ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റി: നാലുവർഷ ബിരുദകോഴ്സുകൾ; പ്രായപരിധിയില്ലാതെ അപേക്ഷിക്കാം
text_fieldsകോട്ടയം: ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റിയിലും ഈ അധ്യയനവർഷം മുതൽ നാലുവർഷ ബിരുദകോഴ്സുകൾ ആരംഭിക്കുമെന്ന് വൈസ് ചാൻസിലർ ഡോ. വി.പി. ജഗതിരാജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബി.ബി.എ, ബി.കോം, ബി.എ ഇംഗ്ലീഷ്, ബി.എ മലയാളം, ബി.എ ഹിസ്റ്ററി, ബി.എ സോഷ്യോളജി എന്നിവയിലാണ് ഓണേഴ്സ് ബിരുദം. ഇതടക്കം ഓപൺ യൂനിവേഴ്സിറ്റിയുടെ 28 ബിരുദ- ബിരുദാനന്തര കോഴ്സുകൾക്ക് സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം.
രാജ്യത്തെ ഓപൺ യൂനിവേഴ്സിറ്റികളിൽ ആദ്യമായി നാലുവർഷ ബിരുദം നടപ്പാക്കുന്നത് കൊല്ലം കേന്ദ്രീകരിച്ചുള്ള ശ്രീനാരായണഗുരു യൂനിവേഴ്സിറ്റിയാണ്. നാലുവർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് മൂന്നു വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ഉണ്ടെങ്കിൽ ഡിഗ്രി സർട്ടിഫിക്കറ്റോടെ കോഴ്സ് അവസാനിപ്പിക്കാനും കഴിയും. എല്ലാ കോഴ്സുകൾക്കും യു.ജി.സി അംഗീകാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കാലഘട്ടത്തിൽ ആവശ്യമായ നൈപുണ്യ വികസനം, വ്യവസായശാലകളിലെ പരിശീലനം, സ്കിൽ എന്നിവക്ക് ഊന്നൽ നൽകിയ പരിഷ്കരിച്ച സിലബസ് എല്ലാ പ്രോഗ്രാമുകളുടെയും പ്രത്യേകതയാണ്. പ്രായപരിധി ഇല്ലാതെ എല്ലാവർക്കും കോഴ്സുകൾക്ക് ചേരാം. ജോലി ചെയ്യുന്നവർക്കും പഠിക്കാം. പൊതുഅവധി ദിവസങ്ങളിൽ മാത്രമാണ് ക്ലാസുകൾ.
നിലവിൽ ഒരു അക്കാദമിക് പ്രോഗ്രാം ചെയ്യുന്നവർക്കും ഓപൺ യൂനിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേ സമയം പഠിക്കാൻ സാധിക്കും. യു.ജി.സിയുടെ മാനദണ്ഡപ്രകാരമാണ് ഇത്തരത്തിൽ ഡ്യൂവൽ ഡിഗ്രി സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ടി.സി നിർബന്ധമല്ല. ഒപ്പം പ്രായപരിധിയോ, മാർക്ക് മാനദണ്ഡങ്ങളോ യൂനിവേഴ്സിറ്റി നിഷ്കർഷിക്കുന്നില്ല. മിനിമം ക്വാളിഫിക്കേഷനുള്ള എല്ലാവർക്കും പഠനത്തിന് ഇതിലൂടെ അവസരം ലഭിക്കുന്നതായും വൈസ് ചാൻസിലർ പറഞ്ഞു.
ബി.എസ്.സി ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്സ്, ബി.എസ്.സി മൾട്ടി മീഡിയ എന്നീ ബിരുദ പ്രോഗ്രാമുകൾ ഉടൻ തുടങ്ങും. എം.ബി.എ, എം.സി.എ എന്നീ പ്രോഗ്രാമുകൾ അടുത്ത വർഷം തുടങ്ങും. യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റിലൂടെയാണ് കോഴ്സുകൾക്കുള്ള അപേക്ഷ സ്വീകരിക്കുന്നതെന്നും സർവകലാശാല അധികൃതർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പ്രൊ. വൈസ് ചാൻസിലർ പ്രഫ. എസ്.വി. സുധീർ, തൃപ്പൂണിത്തുറ റീജ്യൻ ഡയറക്ടർ ടോജോമോൻ മാത്യു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.