അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ കായികം പഠനവിഷയമാക്കും - മന്ത്രി വി.അബ്ദുറഹിമാന്‍
text_fieldsകോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ കായികം പഠനവിഷയമാക്കുമെന്ന് വകുപ്പുമന്ത്രി വി. അബ്ദുറഹിമാന്‍. കോഴിക്കോട് ജില്ല പഞ്ചായത്തിന്റെ 'പുലർകാലം' സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്‌പോര്‍ട്‌സിനെക്കുറിച്ചുള്ള പ്രാഥമികമായ അറിവ് കുട്ടികള്‍ക്ക് നേടിക്കൊടുക്കുക എന്നതാണ് കായികം പഠനവിഷയമാക്കുന്നത് വഴി ലക്ഷ്യമിടുന്നത്.
കോഴിക്കോട് ജില്ല പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളുടെ മാനസിക ആരോഗ്യ ഉന്നമനത്തിനും ശാരീരിക വളർച്ചക്കും വേണ്ടി ആവിഷ്കരിക്കുന്ന സവിശേഷ പ്രവർത്തനമാണ് പുലർകാലം പദ്ധതി. ഈ വർഷം ജില്ലയിലെ 75 വിദ്യാലയങ്ങളിൽ പദ്ധതി നടപ്പാക്കും.
അടുത്തവർഷം ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുന്ന പദ്ധതിയിൽ യോഗ, മെഡിറ്റേഷൻ, എറോമ്പിക്സ്, തൈക്വാൻഡോ തുടങ്ങിയവയിൽ ഈ വർഷം കുട്ടികൾക്ക് പരിശീലനം നൽകും. എട്ടു മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികൾ പദ്ധതിയുടെ ഭാഗമാകും . ചേളന്നൂർ എ.കെ.കെ.ആർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ കോഓഡിനേറ്റർ പ്രവീൺ കുമാർ പദ്ധതി വിശദീകരണം നടത്തി.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എൻ.എം. വിമല, ജില്ലാപഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ, ജില്ല വിദ്യാഭ്യാസ ഓഫിസർ ധനേഷ് കെ.ടി, ഹെഡ്മിസ്ട്രസ് ഷീജ ബി.എസ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് അംഗം ഇ. ശശീന്ദ്രൻ സ്വാഗതവും പ്രിൻസിപ്പൽ മനോജ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.