നിലമ്പൂരിൽനിന്ന് ഷീജ ടീച്ചർ ക്ലാസെടുക്കും; ഡൽഹിയിലിരുന്ന് ഹൈസ മോൾ പഠിക്കും
text_fieldsനിലമ്പൂർ: രാജ്യതലസ്ഥാനത്തെ വീട്ടിലിരുന്ന് ഹൈസ ഹാറൂൻ എന്ന ഒന്നാം ക്ലാസുകാരി അറിവിെൻറ ആദ്യക്ഷരങ്ങൾ പഠിക്കുന്നത് നിലമ്പൂരിലെ ഷീജ ടീച്ചറുടെ 'കിലുക്കാംപെട്ടി'യിൽനിന്ന്. ഡൽഹിയിലെ സിവിൽ സർവിസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്യോഗസ്ഥനായ ഹാറൂനിെൻറയും ഹസ്നയുടെയും മകളാണ് അഞ്ചുവയസ്സുകാരി ഹൈസ. മഞ്ചേരി പയ്യനാട് സ്വദേശിയായ ഹാറൂനും കുടുംബവും 10 വർഷത്തിലധികമായി ഡൽഹിയിലാണ്.
കോവിഡ് മഹാമാരിമൂലം ഈ വർഷവും സ്കൂളുകൾ തുറക്കുന്നില്ല എന്നായപ്പോൾ കുട്ടിയുടെ ഒരു അധ്യയന വർഷം നഷ്ടപ്പെടുമല്ലോ എന്ന ആശങ്കക്ക് ഉത്തരം കിട്ടിയത് ഫേസ്ബുക്കിൽനിന്നാണ്. 2020ൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ മുതൽ ഹൈസ ഫേസ്ബുക്കിലൂടെ നിലമ്പൂർ ചെട്ടിയങ്ങാടി ഗവ. മോഡൽ യു.പി സ്കൂളിലെ ഷീജ ടീച്ചറെ പിന്തുടരുന്നുണ്ടായിരുന്നു. തെൻറ ക്ലാസ് റൂം പ്രവർത്തനങ്ങൾ അധ്യാപിക എഫ്.ബിയിൽ പോസ്റ്റ് ചെയ്തിരുന്നു.
ഫേസ്ബുക്കിൽ ക്ലാസിലെ കുട്ടികളുടെ വിശേഷങ്ങൾ പങ്കുെവക്കാറുണ്ട്. ഇത് കണ്ടപ്പോൾ ഹൈസയുടെ മാതാപിതാക്കൾ മെസഞ്ചർ വഴി ഷീജയെ ബന്ധപ്പെട്ടു. തയാറാക്കുന്ന പാഠഭാഗങ്ങൾ വാട്സ്ആപ് വഴി ടീച്ചർ അയച്ചുകൊടുത്തു. ഷീജ ടീച്ചറുമായി ഹൈസ മോൾ ഏറെ അടുത്തതിനാലും ക്ലാസുകൾ നന്നായി പിന്തുടർന്നതിനാലും ഈ കുടുംബം കേരളത്തിെൻറ പൊതുവിദ്യാലയത്തിൽ പ്രതീക്ഷവെക്കുകയായിരുന്നു. കുട്ടിയുടെ വിവരങ്ങളും ജനന സർട്ടിഫിക്കറ്റുമെല്ലാം ശേഖരിച്ച് ഷീജ തന്നെ ഹൈസയുടെ ലോക്കൽ ഗാർഡിയൻ ആയി ഒന്നാം ക്ലാസ് അഡ്മിഷൻ എടുത്തു.
കോവിഡ് കാലത്ത് വീടുകളിൽ തളക്കപ്പെട്ട കുട്ടികളുമായി ബന്ധം പുലർത്തുന്നതിൽ ഷീജ ടീച്ചർ ഏറെ കരുതലെടുത്തിരുന്നു. മാസത്തിൽ ഒരിക്കലെങ്കിലും സുരക്ഷ മാനദണ്ഡങ്ങളോടെ എല്ലാ കുട്ടികളുടെയും വീടുകളിലെത്തി പഠനനിലവാരവും ഇല്ലായ്മയും നേരിൽ കണ്ടറിഞ്ഞ് പരിഹാരം കാണാൻ ശ്രദ്ധിച്ചിരുന്നു. നിലമ്പൂർ എം.പി വില്ലയിൽ എം.പി. ഷീജയുടെ അധ്യാപക ജീവിതത്തിൽ പുതുമകളേറെയാണ്. വിക്ടേഴ്സ് ചാനലിലെ ക്ലാസുകളിലൂടെ ഏറെ പ്രശസ്തയാണ്. കോവിഡ് നിയന്ത്രണങ്ങളുടെ പരിമിതികളെ കിലുക്കാംപെട്ടി എന്ന വാട്സ്ആപ് ഗ്രൂപ്പിലൂടെ മറികടന്നു. പാഠഭാഗങ്ങൾക്കൊപ്പം പാട്ടും വരയും കഥയും നിറച്ചു. ഏഴു വർഷം സർവശിക്ഷ അഭിയാനിൽ പരിശീലകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.