എസ്.എസ്.എൽ.സി: കൂടുതൽ പേർ മലപ്പുറത്ത്, കുറവ് ഇടുക്കിയിൽ
text_fieldsതിരുവനന്തപുരം: ഏപ്രിൽ എട്ടിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ കൂടുതൽ വിദ്യാർഥികൾ മലപ്പുറം ജില്ലയിലും കുറവ് ഇടുക്കിയിലും.
മലപ്പുറത്ത് 76,037 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇടുക്കിയിൽ 11,295 പേർ. ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ലയും മലപ്പുറം തന്നെ; 26,520 പേർ. കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതുന്ന വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്; 2,050 വിദ്യാർഥികൾ.
കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്ന സ്കൂൾ ഇത്തവണയും മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് തന്നെയാണ്. 2076 പേർ. ഒറ്റ വിദ്യാർഥി മാത്രം പരീക്ഷയെഴുതുന്ന തിരുവല്ല നിരണം വെസ്റ്റ് കിഴക്കുംഭാഗം സെൻറ് തോമസ് എച്ച്.എസിലും ഇരിങ്ങാലക്കുട സംഘമേശ്വര എൻ.എസ്.എസ് ഇ.എം.എച്ച്.എസ് എന്നിവയാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതുന്നത്.
ഇത്തവണ മൊത്തം പരീക്ഷയെഴുതുന്ന 4,22,226 പേരിൽ 4,21,977 പേർ സ്കൂൾ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 പേർ ആൺകുട്ടികളും 2,06,566 പേർ പെൺകുട്ടികളുമാണ്.
സർക്കാർ സ്കൂളുകളിൽ 1,38,890 (70914 ആൺ, 67976 പെൺ) പേരും എയ്ഡഡ് സ്കൂളുകളിൽ 2,53,738 പേരും (129471 ആൺ, 124267പെൺ) അൺഎയ്ഡഡ് സ്കൂളുകളിൽ 29,598 പേരും (15275 ആൺ, 14323 പെൺ) പരീക്ഷയെഴുതും. ഗൾഫിൽ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 627പേരും പരീക്ഷയെഴുതും. മൊത്തം 2947 കേന്ദ്രങ്ങളിലാണ് പരീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.