എസ്.എസ്.എൽ.സി, പ്ലസ് ടു: ഇനി എ പ്ലസ് എളുപ്പമല്ല
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഊന്നൽ നൽകുന്ന പാഠഭാഗങ്ങൾ (ഫോക്കസ് ഏരിയ) 60 ശതമാനമാണെങ്കിലും എ പ്ലസ് നേടാൻ ഇത്തവണ പാഠപുസ്തകം പൂർണമായും പഠിക്കണം.
ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ 70 ശതമാനത്തിൽ പരിമിതപ്പെടുത്താനും 30 ശതമാനം പൂർണമായും മറ്റ് പാഠഭാഗങ്ങളിൽ നിന്നുമാക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതോടെയാണിത്. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ എ പ്ലസ് നേടിയവരുടെ എണ്ണത്തിലുണ്ടായ വൻ വർധനയും അതുവഴി പ്ലസ് വൺ, ബിരുദ പ്രവേശനത്തിലുണ്ടായ പ്രതിസന്ധിയും മുൻനിർത്തിയാണ് ഇത്തവണ ചോദ്യപേപ്പർ പാറ്റേണിൽ മാറ്റം വരുത്തുന്നത്.
കഴിഞ്ഞ വർഷം 40 ശതമാനം പാഠഭാഗങ്ങളായിരുന്നു ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തിയിരുന്നത്. ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി മാർക്കിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു. 20 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയ ഉൾപ്പെടെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നും. ഇതുവഴി 100 ശതമാനം മാർക്കിനും ഫോക്കസ് ഏരിയയിൽനിന്ന് തന്നെ ഉത്തരമെഴുതാൻ കഴിയുമായിരുന്നു.
ഫലത്തിൽ ഫോക്കസ് ഏരിയ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത്തവണ മുഴുവൻ എ പ്ലസ് നേട്ടത്തിലെത്താൻ മുഴുവൻ പാഠഭാഗങ്ങളും പഠിച്ചിരിക്കണമെന്ന് ചുരുക്കം.
കഴിഞ്ഞ വർഷം ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി ചോദ്യങ്ങൾ (100 ശതമാനം അധികം ചോദ്യങ്ങൾ) ചോദ്യപേപ്പറിൽ നൽകിയിരുന്നെങ്കിൽ ഇത്തവണ 50 ശതമാനം ചോദ്യങ്ങളാണ് അധികം നൽകുക. സർക്കാർ ഉത്തരവ് പ്രകാരം ചോദ്യപേപ്പർ തയാറാക്കുന്നതിനുള്ള ശിൽപശാല എസ്.സി.ഇ.ആർ.ടിയുടെ സഹകരണത്തോടെ പരീക്ഷ ഭവനിൽ നടന്നുവരികയാണ്. ശിൽപശാലയിലാണ് 30 ശതമാനം ചോദ്യങ്ങൾ പൂർണമായും ഫോക്കസ് ഏരിയക്ക് പുറത്തുനിന്നായിരിക്കണമെന്ന് നിർദേശം നൽകിയത്.
കോവിഡിനെ തുടർന്ന് സ്കൂളുകൾ പൂർണമായും അടഞ്ഞുകിടന്ന സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം മുതൽ ഫോക്കസ് ഏരിയ നിശ്ചയിച്ചുള്ള പരീക്ഷ സമ്പ്രദായം നടപ്പാക്കിയത്. ഇത്തവണ നവംബർ മുതൽ സ്കൂളുകൾ തുറന്നതോടെയാണ് ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങൾ 40 ശതമാനത്തിൽനിന്ന് 60 ആക്കിയതും ഇതിൽ നിന്നുള്ള ചോദ്യങ്ങൾ 80 ശതമാനത്തിൽനിന്ന് 70 ശതമാനമാക്കിയതും.
ചോദ്യപേപ്പർ പാറ്റേൺ ഇങ്ങനെ
80 മാർക്കിന്റെ പരീക്ഷക്ക് 70 ശതമാനമെന്ന നിലയിൽ 56 മാർക്കിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. ബാക്കി 24 മാർക്കിന്റെ ചോദ്യങ്ങൾ (30 ശതമാനം) ഫോക്കസ് ഏരിയക്ക് പുറത്തുനിന്നും.
