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾ വരെ ആറാം പ്രവൃത്തി ദിനത്തിൽ സമ്പൂർണയുടെ കണക്കിൽപ്പെടുത്തി എണ്ണം വർധിപ്പിക്കുന്ന രീതി മുൻവർഷങ്ങളിൽ വിവാദമായിരുന്നു. പല എയ്ഡഡ് വിദ്യാലയങ്ങളിലും ഇല്ലാത്ത കുട്ടികളുടെ കണക്ക് കാണിച്ചാണ് ഡിവിഷൻ രൂപവത്കരിക്കുന്നതെന്ന പരാതിയും ഉയർന്നിരുന്നു.
മുൻവർഷങ്ങളിൽ സൂപ്പർ ചെക് സെൽ നടത്തിയ പരിശോധനയിൽ ഇത് കണ്ടെത്തുകയും വലിയ പിഴ വിധിക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു. കഴിഞ്ഞ വർഷം വയനാട്ടിലെ എടവക പഞ്ചായത്തിലെ ഒരു വിദ്യാലയത്തിൽ നടന്ന ക്രമക്കേട് അന്വേഷണ സംഘം കണ്ടെത്തുകയും പിഴ വിധിക്കുകയും ചെയ്തിരുന്നു.
25 ലക്ഷം രൂപ വരെ പിഴ വിധിച്ച മറ്റ് സംഭവങ്ങളും മുൻ വർഷമുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ഉയർന്നതോടെ നിലവിൽ പഴുതടച്ച പ്രവർത്തനമാണ് പല സ്ഥലങ്ങളിലും നടക്കുന്നത്. വയനാട്ടിൽ ഇത്തരത്തിൽ നടന്ന ക്രമക്കേട് വിവാദമായതോടെ വകുപ്പുതല അന്വേഷണം നടന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
ഒരു എയ്ഡഡ് വിദ്യാലയത്തിലെ നിയമനം ഉറപ്പിക്കുന്നതിന് സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികളെ രാത്രി സമയങ്ങളിലടക്കം മാറ്റിയത് കഴിഞ്ഞ വർഷം ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
വിദ്യാലയങ്ങൾ തമ്മിൽ രേഖകൾ കൊണ്ട് മാത്രം വിദ്യാർഥികളെ കൈമാറുന്ന രീതിയും നിലവിലുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. എയ്ഡഡ് വിദ്യാലയങ്ങളിൽ അധികമുള്ള കുട്ടികളെ മറ്റു എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് കണക്കൊപ്പിക്കുന്നതിന് മാത്രം ചേർക്കുന്നതും പിന്നീട് ടി.സി നൽകി തിരികെ പറഞ്ഞയക്കുന്നതും നിരവധിയാണ്.
വിദ്യാലയങ്ങളിൽ ഇത്തരം ക്രമക്കേടുകൾ വ്യാപകമാണെങ്കിലും അന്വേഷണം പ്രഹസനമാവുകയാണ് പതിവ്. അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ യഥാർഥ രേഖകൾ ഒരു വകുപ്പിനു കീഴിൽ കൊണ്ടുവരുകയും ആറാം പ്രവൃത്തി ദിനം എന്ന ഒരു ദിവസത്തെ കണക്ക് ഒഴിവാക്കി സ്ഥിരം പരിശോധനക്ക് സംവിധാനം ഉണ്ടാവുകയും ചെയ്താൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകുകയുളളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.