കീം പരീക്ഷാഫലം : സർക്കാറിന് തിരിച്ചടി; അപ്പീൽ തള്ളി ഹൈകോടതി
text_fieldsകൊച്ചി: കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന് തിരിച്ചടി. കേസിൽ വിശദമായ വാദംകേട്ടശേഷം സംസ്ഥാന സർക്കാറിന്റെ ഹരജി ഹൈകോടതി തള്ളി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ ഹൈകോടതിയെ സമീപിച്ചത്.
കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) വെയ്റ്റേജ് സ്കോർ നിർണയ ഫോർമുലയിൽ ഭേദഗതി വരുത്തിയ സർക്കാർ നടപടി കഴിഞ്ഞ ദിവസം ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികക്ക് പകരം ഫെബ്രുവരി 19ന് പുറപ്പെടുവിച്ച പ്രോസ്പെക്ടസ് പ്രകാരം റാങ്ക് പട്ടിക തയാറാക്കാനും ജസ്റ്റിസ് ഡി.കെ. സിങ് ഉത്തരവിട്ടിരുന്നു. പരീക്ഷ നടത്തി ഫലപ്രഖ്യാപനത്തിന് ഒരുമണിക്കൂർ മുമ്പ് മാത്രം പ്രോസ്പെക്ടസ് ഭേദഗതി ചെയ്തത് സ്വേഛാപരവും നിയമവിരുദ്ധവും നീതീകരണമില്ലാത്തതുമാണെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
പുതിയ മാർക്ക് നിർണയരീതിക്കെതിരെ സി.ബി.എസ്.ഇ സിലബസ് പ്രകാരം പ്ലസ് ടു പൂർത്തിയാക്കിയ കൊച്ചി സ്വദേശി ഹന ഫാത്തിമ അഹിനസ് അടക്കം ഒരുകൂട്ടം വിദ്യാർഥികളും നിലവിലെ റാങ്ക് പട്ടിക നിലനിർത്തണമെന്നാവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർഥികളും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചാണ് കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
വൈകിയ വേളയിൽ നടപ്പാക്കിയ പുതിയ ഫോർമുല മൂലം റാങ്ക് പട്ടികയിൽ പിന്തള്ളപ്പെട്ടതായി വ്യക്തമാക്കിയാണ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. എൻട്രൻസ്, പ്ലസ് ടു പരീക്ഷയുടെ മാർക്കുകൾ 50:50 അനുപാതത്തിൽ കണക്കാക്കിയും പ്ലസ് ടുവിന് ലഭിച്ച മാർക്കുകളിൽ ഓരോ വിഷയത്തിനും നൽകുന്ന അനുപാതത്തിൽ മാറ്റംവരുത്തിയും ജൂലൈ ഒന്നിന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവാണ് ഇവർ ചോദ്യംചെയ്തത്.
ഫെബ്രുവരി 19ന് പുറപ്പെടുവിച്ച പ്രോസ്പെക്ടസ് പ്രകാരം മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് 1:1:1 എന്ന നിലയിലായിരുന്ന അനുപാതം യഥാക്രമം 5:3:2 എന്നായാണ് മാറ്റിയത്. ജൂലൈ ഒന്നിന് വൈകീട്ട് 4.48ന് ഇത്തരത്തിൽ പ്രോസ്പെക്ടസിൽ ഭേദഗതി വരുത്തി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ ഒരുമണിക്കൂറിനുശേഷം 5.48നാണ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ച് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.