59 സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ 127 ബാച്ചുകളിൽ പ്രവേശനം വട്ടപൂജ്യം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷ കമീഷണറുടെ അലോട്ട്മെൻറ് പൂർത്തിയായപ്പോൾ 59 കോളജുകളിലെ 127 ബാച്ചുകളിൽ ഒരാൾ പോലും പ്രവേശനം നേടിയില്ല. നാല് സ്വാശ്രയ കോളജുകളിലെ ഒരു സീറ്റിലേക്ക് പോലും അലോട്ട്മെൻറ് നടന്നിട്ടില്ല.
സർക്കാർ, എയ്ഡഡ് കോളജുകളിലേതുൾപ്പെടെ പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തേണ്ട 33,012 മെറിറ്റ് സീറ്റുകളിൽ 14,714 എണ്ണം മാത്രമേ നികത്താനായിട്ടുള്ളൂ. 18,298 മെറിറ്റ് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആളില്ലബാച്ചുകൾ കൂടുതൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചിലാണ്. 39 സ്വാശ്രയ കോളജുകളിൽ ഇൗ ബ്രാഞ്ച് ഒരു വിദ്യാർഥിക്കുപോലും വേണ്ട. തൊട്ടുപിന്നിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചാണ്. 33 കോളജുകളിൽ ഇൗ ബ്രാഞ്ചിൽ ഒരാൾേപാലും പ്രവേശനം നേടിയിട്ടില്ല.
കമ്പ്യൂട്ടർ സയൻസിൽ 17 ബാച്ചുകളിലും മെക്കാനിക്കലിൽ 15 ബാച്ചുകളിലും സിവിൽ എൻജിനീയറിങ്ങിൽ 13 ബാച്ചിലും ആളില്ല. സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് മൂന്ന് അലോട്ട്മെൻറാണ് സർക്കാർ നിശ്ചയിച്ചിരുന്നത്. ഇതാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്. സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ 50 ശതമാനം സീറ്റുകളാണ് സർക്കാറിന് വിട്ടുനൽകിയത്. ഇതിലെ 127 ബാച്ചുകളിലേക്കാണ് കുട്ടികളെ ലഭിക്കാത്തത്.
നേരത്തേ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചപ്പോൾ 52 കോളജുകളിലെ 95 ബാച്ചുകളിലാണ് കുട്ടികൾ ഇല്ലാതിരുന്നത്. മൂന്നാം അലോട്ട്മെൻറ് കൂടി പ്രസിദ്ധീകരിച്ചതോടെയാണ് കുട്ടികളില്ലാത്ത ബാച്ചുകളുടെ എണ്ണം ഉയർന്നത്.
മുകുന്ദപുരം ശ്രീഎറണാകുളത്തപ്പൻ, മുരിക്കൂർ ആക്സിസ്, കാട്ടായിക്കോണം സെൻറ് തോമസ്, മലപ്പുറം വേദവ്യാസ എന്നീ കോളജുകളിലാണ് സർക്കാർ മെറിറ്റ് ഒന്നടങ്കം ഒഴിഞ്ഞുകിടക്കുന്നത്. പള്ളിക്കാത്തോട് കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട്, തുറവൂർ കെ.ആർ. ഗൗരിയമ്മ കോളജ്, നോർത്ത് പറവൂർ മാതാ കോളജ് എന്നീ സ്വാശ്രയ കോളജുകളിൽ ഒന്നൊഴികെയുള്ള ബാച്ചുകളിൽ ഒരു വിദ്യാർഥിയും അലോട്ട്മെൻറ് നേടിയിട്ടില്ല.
മൂന്നാം അലോട്ട്മെൻറ് പ്രകാരം വിദ്യാർഥികൾക്ക് പ്രവേശനം നേടാനുള്ള അവസാന തീയതി ജൂലൈ 25ആണ്. അലോട്ട്മെൻറ് ലഭിച്ചവരിൽ എത്രപേർ പ്രവേശനം നേടി എന്നത് സംബന്ധിച്ച കണക്ക് ഇതിനുശേഷമേ പുറത്തുവരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.