എസ്.എസ്.എൽ.സി: ഗള്‍ഫിൽ വിജയം 96.81%; മൂന്ന് സെന്ററുകള്‍ക്ക് 100 ശതമാനം
text_fieldsതിരുവനന്തപുരം: 2024 എസ്.എസ്.എൽ.സി പരീക്ഷയിൽ ഗള്‍ഫ് സെന്ററുകളിൽ മികച്ച പരീക്ഷ വിജയം. 96.81 ശതമാനമാണ് ഇത്തവണത്തെ വിജയ ശതമാനം. ഏഴ് പരീക്ഷാ കേന്ദ്രങ്ങളിലായി 533 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 516 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
മൂന്ന് ഗള്‍ഫ് സെന്ററുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. മോഡൽ സ്‌കൂൾ- അബുദാബി, ഇൻഡ്യൻ സ്‌കൂൾ - ഫുജേറ, ന്യൂ ഇൻഡ്യൻ മോഡൽ സ്‌കൂൾ - ഷാർജ എന്നിവയാണ് വിജയം നേടിയ സെന്ററുകളെന്ന് വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
2024 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ആകെ 99.69 ശതമാനം പേരാണ് വിജയിച്ചത്. 99.92 ശതമാനം പേർ ജയിച്ച കോട്ടയം റവന്യൂ ജില്ലയിലാണ് ഏറ്റവുമധികം പേർ ജയിച്ച റവന്യൂ ജില്ല. ഈ പട്ടികയിൽ 99.08 ശതമാനം വിജയവുമായി തിരുവനന്തപുരമാണ് ഏറ്റവും പിന്നിൽ. 100 ശതമാനം വിജയവുമായി പാലാ വിദ്യാഭ്യാസ ജില്ല ഒന്നാമതും 99 ശതമാനം വിജയവുമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല അവസാന സ്ഥാനത്തുമായി.
71831 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 4934 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ മലപ്പുറം ഈ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ വർഷവും മലപ്പുറത്താണ് ഏറ്റവുമധികം വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 68,804 പേരാണ് കഴിഞ്ഞ വർഷം മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 892 സർക്കാർ സ്കൂളുകളിലും 1139 എയ്ഡഡ് സ്കൂളുകളിലും 443 അൺ എയ്ഡഡ് സ്കൂളുകളിലും മുഴുവൻ വിദ്യാർഥികളും വിജയിച്ചു.
4,27,105 വിദ്യാർഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. 4,25,563 പേർ ഉന്നത പഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷം 99.7 ശതമാനത്തോടെ റെക്കോഡ് വിജയമാണ് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.