എ പ്ലസ് നേട്ടത്തിൽ കൂടുതൽ പേർക്ക് കാലിടറിയത് ഗണിതത്തിൽ
text_fieldsതിരുവനന്തപുരം: മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുന്നതിൽ കൂടുതൽ പേർക്കും കാലിടറിയത് ഗണിതത്തിൽ. 4.26 ലക്ഷം പേർ പരീക്ഷയെഴുതിയതിൽ 95,695 പേർക്കാണ് ഗണിതത്തിൽ എ പ്ലസ് നേടാനായത്. ഗണിത പഠനത്തിൽ കേരളത്തിലെ വിദ്യാർഥികളുടെ പിന്നാക്കാവസ്ഥ നാഷനൽ അച്ചീവ്മെന്റ് സർവേയിൽ ഉൾപ്പെടെ പ്രതിഫലിക്കുന്നതിനിടെയാണ് എസ്.എസ്.എൽ.സി ഫലവും പുറത്തുവരുന്നത്.
ഫിസിക്സിൽ 1,25,229 പേർക്കും കെമിസ്ട്രിയിൽ 1,27,975 പേർക്കും ഇംഗ്ലീഷിൽ 1,33,914 പേർക്കും മാത്രമാണ് എ പ്ലസ് ലഭിച്ചത്. സോഷ്യൽ സയൻസിൽ 1,51,666 പേർക്കും ഹിന്ദിയിൽ 1,51,284 പേർക്കും ബയോളജിയിൽ 1,64,085 പേർക്കുമാണ് എ പ്ലസ് ലഭിച്ചത്. വിഷയങ്ങളുടെ സംസ്ഥാന ശരാശരി മാർക്ക് പരിശോധിക്കുമ്പോഴും കുറവ് ഗണിതത്തിൽ തന്നെയാണ്. 100ൽ 68.32 മാർക്കാണ് സംസ്ഥാന ശരാശരി. കെമിസ്ട്രിയിൽ ഇത് 72.1ഉം ഫിസിക്സിൽ 73.68ഉം സോഷ്യൽ സയൻസിൽ 74.31ഉം ആണ്. അതേസമയം, കൂടുതൽ വിദ്യാർഥികൾ പരാജയപ്പെട്ട വിഷയം കെമിസ്ട്രിയാണ്. കെമിസ്ട്രിയിൽ 4,26,297 പേർ പരീക്ഷയെഴുതിയതിൽ 4,24,959 പേർ വിജയിച്ചപ്പോൾ (99.68ശതമാനം) 1338 പേർ പരാജയപ്പെട്ടു. ഗണിതത്തിൽ 4,26,319 പേർ പരീക്ഷയെഴുതിയതിൽ 4,25,357 പേർ (99.77) വിജയിക്കുകയും 962 പേർ പരാജയപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.