എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങി: ഫോക്കസ് ഏരിയ നിയന്ത്രണം ബാധിക്കാതെ ആദ്യ പരീക്ഷ
text_fieldsതിരുവനന്തപുരം: ഫോക്കസ് ഏരിയ പാഠങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ 70 ശതമാനത്തിൽ പരിമിതപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ അസ്ഥാനത്താക്കി എസ്.എസ്.എൽ.സി ആദ്യ പരീക്ഷ പൂർത്തിയായി. ശരാശരി വിദ്യാർഥികൾക്കുപോലും നന്നായി ഉത്തരമെഴുതാവുന്ന ചോദ്യപേപ്പർ ഘടന ആശ്വാസം പകർന്നെന്നാണ് പൊതുപ്രതികരണം. വ്യാഴാഴ്ച ഒന്നാംഭാഷ പാർട്ട് ഒന്ന് വിഷയങ്ങളുടെ പരീക്ഷയായിരുന്നു. മലയാളം ചോദ്യപേപ്പറിനെക്കുറിച്ച് വിദ്യാർഥികൾക്കെല്ലാം സംതൃപ്തി.
അറബിക്, സംസ്കൃതം തുടങ്ങിയ മറ്റ് ഭാഷ പരീക്ഷകളെക്കുറിച്ചും പരാതികളില്ല. മൊത്തം 40 മാർക്കിന് ഉത്തരമെഴുതേണ്ട ചോദ്യപേപ്പറിൽ അഞ്ച് പാർട്ടിലായാണ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്. ഒന്നുമുതൽ അഞ്ചുവരെ മാർക്കിനുള്ളതായിരുന്നു ഓരോ പാർട്ടിലെയും ചോദ്യങ്ങൾ. ഓരോ പാർട്ടിനകത്തും ഫോക്കസ് ഏരിയ, ഫോക്കസ് ഏരിയക്ക് പുറത്തുനിന്നുള്ള ചോദ്യങ്ങൾ എന്നിവ വെവ്വേറെ ഭാഗങ്ങളാക്കി തിരിച്ചാണ് ചോദിച്ചത്. ചോയ്സ് എന്ന നിലയിൽ 50 ശതമാനം ചോദ്യം അധികമായും ഉൾപ്പെടുത്തിയിരുന്നു.
2961 കേന്ദ്രങ്ങളിലായി റെഗുലർ വിഭാഗത്തിൽ 4,26,999ഉം പ്രൈവറ്റായി 408 പേരുമാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. ഇതിൽ 2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമാണ്. 1,91,787 പേർ മലയാളം മീഡിയത്തിലും 2,31,604 പേർ ഇംഗ്ലീഷ് മീഡിയത്തിലുമാണ് പരീക്ഷ എഴുതുന്നത്. ഗൾഫിലും ലക്ഷദ്വീപിലും ഒമ്പത് വീതം കേന്ദ്രങ്ങളിലാണ് പരീക്ഷ. പരീക്ഷ നടത്തിപ്പിെൻറ ക്രമീകരണം വിലയിരുത്താൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തി.
കുട്ടികളോട് ചോദ്യപേപ്പറിനെക്കുറിച്ച് മന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞു. പരീക്ഷ എളുപ്പമായതിെൻറ ആഹ്ലാദം കുട്ടികൾ മന്ത്രിയോട് പങ്കുവെച്ചു.
ഏപ്രിൽ ആറിന് രാവിലെ 9.45 മുതൽ 12.30 വരെ നടക്കുന്ന രണ്ടാംഭാഷ ഇംഗ്ലീഷാണ് അടുത്ത പരീക്ഷ.
മൂല്യനിർണയം മേയ് 11 മുതൽ 27 വരെ
തിരുവനന്തപുരം: എസ്.എസ്.എൽ.സി ഉത്തരക്കടലാസ് മൂല്യനിർണയം മേയ് 11 മുതൽ 27വരെ നടത്തും. സംസ്ഥാനത്തെ 70 കേന്ദ്രങ്ങളിലാണ് മൂല്യനിർണയം. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മേയ് മൂന്നുമുതൽ പത്തുവരെ നടത്താനാണ് തീരുമാനം. ഇതിന് ശേഷമേ മൂല്യനിർണയം തുടങ്ങൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.