സ്കൂളുകൾ നാളെ പൂർണമായും തുറക്കും; യൂനിഫോം നിർബന്ധമല്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തിങ്കളാഴ്ച മുതൽ പൂർണമായും തുറക്കും. ഇതിന്റെ ഭാഗമായ സ്കൂൾ ശുചീകരണ യജ്ഞത്തിന് തുടക്കമായി. ശനി, ഞായർ ദിവസങ്ങളിലാണ് ഈ യജ്ഞം. ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
ശുചീകരണ-അണുനശീകരണ പ്രവർത്തനങ്ങളിൽ സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 47 ലക്ഷം വിദ്യാർഥികളും ലക്ഷത്തിൽപരം അധ്യാപകരും മറ്റന്നാൾ മുതൽ സ്കൂളുകളിൽ എത്തും. ഉത്കണ്ഠ ആവശ്യമില്ല, എല്ലാ സജ്ജീകരണവും പൂർത്തിയായി. യൂനിഫോമിൽ കടുംപിടിത്തമില്ല. ഹാജറും നിർബന്ധമാക്കില്ല. പാഠഭാഗങ്ങൾ പൂർത്തീകരിക്കുക അധ്യാപകരുടെ ചുമതലയാണ്. അധ്യാപക സംഘടനകളുടെ യോഗത്തിൽ ഇതിനായി അശ്രാന്ത പരിശ്രമം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് സ്കൂളിലേക്ക് എത്താൻ യാത്രാസൗകര്യം ഒരുക്കും. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ തിങ്കളാഴ്ച മുതൽ വൈകീട്ട് വരെ പൂർണതോതിൽ അധ്യയനം ഉണ്ടായിരിക്കും. എതിർത്ത അധ്യാപക സംഘടനകളെ അനുനയിപ്പിച്ചാണ് സ്കൂളുകൾ പൂർണതോതിൽ തുറക്കുന്നതുമായി സർക്കാർ മുന്നോട്ടുപോവുന്നത്. ഒന്ന് മുതൽ ഒമ്പതുവരെ ക്ലാസുകളുടെ പാഠഭാഗങ്ങൾ മാർച്ചിൽ തീർത്ത് വാർഷിക പരീക്ഷ ഏപ്രിലിൽ നടത്താനാണ് തീരുമാനം. ഭിന്നശേഷിക്കാരടക്കം സ്കൂളിലെത്താൻ കഴിയാത്തവർക്കായി ഡിജിറ്റൽ- ഓൺലൈൻ ക്ലാസ് തുടരും.
പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഫെബ്രുവരി 28ന് മുമ്പ് പാഠഭാഗം തീർക്കാനാണ് കർശന നിർദേശം. അധ്യാപകർ പാഠഭാഗങ്ങൾ തീർത്തതിന്റെ റിപ്പോർട്ട് എല്ലാ ശനിയാഴ്ചയും നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.