സ്വാശ്രയ മെഡിക്കൽ പ്രവേശനം: മാനേജ്മെൻറ് അസോസിയേഷനെ വെട്ടിലാക്കി ക്രിസ്ത്യൻ കോളജുകളുടെ ഫീസ്
text_fieldsതിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിന് വിദ്യാർഥികളെ കൊള്ളയടിക്കുന്ന ഫീസ് ആവശ്യപ്പെട്ട സ്വാശ്രയ മാനേജ്മെൻറുകളെ വെട്ടിലാക്കി ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷെൻറ ഫീസ് ഘടന. 10.5 ലക്ഷം മുതൽ 21 ലക്ഷം വരെ ഇതര സ്വാശ്രയ മെഡിക്കൽ കോളജുകൾ ഫീസ് ആവശ്യപ്പെട്ടപ്പോൾ ക്രിസ്ത്യൻ മാനേജ്മെൻറ് അസോസിയേഷനു കീഴിലുള്ള നാല് കോളജുകളും 7.65 ലക്ഷം രൂപയാണ് 85 ശതമാനം സീറ്റുകളിൽ ഫീസായി ആവശ്യപ്പെട്ടത്. സ്വാശ്രയ മെഡിക്കൽ കോളജ് നടത്തിക്കൊണ്ടുപോകാൻ ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ് ഘടന അപര്യാപ്തമാണെന്നും നാലിരട്ടി വരെ വർധിപ്പിക്കണമെന്നും മറ്റ് കോളജുകൾ വാദമുയർത്തുേമ്പാഴാണ് തൃശൂർ അമല, ജൂബിലി, മലങ്കര, പുഷ്പഗിരി കോളജുകൾ ആവശ്യപ്പെട്ട ഫീസ് ഘടന പുറത്തുവന്നത്.
13 ലക്ഷം രൂപ ഫീസായി നിർദേശിക്കുന്നെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് 7.65 ലക്ഷം രൂപ ഇൗ വർഷത്തെ പ്രവേശനത്തിന് മതിയെന്നാണ് ഇൗ നാല് കോളജുകൾ നൽകിയ കത്തിൽ വ്യക്തമാക്കിയത്. ക്രിസ്ത്യൻ കോളജുകൾ താരതമ്യേന കുറഞ്ഞ ഫീസ് ആവശ്യപ്പെട്ടത് മൂന്നിരട്ടിയിലേറെ വർധനക്കുള്ള ഇതര സ്വാശ്രയ മാനേജ്മെൻറുകളുടെ വാദത്തെ ദുർബലപ്പെടുത്തും. ക്രിസ്ത്യൻ കോളജുകൾക്ക് 6,55,500 രൂപയാണ് ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ്.
20,70,000 രൂപ വാർഷിക ഫീസ് ആവശ്യപ്പെട്ട കൊല്ലം അസീസിയ കോളജാണ് ഉയർന്ന ഫീസ് ആവശ്യപ്പെട്ടത്. 20 ലക്ഷം മുതൽ 34 ലക്ഷം രൂപ വരെയാണ് എൻ.ആർ.െഎ ക്വോട്ട ഫീസായി കോളജുകൾ ആവശ്യപ്പെട്ടത്. 34 ലക്ഷത്തിൽപരം രൂപക്ക് തുല്യമായ രീതിയിൽ 46,000 യു.എസ് ഡോളർ ആവശ്യപ്പെട്ട ഗോകുലം മെഡിക്കൽ കോളജാണ് എൻ.ആർ.െഎയിൽ കൂടുതൽ തുക ആവശ്യപ്പെട്ടത്.
മെഡിക്കൽ കോളജുകളോട് ചേർന്നുള്ള ആശുപത്രികളുടെ വരുമാനം കോളജിെൻറ നടത്തിപ്പിലേക്ക് പരിഗണിക്കരുതെന്നാണ് സ്വാശ്രയ മാനേജ്മെൻറുകളുടെ വാദം. എന്നാൽ, ആശുപത്രിയില്ലാതെ മെഡിക്കൽ കോളജില്ലെന്നും അതിനാൽ അവയുടെ വരുമാനം കോളജുകളുടെ നടത്തിപ്പിലേക്ക് പരിഗണിക്കണമെന്നുമാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയ സമിതിയുടെ നിലപാട്. ഇതുകൂടി പരിഗണിച്ച് നിശ്ചയിച്ച ഫീസിനെതിരെയാണ് മാനേജ്മെൻറുകൾ കോടതിയെ സമീപിച്ചതും ഫീസ് പുനർനിർണയിക്കാനുള്ള ഉത്തരവ് സമ്പാദിച്ചതും.
പല സ്വാശ്രയ മെഡിക്കൽ കോളജുകളിലും ആശുപത്രികളുടെ പ്രവർത്തനം പരിതാപകരമാണ്. ബന്ധപ്പെട്ട സമിതികളുടെ പരിശോധന സമയത്ത് മാത്രം രോഗികളും ഡോക്ടർമാരും പ്രത്യക്ഷപ്പെടുന്നതാണ് ചില കോളജുകേളാട് ചേർന്നുള്ള ആശുപത്രികൾ. ആശുപത്രികൾ നന്നായി പ്രവർത്തിപ്പിച്ചില്ലെങ്കിൽ മെഡിക്കൽ കോളജിെൻറ അംഗീകാരം തന്നെ പിൻവലിക്കാൻ കാരണമാകുമെന്നിരിക്കെയാണ് പല കോളജുകളും തട്ടിക്കൂട്ട് ആശുപത്രികളായി പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.