സ്വാശ്രയ എൻജിനീയറിങ്: നിയമവിരുദ്ധ പ്രവേശനം നടത്തിയാൽ അംഗീകാരം പോകും
text_fieldsതിരുവനന്തപുരം: ഒഴിവുള്ള സ്വാശ്രയ എൻജിനീയറിങ് സീറ്റുകളിൽ അനധികൃത പ്രവേശനം നടത്തിയാൽ കോളജിന്റെ അംഗീകാരം റദ്ദാക്കാൻ വ്യവസ്ഥ. സ്വാശ്രയ കോളജ് മാനേജ്മെന്റ് അസോസിയേഷനുമായി സർക്കാർ ഒപ്പിട്ട കരാറിലാണ് പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയത്.
പ്രവേശന പരീക്ഷ കമീഷണറുടെ അലോട്ട്മെന്റിനു ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് എൻട്രൻസ് യോഗ്യതയില്ലാത്ത വിദ്യാർഥികൾക്ക് പ്രവേശനത്തിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവേശന കരാറിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്. ഇതുപ്രകാരം പ്രവേശനത്തിന് അനുവദിച്ച സമയത്തിനു ശേഷം എത്ര സീറ്റുകൾ ഒഴിവുണ്ടെന്നത് കോളജുകൾ പ്രവേശന പരീക്ഷ കമീഷണർക്ക് റിപ്പോർട്ട് ചെയ്യണം. നിശ്ചിത തീയതിക്കകം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ സീറ്റ് നികത്തിയതായി കണക്കാക്കും.
റിപ്പോർട്ട് ചെയ്യുന്നതിൽ കോളജുകൾ വീഴ്ച വരുത്തിയാൽ കരാർ ലംഘനമായി കണക്കാക്കി സർക്കാറിന് നടപടികൾ സ്വീകരിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റ് വഴി പ്രവേശനം നേടുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണർക്ക് ഒടുക്കുകയും പിന്നീട് കോളജുകൾക്ക് കൈമാറുകയും ചെയ്യുന്ന ടോക്കൺ ഫീസിന്റെ വിഹിതം സർക്കാർ പിടിച്ചെടുക്കും. അനധികൃത പ്രവേശനം നൽകിയ കോഴ്സിന്റെ അഫിലിയേഷൻ പിൻവലിക്കാൻ സാങ്കേതിക സർവകലാശാലയോട് ആവശ്യപ്പെടും. തുടർന്നുള്ള വർഷങ്ങളിൽ കോഴ്സ് അഫിലിയേഷൻ പുതുക്കുന്നതും തടയും. വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള സെൽഫ് ഫിനാൻസിങ് എൻജിനീയറിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനുമായി ഒപ്പുവെച്ച കരാർ അടിസ്ഥാനപ്പെടുത്തി സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ഫീസ് നിരക്ക് ഇത്തവണയും തുടരും. സർക്കാറിന് വിട്ടുനൽകുന്ന 50 ശതമാനം സീറ്റിൽ പകുതിയിൽ താഴ്ന്ന വരുമാനക്കാർക്ക് 50,000 രൂപയാണ് വാർഷിക ട്യൂഷൻ ഫീസ്. ബാക്കി പകുതി സീറ്റിൽ 50,000 രൂപ ട്യൂഷൻ ഫീസിന് പുറമെ 25,000 രൂപ സ്പെഷൽ ഫീസ് ഈടാക്കാനും അനുമതിയുണ്ട്.
മാനേജ്മെന്റ് ക്വോട്ടയിൽ 99,000 രൂപ വരെ ട്യൂഷൻ ഫീസും 25,000 രൂപ സ്പെഷൽ ഫീസും ഈടാക്കാം.ഇതിനു പുറമെ, ഒന്നര ലക്ഷം രൂപ തിരികെ നൽകുന്ന പലിശരഹിത നിക്ഷേപവും വാങ്ങാം. എൻ.ആർ.ഐ ക്വോട്ടയിൽ ഒന്നര ലക്ഷം രൂപ വാർഷിക ഫീസും 25,000 രൂപ സ്പെഷൽ ഫീസും ഒന്നര ലക്ഷം പലിശരഹിത നിക്ഷേപവും വാങ്ങാം. എൻട്രൻസ് കമീഷണറുടെ അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം സെപ്റ്റംബർ 15നകം പൂർത്തിയാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.