തമിഴ്നാട്ടിൽ എൻജിനീയറിങ് പഠനം തെരഞ്ഞെടുക്കുന്ന എസ്.സി/എസ്.ടി വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ്
text_fieldsചെന്നൈ: തമിഴ്നാട്ടിൽ എൻജിനീയറിങ് കോളജുകളിൽ എസ്.സി/എസ്.ടി വിദ്യാർഥികളുടെ എണ്ണത്തിൽ വൻ കുറവ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 50 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തുന്നത്.
പോസ്റ്റ് മെട്രിസ് സ്കോളർഷിപ്പ് മാനദണ്ഡം കടുപ്പിച്ചത് കാരണമാണ് വിദ്യാർഥികൾക്ക് അവസരം നഷ്ടമാകുന്നതെന്ന് ആക്ടിവിസ്റ്റുകൾ ആരോപിച്ചു. 2016-17നും 2020-21നും ഇടയിലാണ് എസ്.സി/എസ്.ടി വിദ്യാർഥികളുടെ എണ്ണത്തിൽ വൻ കുറവ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ അധീനതയിലുള്ള കോളജുകളിലെ കണക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം.
കേന്ദ്രസർക്കാറിന്‍റെ സ്കോളർഷിപ്പുകളിലൊന്നായ പോസ്റ്റ് മെട്രിക് മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ 2017 ആഗസ്റ്റ് മുതൽ കടുപ്പിച്ചതാണ് വിദ്യാർഥികളെ വലക്കാൻ കാരണം. ഇതോടെ സ്വയംഭരണ കോളജുകളിലെ സർക്കാർ, മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലെ ഫീസ് ഏകീകരിച്ചിരുന്നു. ഇതോടെ മാനേജ്മെന്റ് ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസ് ഭാഗികമായി മാത്രമാണ് തിരിച്ചുലഭിച്ചത്.
മെയിന്‍റനൻസ് അലവൻസ്, പഠനയാത്ര അലവൻസ്, ബുക്ക് അലവൻസ്, ട്യൂഷൻ ഫീസ് തുടങ്ങിയവ ഈ സ്കോളർഷിപ്പിൽ ഉൾപ്പെടും. സ്കോളർഷിപ്പ് ലഭിച്ച വിദ്യർഥികൾക്ക് 10ാം ക്ലാസിന് ശേഷം ഏതു പ്രഫഷനൽ കോഴ്സിന് ചേർന്നാലും ഫീസ് ഈ സ്കോളർഷിപ്പ് വഴി ലഭ്യമാകുമായിരുന്നു.
2012-17 കാലയളവിൽ മുഴുവൻ ട്യൂഷൻ ഫീസും തിരിച്ചുനൽകുമായിരുന്നു. ഇതോടെ അക്കാലയളവിൽ കൂടുതൽ കുട്ടികൾ പ്രഫഷനൽ കോഴ്സുകൾ തെരഞ്ഞെടുത്തിരുന്നു. വിദ്യാർഥികളുടെ എണ്ണത്തിൽ 270 ശതമാനം വർധനവുമുണ്ടായി. എന്നാൽ, 2016-17 കാലയളവിൽ 35,014 വിദ്യാർഥികൾ എൻജിനീയറിങ് പഠനം തെരഞ്ഞെടുത്തെങ്കിൽ 2020-21ൽ ഇത് 17,518 ആയി കുറയുകയായിരുന്നു.
സ്കീം നടപ്പാക്കിയതോടെ സർക്കാറിന്‍റെ ബാധ്യത 353.55 കോടിയിൽനിന്ന് 1,526.46 കോടിയായി ഉയർന്നിരുന്നു. കേന്ദ്രം ഈ തുക മുഴുവൻ നൽകിയില്ലെന്ന് എ.ഐ.എ.ഡി.എം.കെ സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മാനദണ്ഡങ്ങൾ കടുപ്പിച്ചുള്ള സർക്കാറിന്‍റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.