അഞ്ച് സർവകലാശാലകളിലെ വി.സി നിയമനത്തിനുകൂടി ഉടൻ സെർച് കമ്മിറ്റി
text_fieldsതിരുവനന്തപുരം: ആറ് സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റി സ്വന്തം നിലക്ക് രൂപവത്കരിച്ചതിന് പിന്നാലെ അഞ്ച് സർവകലാശാലകളിലേക്ക് കൂടി വിജ്ഞാപനമിറക്കാൻ ചാൻസലറായ ഗവർണർ നടപടി തുടങ്ങി.
നിലവിൽ സ്ഥിരം വൈസ് ചാൻസലർമാരില്ലാത്ത കണ്ണൂർ, കാലടി ശ്രീശങ്കര, കുസാറ്റ്, ശ്രീനാരായണഗുരു ഓപൺ സർവകലാശാലകളിലേക്കും ജൂലൈ 16ന് വി.സിയുടെ കാലാവധി പൂർത്തിയാകുന്ന കാലിക്കറ്റ് സർവകലാശാലകളിലേക്കുമുള്ള വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റികളാണ് സർവകലാശാല പ്രതിനിധികളില്ലാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രൂപവത്കരിക്കുന്നത്.
കേരള, എം.ജി, ഫിഷറീസ് (കുഫോസ്), മലയാളം, കാർഷികം, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല എന്നിവയിൽ വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റികൾ രൂപവത്കരിച്ച് വെള്ളിയാഴ്ച രാത്രിയോടെ രാജ്ഭവൻ വിജ്ഞാപനമിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് സർവകലാശാലകളിലേക്ക് കൂടി രാജ്ഭവൻ വിജ്ഞാപനം തയാറാക്കുന്നത്.
മുഴുവൻ സർവകലാശാലകളിലെയും സെർച് കമ്മിറ്റികളിലേക്കുള്ള യു.ജി.സി പ്രതിനിധികളുടെയും ചാൻസലറുടെ പ്രതിനിധികളുടെയും പേര് രാജ്ഭവൻ ശേഖരിച്ചിട്ടുണ്ട്. ശനിയാഴ്ച ഡൽഹിക്ക് പോയ ഗവർണർ ജൂലൈ നാലിന് തലസ്ഥാനത്ത് തിരിച്ചെത്തും. ഇതിനുശേഷം മറ്റ് സർവകലാശാലകളുടെ വി.സി നിയമന സെർച് കമ്മിറ്റി രൂപവത്കരണത്തിന് നടപടി പൂർത്തിയാക്കിയേക്കും.
പലതവണ ആവശ്യപ്പെട്ടിട്ടും സർവകലാശാല പ്രതിനിധികളുടെ പേര് നൽകിയില്ലെന്ന കാരണം നിരത്തിയാണ് ആറ് സർവകലാശാലകളിലേക്കുള്ള സെർച് കമ്മിറ്റി രൂപവത്കരിച്ചത്. 2022ൽ കേരള സർവകലാശാല വി.സി നിയമനത്തിന് സർവകലാശാല പ്രതിനിധിയില്ലാതെ സെർച് കമ്മിറ്റി രൂപവത്കരിച്ച ഗവർണറുടെ നടപടി ഹൈകോടതിയിൽ ചോദ്യംചെയ്തിരുന്നു.
പ്രതിനിധിയെ നൽകാൻ കോടതി നിർദേശിച്ചെങ്കിലും സർക്കാർ നിർദേശപ്രകാരം കേരള ഉൾപ്പെടെ സർവകലാശാലകൾ സെനറ്റ്/ജനറൽ കൗൺസിൽ യോഗങ്ങൾ വിളിച്ച് പ്രതിനിധിയെ നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പ്രതിനിധിയെ നൽകാനും സെർച് കമ്മിറ്റി രൂപവത്കരിക്കാനും നിർദേശിക്കുന്ന സിംഗിൾ ബെഞ്ച് വിധി ആയുധമാക്കിയാണ് ആറ് സർവകലാശാലകളിലേക്ക് ഒന്നിച്ച് സെർച് കമ്മിറ്റി രൂപവത്കരിച്ച് ഉത്തരവിറക്കിയത്.
സർക്കാറും ഗവർണറും പരസ്യ ഏറ്റുമുട്ടലിലെത്തിയ വി.സി നിയമന പ്രശ്നം രാജ്ഭവന്റെ നീക്കത്തിലൂടെ വീണ്ടും പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. രാജ്ഭവൻ നീക്കത്തെ സർക്കാറോ സർവകലാശാല സമിതികളിലെ അംഗങ്ങളോ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ഉറപ്പാണ്. സർക്കാർ നീക്കത്തെ കോടതിയിൽ പ്രതിരോധിച്ച് നിയമന നടപടികളുമായി മുന്നോട്ടുപോകാനാണ് രാജ്ഭവൻ തീരുമാനം.
നിയമസാധുത പരിശോധിക്കും -മന്ത്രി
തൃശൂർ: സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കാൻ ചാൻസലറായ ഗവർണർ നടത്തുന്ന ഏകപക്ഷീയ നടപടിയുടെ നിയമസാധുത സർക്കാർ പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഗവർണറുടെ നീക്കം ജനാധിപത്യത്തിന്റെ മേലുള്ള കടന്നുകയറ്റമാണെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നതാണ് ചാൻസലറുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ. ഗുണമേന്മയും യോഗ്യതയും പരിശോധിക്കാതെയാണ് സർവകലാശാലകളിലേക്ക് ചാൻസലർ പലരെയും നാമനിർദേശം ചെയ്യുന്നത്. എ.ബി.വി.പി പ്രവർത്തകരായതുകൊണ്ടു മാത്രം ചിലരെ നാമനിർദേശംചെയ്തു. കാവിവത്കരണ ശ്രമം നിയമപരമായി പ്രതിരോധിക്കും.
കേന്ദ്രസർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമിക്കുകയാണ്. നെറ്റ് പരീക്ഷയിൽ പോലും രാമായണത്തിൽനിന്നുള്ള അപ്രസക്ത ഭാഗങ്ങളും പ്രാണപ്രതിഷ്ഠ നടത്തിയ ദിവസവും ഒക്കെയാണ് ചോദിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള വേദിയാക്കാൻ ഗവർണർമാരായ ചാൻസലർമാരിലൂടെ കേന്ദ്രം ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.