ഒന്നാം ക്ലാസിൽ ചേരാൻ ആറുവയസ്സ് നിർബന്ധം
text_fieldsന്യൂഡൽഹി: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്സ് മാനദണ്ഡം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് കത്തയച്ചു. പ്രീ പ്രൈമറിതലത്തിൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ എജുക്കേഷൻ കോഴ്സ് പ്രത്യേകമായി രൂപകൽപന ചെയ്തു നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര നിർദേശപ്രകാരം കേന്ദ്രീയ വിദ്യാലങ്ങളും ഏതാനും സംസ്ഥാനങ്ങളും ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സ് മാനദണ്ഡം കഴിഞ്ഞവർഷം മുതൽ നിർബന്ധമാക്കിയിരുന്നു. എന്നാൽ, കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച തീരുമാനമെടുത്തെങ്കിലും പ്രായോഗിക പ്രയാസം ചൂണ്ടിക്കാട്ടി പിന്നീടു മരവിപ്പിക്കുകയായിരുന്നു.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശം നടപ്പാക്കണമെന്നു വ്യക്തമാക്കി ഫെബ്രുവരി ഒമ്പതിനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചത്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥ അനുസരിച്ച് ആദ്യ അഞ്ചുവർഷം(മൂന്നുമുതൽ എട്ടുവയസ്സ് വരെ) അടിസ്ഥാന ശിക്ഷണ കാലമാണ്. ആദ്യ മൂന്നുവർഷം പ്രീ പ്രൈമറി (നഴ്സറി, എൽ.കെ.ജി, യു.കെ.ജി). തുടർന്നുള്ള രണ്ടുവർഷങ്ങൾ ഗ്രേഡ് ഒന്ന്, രണ്ട് എന്നിവയിലുമാണെന്ന് കേന്ദ്രം വിശദീകരിച്ചു. ഇതിൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾക്കുവേണ്ടി ആരംഭിക്കുന്ന, ഡിപ്ലോമ ഇൻ പ്രീ സ്കൂൾ എജുക്കേഷൻ കോഴ്സ് എസ്.സി.ഇ.ആർ.ടി രൂപകൽപന ചെയ്യണം.
എസ്.സി.ഇ.ആർ.ടിയുടെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും ഡയറ്റ് വഴി നടപ്പാക്കുകയും ചെയ്യണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്ര നിർദേശം നടപ്പായാൽ ഒരു വർഷം കേരളത്തിൽ ഒന്നാം ക്ലാസിൽ കുട്ടികളില്ലാത്ത സാഹചര്യമുണ്ടാകും. അഞ്ച് വയസ്സായാൽ ഒന്നാം ക്ലാസ് പ്രവേശനം നൽകുന്നതാണ് സംസ്ഥാനത്തെ രീതി. സംസ്ഥാനത്തെ സ്കൂളുകളിൽ ആറ് വയസ്സ് പൂർത്തിയായ കുട്ടികൾ ഒന്നാം ക്ലാസ് പൂർത്തിയാക്കി രണ്ടാം ക്ലാസിലേക്ക് കയറ്റം ലഭിക്കുന്നവരാണ്. മൂന്നേകാൽ ലക്ഷത്തോളം കുട്ടികളാണ് സംസ്ഥാന സിലബസിലുള്ള സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്നത്.
കേരളത്തിൽ പ്രായോഗിക ബുദ്ധിമുട്ട് -പ്രിൻസിപ്പൽ സെക്രട്ടറി
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സ് പൂർത്തിയായശേഷമേ നടത്താവൂ എന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനത്ത് നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ആവശ്യമായ പരിശോധന നടത്തിയശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.