എസ്.എസ്.എൽ.സി പരീക്ഷ: ആനുകൂല്യ ഉത്തരവ് ഇറങ്ങിയില്ല
text_fieldsകോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷ വ്യാഴാഴ്ച തുടങ്ങാനിരിക്കെ പരീക്ഷാനുകൂല്യ ഉത്തരവ് ഇറങ്ങാത്തത് ജില്ലയിലെ ഭിന്നശേഷി വിദ്യാർഥികളെ ആശങ്കയിലാക്കുന്നു. താമരശ്ശേരി, കോഴിക്കോട്, വടകര വിദ്യാഭ്യാസ ജില്ലകളിലായി ആയിരത്തോളം ഭിന്നശേഷി കുട്ടികളുടെ പരീക്ഷാനുകൂല്യ അപേക്ഷകൾ തീർപ്പാക്കാനുണ്ട്.
ഉത്തരവ് ഇറക്കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റാണ്. പഠനവൈകല്യ നിർണയ മെഡിക്കൽ ക്യാമ്പുകൾ അനന്തമായി വൈകിയതാണ് പരീക്ഷയുടെ തലേദിവസവും പരീക്ഷാനുകൂല്യ ഉത്തരവിനായി കാത്തിരിക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രം, ഇംഹാൻസ്, കോമ്പോസിറ്റ് റീജനൽ സെൻറർ കേന്ദ്രങ്ങളിലായി നടന്ന മെഡിക്കൽ ക്യാമ്പ് ചൊവ്വാഴ്ചയാണ് അവസാനിച്ചത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വിദ്യാലയങ്ങളിൽ സ്ക്രീനിങ് പൂർത്തീകരിച്ചാണ് പഠനവൈകല്യ നിർണയ മെഡിക്കൽ ക്യാമ്പിനായി വിദ്യാർഥികളെ കണ്ടെത്തുന്നത്.
തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പുകൾ ഡിസംബറിൽ പേരിന് തുടങ്ങിയെങ്കിലും ഫെബ്രുവരി അവസാനവാരത്തിലാണ് കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പുകൾ സജീവമായത്. വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതാണ് മെഡിക്കൽ ക്യാമ്പുകൾ അനന്തമായി വൈകാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
വ്യാഖ്യാതാവ്, സ്ക്രൈബ്, അധികസമയം എന്നീ അനുകൂല്യങ്ങളാണ് പഠനവൈകല്യമുള്ള കുട്ടികൾക്ക് ലഭിക്കുന്നത്. വ്യാഴാഴ്ച ആരംഭിക്കുന്ന ആദ്യപരീക്ഷക്ക് ആനുകൂല്യം നഷ്ടമാകുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാർഥികളും.
പരീക്ഷ തുടങ്ങിയശേഷം പരീക്ഷാനുകൂല്യ ഉത്തരവിറങ്ങിയത് കഴിഞ്ഞ വർഷം നിരവധി കുട്ടികൾക്ക് അവസരം നഷ്ടമാക്കിയിരുന്നു. വരുംവർഷങ്ങളിൽ ഡിസംബറിൽ വൈകല്യനിർണയ മെഡിക്കൽ ക്യാമ്പുകൾ പൂർത്തീകരിച്ചാൽ ഭിന്നശേഷി കുട്ടികൾക്ക് പരീക്ഷാനുകൂല്യ ഉത്തരവ് പരീക്ഷണമായി മാറില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.
പഠനവിടവ് പ്രശ്നം തന്നെ...!
കോഴിക്കോട്: എസ്.എസ്.എൽ.സി പഠനത്തിന് അടിത്തറയാവേണ്ട എട്ട്, ഒമ്പത് ക്ലാസുകളിലെ പഠനം പൂർണമായ തോതിൽ ലഭിക്കാത്തവരാണ് ഇക്കുറി പരീക്ഷ എഴുതുന്നവർ. കോവിഡിന്റെ സവിശേഷ സാഹചര്യത്തിൽ എട്ടാം ക്ലാസിലെ പഠനം പൂർണമായും ഒമ്പതാം ക്ലാസിലെ പഠനം ഭാഗികമായും ഓൺലൈൻ വഴിയായിരുന്നു ഇവർക്ക് ലഭിച്ചത്.
എട്ടിലെയും ഒമ്പതിലേയും പഠനാനുഭവങ്ങളുടെ തുടർച്ചയായാണ് പത്താം ക്ലാസിലെ പാഠങ്ങളും പഠനപ്രവർത്തനങ്ങളും. ഹൈസ്കൂൾ പഠനത്തിന്റെ ആദ്യ പടി പൂർണമായി ലഭിച്ചില്ലെന്ന ആശങ്ക ഒഴിയാതെയാണ് ഇക്കുറി പത്താം ക്ലാസുകാർ പരീക്ഷ എഴുതുന്നത്. ഈ പഠനവിടവ് പരിഹരിക്കാനും പരീക്ഷപേടിയകറ്റാനും പുലർകാലം, ഫോട്ടോ ഫിനിഷിങ് തുടങ്ങിയ പല പരിപാടികളും വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയെങ്കിലും ആശങ്കകൾ പൂർണമായി അകന്നിട്ടില്ല.
‘ഫോക്കസ് ഏരിയ’ സമ്പ്രദായം കഴിഞ്ഞ വർഷം മുതൽ ഇല്ലാതായപ്പോൾ ഫുൾ എ പ്ലസ് കിട്ടുന്നവരുടെ എണ്ണത്തിൽ കുറവുവന്നിരുന്നു. ഇക്കുറിയും ഫോക്കസ് ഏരിയ സമ്പ്രദായം ഇല്ല. മോഡൽ പരീക്ഷകളും പ്രാക്ടിക്കൽ പരീക്ഷയും കഴിയുകയും അവസാനവട്ട ഒരുക്കവും പൂർത്തിയാക്കുകയും ചെയ്തെങ്കിലും പഠനവിടവ് എങ്ങനെ ബാധിക്കുമെന്ന ആശങ്ക വിദ്യാർഥികളും രക്ഷിതാക്കളും ഒരേപോലെ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.