40 മാർക്കിന്റെ പരീക്ഷക്ക് 28 മാർക്കിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും 12 മാർക്കിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയക്ക് പുറത്തുനിന്നും.
80 മാർക്കിന്റെ പരീക്ഷക്ക് ഒരു മാർക്കിനും രണ്ട് മാർക്കിനും നാല് മാർക്കിനും ആറ് മാർക്കിനും എട്ട് മാർക്കിനും ഉത്തരമെഴുതേണ്ടവ എന്നിങ്ങനെ അഞ്ച് പാർട്ടുകളുണ്ടായിരിക്കും.
ഇതിൽ ഒരു മാർക്കിന് ആറ് ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നുള്ളതിൽ നാലെണ്ണത്തിന് ഉത്തരമെഴുതണം. നാല് ചോദ്യങ്ങൾ ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ചോദിക്കും. നാലിനും ഉത്തരമെഴുതണം. രണ്ട് മാർക്കിനുള്ള അഞ്ചു ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്ന് ചോദിക്കുന്നതിൽ മൂന്നെണ്ണത്തിന് ഉത്തരമെഴുതണം. ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് രണ്ട് മാർക്കിനുള്ള മൂന്ന് ചോദ്യങ്ങളുണ്ടാകും. ഇതിൽ രണ്ടെണ്ണത്തിന് ഉത്തരമെഴുതണം. നാല് മാർക്കിനുള്ള അഞ്ച് ചോദ്യങ്ങളായിരിക്കും ഫോക്കസ് ഏരിയയിൽ നിന്നുണ്ടാകുക.
ഇതിൽ മൂന്നെണ്ണത്തിന് ഉത്തരമെഴുതണം. ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് നാല് മാർക്കിന് രണ്ട് ചോദ്യങ്ങളായിരിക്കും. ഇതിൽ ഒന്നിന് ഉത്തരമെഴുതണം.
ആറ് മാർക്കിന്റെ നാല് ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്ന് വരുന്നതിൽ മൂന്നെണ്ണത്തിന് ഉത്തരമെഴുതണം. ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് മൂന്ന് ചോദ്യങ്ങൾ വരുന്നതിൽ രണ്ടെണ്ണത്തിനും ഉത്തരമെഴുതണം. എട്ട് മാർക്കിന്റെ മൂന്ന് ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽനിന്ന് വരുന്നതിൽ രണ്ടെണ്ണത്തിന് ഉത്തരമെഴുതണം. ഈ കാറ്റഗറിയിൽ ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ചോദ്യമുണ്ടാകില്ല.
40 മാർക്കിന്റെ ചോദ്യപേപ്പറിൽ ഒരു മാർക്കിന്റെ ആറ് ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന്. ഇതിൽ നാലെണ്ണത്തിന് ഉത്തരമെഴുതണം. ഏരിയക്ക് പുറത്തുനിന്ന് വരുന്ന മൂന്ന് ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. രണ്ട് മാർക്കിന്റെ ഒറ്റ ചോദ്യമായിരിക്കും ഫോക്കസ് ഏരിയയിൽ നിന്നുണ്ടാകുക, ഇതിന് ഉത്തരമെഴുതണം.
ഏരിയക്ക് പുറത്തുനിന്ന് വരുന്ന രണ്ട് ചോദ്യങ്ങളിൽ ഒന്നിനും ഉത്തരമെഴുതണം. മൂന്ന് മാർക്കിന്റെ നാലെണ്ണം ഫോക്കസ് ഏരിയയിൽനിന്ന് വരുന്നതിൽ മൂന്നെണ്ണത്തിനും പുറത്തുനിന്ന് വരുന്ന ഏക ചോദ്യത്തിനും ഉത്തരമെഴുതണം. നാല് മാർക്കിന്റെ മൂന്ന് ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന് വരുന്നതിൽ രണ്ടെണ്ണത്തിനും ഫോക്കസ് ഏരിയക്ക് പുറത്തുനിന്നുള്ള രണ്ട് ചോദ്യങ്ങളിൽ ഒന്നിനും ഉത്തരമെഴുതണം. അഞ്ച് മാർക്കിന്റെ രണ്ട് ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്ന് വരുന്നതിൽ ഒന്നിന് ഉത്തരമെഴുതണം. ഈ കാറ്റഗറിയിൽ ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് ചോദ്യങ്ങളുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.