എസ്.എസ്.എൽ.സി, പ്ലസ് ടു ചോദ്യപേപ്പർ പുതിയ പാറ്റേണിൽ തന്നെ
text_fieldsതിരുവനന്തപുരം: വിദ്യാർഥികളിൽനിന്നും അധ്യാപക സംഘടനകളിൽനിന്നുമുൾപ്പെടെ ഉയർന്ന പ്രതിഷേധത്തിനിടെ, പാറ്റേണിൽ മാറ്റമില്ലാതെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ചോദ്യപേപ്പർ തയാറാക്കൽ പൂർത്തിയായി. ഫോക്കസ് ഏരിയയിൽ നിന്ന് 70 ശതമാനം മാർക്കും ബാക്കി പുറത്തുനിന്നുമായി നിശ്ചയിച്ച ചോദ്യപേപ്പർ പാറ്റേണിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
സ്കൂളുകളിൽ പൂർണ തോതിൽ അധ്യയനം സാധ്യമാകാത്ത സാഹചര്യത്തിൽ ഫോക്കസ് ഏരിയ പ്രകാരം പഠനം തുടങ്ങിയ വിദ്യാർഥികളെ കബളിപ്പിക്കുന്നതാണ് ചോദ്യപേപ്പർ പാറ്റേൺ എന്നാണ് വിമർശനം. 60 ശതമാനം പാഠഭാഗങ്ങളാണ് പരീക്ഷയിൽ ഊന്നൽ നൽകേണ്ട (ഫോക്കസ് ഏരിയ) മേഖലയായി നിശ്ചയിച്ചത്. ഇതിൽ നിന്ന് 70 ശതമാനം മാർക്കിന് ചോദ്യമുണ്ടാകുമെന്നായിരുന്നു സർക്കാർ ഉത്തരവ്. ഒപ്പം 50 ശതമാനം ചോദ്യങ്ങൾ ചോയ്സായി അധികം നൽകുമെന്ന ഉത്തരവിലായിരുന്നു വിദ്യാർഥികളുടെ പ്രതീക്ഷ.
ഇതുപ്രകാരം 80 മാർക്ക് പരീക്ഷയിൽ 120 മാർക്കിന്റെ ചോദ്യമുണ്ടാകും. ഇതിന്റെ 70 ശതമാനമെന്ന നിലയിൽ 84 മാർക്കിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നാണ് വിദ്യാർഥികളും അധ്യാപകരും പ്രതീക്ഷിച്ചത്. എന്നാൽ, 80 മാർക്കിന്റെ 70 ശതമാനം എന്ന നിലയിൽ 56 മാർക്കിന് മാത്രമേ എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ച ചോദ്യപേപ്പർ പാറ്റേൺ പ്രകാരം ഉത്തരമെഴുതാനാകൂ. 24 മാർക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയക്ക് പുറത്തുനിന്നായിരിക്കും. ഫലത്തിൽ ഫോക്കസ് ഏരിയയിൽ ഊന്നൽ നൽകി പഠിക്കുന്നവർക്ക് ബി പ്ലസ് ഗ്രേഡിൽ കൂടുതൽ ലഭിക്കില്ല. ജനുവരി ആദ്യം തുടങ്ങിയ ശിൽപശാലയിലൂടെയാണ് ചോദ്യപേപ്പർ തയാറാക്കൽ നടന്നത്. വ്യാഴാഴ്ചയോടെ മിക്ക വിഷയങ്ങളുടെയും ചോദ്യപേപ്പർ തയാറാക്കി പരീക്ഷാ കമീഷണർക്ക് കൈമാറിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.