എസ്.എസ്.എൽ.സി ഫലം നാളെ വൈകീട്ട്; ഗ്രേസ് മാർക്ക് ഇത്തവണയുമില്ല
text_fieldsതിരുവനന്തപുരം: ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. വൈകീട്ട് നാലു മുതൽ www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും. പി.ആർ.ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും റിസൽറ്റ് ലഭിക്കും.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതിയവര്‍ക്ക് ഇത്തവണയും ഗ്രേസ് മാർക്ക് ഉണ്ടാവില്ല. ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് നേരിട്ടു നടത്തുന്നതും അംഗീകരിച്ചതുമായ കലാ, കായിക, ശാസ്ത്ര പരിപാടികൾ കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷം റദ്ദാക്കിയതിനാലാണ് ഇവയില്‍ പങ്കെടുക്കുന്നവര്‍ക്കു നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ഇല്ലാത്തത്.
എസ്.എസ്.എല്‍.സി ഫലമറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെയാണ് 'സഫലം 2022' എന്ന മൊബൈല്‍ ആപ്പ് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കിയത്. വ്യക്തിഗത റിസൽറ്റിന് പുറമെ സ്കൂള്‍ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ല തലങ്ങളിലുള്ള റിസൽറ്റ് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും 'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2022' എന്ന് നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ 'പി.ആർ.ഡി ലൈവ്' ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭിക്കും. പി.ആർ.ഡി ലൈവ് ആപ്പിൽ ഹോം പേജിലെ ലിങ്കിൽ റജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കു കൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണുള്ളത്. അതിനാൽ, ഫലം തടസ്സമില്ലാതെ വേഗത്തിൽ ലഭ്യമാകും.
സംസ്ഥാനത്തെ 2,962 കേന്ദ്രങ്ങളിലായി 4,26,999 വിദ്യാർഥികളാണ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടി.എച്ച്.എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും ബുധനാഴ്ച പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.