സ്കൂളുകൾ ഒരുങ്ങുന്നു; പുതിയ അധ്യയനത്തിലേക്ക്
text_fieldsകോട്ടയം: പുതിയ അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നിന് നടക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ കുട്ടികളെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ജില്ലയിലെ സ്കൂളുകൾ. ഇതിന് മുന്നോടിയായി, സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കാനായി അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. പണികൾ പൂർത്തീകരിച്ച് ഈ ആഴ്ച തന്നെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകുമെന്ന് ഡി.ഡി.ഇ സുബിൻ പോൾ പറഞ്ഞു.
അടുത്തദിവസങ്ങളിൽ സ്കൂളും പരിസരവും വൃത്തിയാക്കൽ ആരംഭിക്കും. പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിങ്സ് എന്നിവ മാറ്റും. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനൊപ്പം ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ ചെയ്യും. സ്കൂൾബസുകളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തും. കുട്ടികളെ കൊണ്ടുവരുന്ന സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവർമാരുടെ പേരും ലൈസൻസ് നമ്പറും സ്കൂളുകളിൽ നൽകണമെന്നും അധികൃതർ അറിയിച്ചു.
അധ്യാപക പരിശീലനം ആരംഭിച്ചു
ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ 7500 ഓളം എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപകരുടെ പരിശീലനം ആരംഭിച്ചു. 18 വരെയാണ് ആദ്യഘട്ട പരിശീലനം. 20 മുതൽ 24 വരെ രണ്ടാംഘട്ട പരിശീലനവും നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ വിദ്യാകിരണം, ഡയറ്റ്, കൈറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശീലനം. ജില്ലതല റിസോഴ്സ് ഗ്രൂപ്പ് പരിശീലനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ബേക്കർ എച്ച്.എസ്.എസ്, സി.എം.എസ് കോളജ് എച്ച്.എസ്.എസ്, കിടങ്ങൂർ സെന്റ് മേരീസ് എന്നിവിടങ്ങളിലാണ് എൽ.പി, യു.പി അധ്യാപകർക്കുള്ള പരിശീലനം. ഹൈസ്കൂൾ അധ്യാപകർക്ക് സോണൽ അടിസ്ഥാനത്തിലാണ് പരിശീലനം.
പാഠപുസ്തകം നേരത്തേയെത്തി
അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം മാർച്ചിൽ തന്നെ ആരംഭിച്ചതിനാൽ തയാറെടുപ്പുകൾ നേരത്തെ തുടങ്ങാൻ വിദ്യാർഥികൾക്കും അധ്യാപകർക്കും സാധിച്ചു. ജില്ലയിലെ 910 സ്കൂളുകളിലേക്കുള്ള 6.25 ലക്ഷം പാഠപുസ്തകങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്. രണ്ട്, നാല്, ആറ്, എട്ട് 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ നൽകിയത്. രണ്ടാംഘട്ടത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. ഇതിന്റെ വിതരണം അവസാനഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.