അംഗൻവാടികൾ വീണ്ടും സജീവമായി; നൂറുപ്രശ്നങ്ങളുമായി സ്കൂളുകൾ
text_fieldsപത്തനംതിട്ട: കുഞ്ഞുങ്ങളുടെ കളിചിരികളാലും കുസൃതികളാലും അംഗൻവാടികൾ വീണ്ടും സജീവമായി. രണ്ടുവർഷത്തെ ഇടവേളക്കുശേഷം അംഗൻവാടികൾ തുറന്ന് പ്രവർത്തനമാരംഭിച്ചു. കോവിഡ് വ്യാപനം ആരംഭിച്ചശേഷം ഇതുവരെയും അംഗൻവാടികൾ അടച്ചിട്ടിരിക്കുകയായിരുന്നു.
സാമൂഹികക്ഷേമ വകുപ്പിന് കീഴിൽ ജില്ലയിൽ 1389 അംഗൻവാടികളാണ് നിലവിലുള്ളത്. പത്തനംതിട്ട നഗരസഭയിൽ 33 അംഗൻവാടികളുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അംഗൻവാടികളെ നിയന്ത്രിക്കുന്നത്. പുതിയ സ്കൂൾ വർഷമാകാൻ ഇനി മൂന്നുമാസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും അത്രയും ദിവസങ്ങളിൽ കുഞ്ഞുങ്ങൾ അംഗൻവാടികളിൽ പോകട്ടെയെന്നാണ് രക്ഷാകർത്താക്കളും തീരുമാനിച്ചത്. സ്കൂളുകൾക്കൊപ്പം അംഗൻവാടികളും ഇതോടെ സജീവമായി.
കോവിഡ്കാലത്ത് കിളിക്കൊഞ്ചൽ എന്ന പേരിൽ ഓൺലൈൻ ക്ലാസ് നടന്നിരുന്നു. ഉച്ചക്ക് 12.30 വരെ മാത്രമേ ഇപ്പോൾ പ്രവർത്തനമുള്ളൂ. ഉച്ചക്കുള്ള ഭക്ഷണസാധനങ്ങൾ വീട്ടിലേക്ക് കൊടുത്തുവിടുകയാണ്.
സാമൂഹിക അകലം പാലിച്ചാണ് കുട്ടികളെ ക്ലാസിൽ ഇരുത്തുന്നത്. പത്തനംതിട്ട നഗരസഭ പ്രദേശത്തെ എല്ലാ അംഗൻവാടികളും തിങ്കളാഴ്ച തുറന്നു. കുഞ്ഞുങ്ങൾക്ക് മാസ്ക്കും സാനിറ്റൈസറും റോസപ്പൂവും മിഠായിയും ഒരുക്കി കുഞ്ഞുങ്ങളെ ആഘോഷപൂർവമാണ് സ്വീകരിച്ചത്. മന്ത്രി വീണ ജോർജ് നഗരസഭ 14ാം വാർഡിൽ അറബിക് കോളജ് റോഡിൽ 92ാം നമ്പർ അംഗൻവാടി സന്ദർശിച്ചു. മന്ത്രിയുടെ കുടുംബവീടിന് സമീപത്തെ അംഗൻവാടിയാണിത്. കുട്ടികൾക്ക് മധുരവിതരണവും നടന്നു.
കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമായെങ്കിലും അതി ജാഗ്രതയോടെയാണ് സ്കൂളുകള് തുറന്നത്. കോവിഡിൽ ഒന്നര വർഷത്തെ പൂട്ടിയിടലിനുശേഷം കഴിഞ്ഞ നവംബറിലായിരുന്നു ക്ലാസ് തുടങ്ങിയത്. മികച്ച രീതിയിൽ ക്ലാസ് മുന്നേറുമ്പോഴാണ് മൂന്നാം തരംഗം ആഞ്ഞടിച്ചത്. തുടർന്നാണ് ജനുവരി അവസാന വാരം സ്കൂൾ അടച്ചത്. ആദ്യ ആഴ്ച ഉച്ചവരെ മാത്രമായിരിക്കും ക്ലാസുകള്. 21 മുതൽ വൈകീട്ട് വരെ ക്ലാസുകൾ ഉണ്ടാകും. പാഠഭാഗങ്ങൾ വേഗത്തിൽ പഠിപ്പിച്ച് തീർക്കേണ്ടതിനാൽ ശനിയാഴ്ചയും ക്ലാസുണ്ടാകും. ഈ മാസം 28 നുമുമ്പ് മുഴുവൻ പാഠഭാഗങ്ങളും പഠിപ്പിച്ചുതീർത്ത് റിവിഷൻ നടത്താനാണ് നിർദേശം. മാർച്ച് 16ന് എസ്.എസ്. എൽ.സി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകളും ആരംഭിക്കും.
നൂറുപ്രശ്നങ്ങളുമായി സ്കൂളുകൾ
അധ്യയനം പൂർണതോതിൽ പുനരാരംഭിക്കുമ്പോൾ ആശങ്കയൊഴിയാതെ അധ്യയനമേഖല. അടുത്തയാഴ്ച മുതൽ 10, 11, 12 ക്ലാസുകൾക്കൊപ്പം ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളും മുഴുവൻ കുട്ടികളുമായി പുനരാരംഭിക്കുമ്പോൾ ഭൗതികസാഹചര്യം, രോഗപ്പകർച്ച ആശങ്കകളിലാണ് വിദ്യാലയ മേധാവികൾ.
നിർമാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും പൂർത്തിയാകാത്ത വിദ്യാലയങ്ങൾ ജില്ലയിൽ ഏറെയാണ്. നവംബറിൽ അധ്യയനം ആരംഭിക്കുമ്പോൾ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച കെട്ടിടങ്ങൾ ഫെബ്രുവരി പകുതി പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല. കടുത്ത വേനലിൽ ശുദ്ധജലക്ഷാമം രൂക്ഷമായ വിദ്യാലയങ്ങളുമുണ്ട്. തുടർച്ചയായ അഞ്ച് അധ്യയന ദിനങ്ങൾക്കുശേഷം ശനിയാഴ്ചകൂടി പഠിപ്പിക്കണമെന്ന നിർദേശം അധ്യാപകർക്കിടയിൽ കടുത്ത പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
നല്ലൊരു ശതമാനം അധ്യാപകരും പോസ്റ്റ്കോവിഡ് ശാരീരിക വിഷമത്തിലാണ്. കുട്ടികൾ വിദ്യാലയത്തിൽ വരാത്ത കഴിഞ്ഞ രണ്ടാഴ്ചയിലും സ്കൂളിൽ വന്നിരുന്നവരാണിവർ. എൽ.പി, യു.പി വിദ്യാർഥികൾക്ക് സ്വന്തമായി ഫോണില്ലാത്തതിനാൽ രക്ഷിതാക്കൾ ജോലികഴിഞ്ഞ് വരുന്ന വൈകുന്നേരങ്ങളിൽ മാത്രമേ ഓൺലൈൻ ക്ലാസുകൾ എടുക്കാൻ സാധിച്ചിരുന്നുള്ളൂ. പകലും രാവും അധ്യയന നടപടികൾ നടത്തുന്നവരാണ് അധ്യാപകർ. കുറഞ്ഞ സമയംകൊണ്ട് പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കുക എന്നതും ഇനി അധ്യാപകരെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.