പോക്സോ നിയമം: ബോധവത്കരണവുമായി സ്കൂളിലേക്ക്
text_fieldsതൊടുപുഴ: പോക്സോ നിയമത്തെക്കുറിച്ച് അധ്യാപകരെയും വിദ്യാർഥികളെയും ബോധവത്കരിക്കാൻ വിപുല പദ്ധതിയുമായി ജില്ല ലീഗൽ സർവിസ് അതോറിറ്റി (ഡി.എൽ.എസ്.എ). ജില്ലയുടെ പലഭാഗത്തുനിന്ന് സ്കൂളുകൾ കേന്ദ്രീകരിച്ച് പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് 'അറിവ്' പേരിൽ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി അധ്യാപകർക്കുള്ള പരിശീലന പരിപാടിക്ക് ജില്ലയിൽ തുടക്കമായി.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതുമായി ബന്ധപ്പെട്ട നിയമമായ പോക്സോയുടെ പരിധിയിൽ വരുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അധ്യാപകരും പോക്സോ നിയമം നൽകുന്ന അവകാശങ്ങളെയും സംരക്ഷണത്തെയുംകുറിച്ച് വിദ്യാർഥികളും ബോധവാന്മാരല്ല.
ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരെയും വിദ്യാർഥികളെയും പൊതുജനങ്ങളെയും ഒരുമിപ്പിച്ചുള്ള ബോധവത്കരണ പദ്ധതി ആവിഷ്കരിച്ചത്. ആദ്യഘട്ടത്തിൽ എ.ഇ.ഒമാരുടെ അധികാരപരിധിയിലുള്ള പ്രദേശത്തെ സബ്ഡിവിഷനുകളായി പരിഗണിച്ച് അവിടുത്തെ എല്ലാ സ്കൂളുകളിൽനിന്ന് എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്ക് പോക്സോ നിയമത്തിൽ ബോധവത്കരണം നൽകും.
ഇത്തരത്തിൽ മൂന്നാർ എ.ഇ.ഒയുടെ കീഴിലുള്ള ക്ലാസാണ് ആദ്യം പൂർത്തിയായത്. പീരുമേട് എ.ഇ.ഒയുടെ കീഴിലെ അധ്യാപകർക്കുള്ള പരിശീലന ക്ലാസ് സെപ്റ്റംബർ 30നും തുടർന്ന് മറ്റിടങ്ങളിലും നടക്കും. പരിശീലനം നേടിയ അധ്യാപകരെ വിലയിരുത്തിയശേഷം സംശയങ്ങളുണ്ടെങ്കിൽ ദൂരീകരിച്ച് പരിശീലനം പൂർത്തിയാക്കും.
തുടർന്ന്, പരിശീലനം നേടിയ അധ്യാപകർ അതത് സ്കൂളിലെ കുട്ടികൾക്ക് പോക്സോ നിയമത്തെക്കുറിച്ച് ക്ലാസെടുക്കും. പോക്സോ നിയമം ഏറ്റവും ലളിതമായി വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന വിധത്തിലാണ് 'അറിവ്' രൂപകൽപന ചെയ്തിട്ടുള്ളത്. ശക്തമായ ബോധവത്കരണത്തിലൂടെ പോക്സോ കേസുകൾ കുറക്കാനും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനും കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുട്ടികൾ സ്കൂളിലെത്താത്ത ആദിവാസി, പിന്നാക്ക മേഖലകളിലും ബോധവത്കരണത്തിന് സംവിധാനമൊരുക്കും. തുടർന്ന് പൊതുജനങ്ങൾക്കായും സമാന രീതിയിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
ഇടുക്കിയെ പോക്സോ കേസുകൾ ഇല്ലാത്ത ജില്ലയാക്കി മാറ്റുകയാണ് 'അറിവ്' പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന് ഡി.എൽ.എസ്.എ സെക്രട്ടറി പി.എ. സിറാജുദ്ദീൻ 'മാധ്യമ'ത്തോട് പറഞ്ഞു. തൊടുപുഴ താലൂക്കിലെ 15 പഞ്ചായത്തുകളിലും ജാഗ്രത സമിതികൾ വഴി ഇത്തരം ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ പദ്ധതിയുണ്ട്. ഇതിന്റെ ആദ്യഘട്ടമായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം കഴിഞ്ഞദിവസം ചേർന്നു. ജില്ല ശിശുസംരക്ഷണ യൂനിറ്റ്, ചൈൽഡ് ലൈൻ എന്നിവയും 'അറിവ്' പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.