ഇടമലക്കുടിയുടെ മാഷ് ആകാൻ ഷമീർ
text_fieldsഅടിമാലി: ഗോത്രവർഗ വിദ്യാർഥികൾക്ക് അക്ഷരവെളിച്ചം പകരാൻ സ്വയം സന്നദ്ധനായി അധ്യാപകൻ മലകയറുന്നു. അടിമാലി വെള്ളത്തൂവൽ സ്വദേശിയും ബി.ആർ.സി ട്രെയിനറുമായ സി.എ. ഷമീറാണ് വിദൂര ആദിവാസി മേഖലയായ ഇടമലക്കുടിയിലെത്തിയത്. സമഗ്ര ശിക്ഷ കേരളയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കിയാണ് നവംബർ ഒന്നിന് ഗവ.എൽ.പി സ്കൂളിലെത്തിയത്. കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്താണ് ഇടമലക്കുടി.
മൂന്നാറിൽനിന്ന് ഏതാണ്ട് അഞ്ചു മണിക്കൂറോളം വനത്തിലൂടെ യാത്ര ചെയ്താലാണ് ഈ ഗിരിവർഗമേഖലയിൽ എത്താൻ സാധിക്കുക. രാജമല, പുല്ലുമേട് എന്നീ സ്ഥലങ്ങളിലൂടെ 15 കിലോമീറ്റർ ജീപ്പിൽ യാത്ര ചെയ്ത് ഇടമലക്കുടിയിലേക്കുള്ള കവാടമായ പെട്ടിമുടിയിൽ എത്താം.
ഏതാണ്ട് 13 കിലോമീറ്റർ ആന, കടുവ, കാട്ടുപോത്ത് എന്നിവയുടെ സാന്നിധ്യമുണ്ട്. ജീപ്പിൽ നാലുമണിക്കൂർ യാത്ര ചെയ്താൽ ഇടമലക്കുടി പഞ്ചായത്തിന്റെ കേന്ദ്രമായ സൊസൈറ്റിക്കുടിയിൽ എത്തും. കേരള വനം വകുപ്പിന്റെ അനുവാദം ഉണ്ടെങ്കിൽ മാത്രമേ ഇടമലക്കുടി നിവാസിയല്ലാത്തവർക്ക് ഇവിടെ എത്തിച്ചേരാൻ സാധിക്കൂ.
ആദിവാസി ഗോത്രവിഭാഗത്തിലെ മുതുവാൻ വർഗക്കാരാണ് ഇവിടെ താമസിക്കുന്നത്. പഞ്ചായത്ത് ഓഫിസ് ഇവിടെ പൂർണതോതിൽ പ്രവർത്തിക്കുന്നില്ല. ദേവികുളത്താണ് ഓഫിസ് പ്രവർത്തനം.
സൊസൈറ്റിക്കുടിവരെ വൈദ്യുതി എത്തിയിട്ടുണ്ടെങ്കിലും മൂന്ന് കുടികളിലേ വൈദ്യുതിയുള്ളു. 23 കുടികളിൽ ഇന്നും വെളിച്ചത്തിന് പരമ്പരാഗത മാർഗങ്ങൾ മാത്രം. ഫോൺ സൗകര്യത്തിന് ബി.എസ്.എൻ.എൽ ടവർ മാത്രമാണുള്ളത്. ഇടമലക്കുടിയിലെ ഏക വിദ്യാഭ്യാസ സ്ഥാപനം ഈ സർക്കാർ എൽ.പി സ്കൂളാണ്.
ഒന്നു മുതൽ നാലുവരെ ക്ലാസുകളിലായി നൂറോളം കുട്ടികളാണുള്ളത്. ഗോത്രവിഭാഗങ്ങൾ കൗതുക കാഴ്ചയല്ലെന്നും അവർക്കായി പ്രതികൂല സാഹചര്യത്തിലും എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണ് സ്ഥലം മാറ്റത്തിന് സ്വയം തയാറായതെന്നും ഷെമീർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.