കർണാടകയിൽ പ്രധാന എൻജിനീയറിങ് കോളജുകളിലെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു
text_fieldsബംഗളൂരു: അലോട്ട്മെന്റ് നടപടികൾ അവസാനിക്കാനിരിക്കെ കർണാടകയിലെ പ്രധാന എൻജിനീയറിങ് കോളജുകളിലെ സീറ്റുകൾ കാലിയായി തുടരുന്നു. എന്നാൽ, മുൻകൂട്ടി സീറ്റുകൾ ബ്ലോക്ക് ആക്കിവെച്ചതിനാലാണ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതെന്ന സംശയം ബലപ്പെട്ടു.
ആർ.വി കോളജ് ഓഫ് എൻജിനീയറിങ്, എം.എസ്. രാമയ്യ കോളജ് ഓഫ് എൻജിനീയറിങ്, ദയാനന്ദ് സാഗർ കോളജ് ഓഫ് എൻജിനീയറിങ്, പി.ഇ.എസ് യൂനിവേഴ്സിറ്റി എന്നിവ കർണാടകയിലെ പ്രധാന പ്രഫഷനൽ സ്ഥാപനങ്ങളാണ്. ഇവിടങ്ങളിൽ കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് സിവിൽ എൻജിനീയറിങ് വിഭാഗങ്ങളിൽ സീറ്റുകൾ കാലിയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി. സുധാകർ പറഞ്ഞു.
90,000 ഗവ. എൻജിനീയറിങ് സീറ്റുകളിൽ 2,700 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. മിക്ക കുട്ടികളും പ്രവേശനത്തിന് ആദ്യം തിരഞ്ഞെടുക്കുന്ന പ്രധാന എൻജിനീയറിങ് കോളജുകളിൽ 60 സീറ്റ് വീതമെങ്കിലും ഒഴിഞ്ഞുകിടക്കുന്നു. കർണാടക എക്സാമിനേഷൻ അതോറിറ്റി ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കൂടുതൽ ആവശ്യക്കാരുള്ള വിഭാഗങ്ങളിലെ സീറ്റുകൾ പോലും ഒഴിഞ്ഞുകിടക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ചില വിദ്യാർഥികൾ സീറ്റുകൾ ബ്ലോക്ക് ആക്കിവെക്കുന്നതിനാലാണ് ഇതെന്ന സംശയം ഉയർന്നിട്ടുണ്ട്. മെറിറ്റ് സീറ്റുകൾ കിട്ടിയവരും മോപ് അപ് റൗണ്ടുകളിൽ വിജയിച്ചവരുമായ വിദ്യാർഥികൾ ചിലപ്പോൾ സീറ്റുകൾ ഒഴിയുകയും അഡ്മിഷൻ ഫീസ് തിരിച്ചുചോദിക്കുകയും ചെയ്യാം.
ഇത്തരം ഘട്ടങ്ങളിൽ ഒഴിവുള്ള മെറിറ്റ് സീറ്റുകൾ മാനേജ്മെന്റ് ക്വോട്ട സീറ്റുകളാക്കി സർക്കാർ മാറ്റും. ഇങ്ങനെ വരുമ്പോൾ അത്തരം കോളജുകൾക്ക് ഉയർന്ന തുക ഫീസായി ഈടാക്കാനാകും. ഇത്തരത്തിലുള്ള കാര്യങ്ങൾ മൂലമാണോ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതെന്ന് പരിശോധിക്കുന്നുണ്ട്. പൊതു പ്രവേശന പരീക്ഷ നടപടികളിൽ രജിസ്റ്റർ ചെയ്യുമ്പോഴുള്ള പിഴവുകൾ ഒഴിവാക്കാൻ അടുത്ത അധ്യയന വർഷം മുതൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രത്യേക മൊബൈൽ ആപ് തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.