നീറ്റ് പി.ജിക്ക് പ്രത്യേക കൗണ്‍സലിങ്; ഹരജികൾ സുപ്രീംകോടതി തള്ളി
text_fieldsന്യൂഡല്‍ഹി: നീറ്റ് പി.ജി 2021ലെ അഖിലേന്ത്യ ക്വാട്ടയിൽ ഒഴിവുവന്ന സീറ്റുകളിലേക്ക് പ്രത്യേക കൗണ്‍സലിങ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി തള്ളി. പൊതുജനാരോഗ്യത്തെ ബാധിക്കുന്നവിധം മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച നടത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എം.ആര്. ഷാ, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ച് ഹരജി തള്ളിയത്. പൊതുജനാരോഗ്യവും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാറും മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയും (എം.സി.സി) പ്രത്യേക കൗണ്‍സലിങ് അനുവദിക്കാതിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
2021ലെ നീറ്റ് പി.ജിയിൽ നാലുവട്ടം ഓൺലൈന്‍ കൗണ്‍സലിങ് നടത്തിയിരുന്നതായി കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. പിന്നീട് സോഫ്റ്റ് വെയര്‍ തകരാറിലായതിനാലാണ് 1,456 സീറ്റുകളിലെ ഒഴിവു നികത്താന്‍ പ്രത്യേക കൗണ്‍സലിങ് നടത്താതിരുന്നതെന്നും വ്യക്തമാക്കി.
ഹരജിയിൽ ബുധനാഴ്ച വാദം കേൾക്കവേ എം.സി.സിയെ രൂക്ഷമായി വിമർശിച്ച കോടതി വിദ്യാര്‍ഥികളുടെ ജീവിതംവെച്ചു കളിക്കരുതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, വ്യാഴാഴ്ച വീണ്ടും വാദം തുടരുന്നതിനിടെ ഒഴിവു വന്ന സീറ്റുകള്‍ അധ്യാപകര്‍ക്കുള്ളതാണെന്ന് കേന്ദ്രം അറിയിച്ചു. മുന്‍വര്‍ഷങ്ങളിലും ഈ സീറ്റുകളില്‍ ഇതുപോലെ ഒഴിവു വന്നിരുന്നു. ഒഴിവുള്ളതില്‍ 1100 എണ്ണം സ്വകാര്യ മെഡിക്കല്‍ കോളജുകളിലാണ്. നോണ്‍ ക്ലിനിക്കല്‍ സീറ്റുകള്‍ക്ക് സ്വകാര്യ കോളജുകൾ ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനാൽ ആരും തിരഞ്ഞെടുക്കാറില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.