എസ്.എസ്.എൽ.സി വിഷയ മിനിമം; പാർട്ടി പിന്തുണ ഉറപ്പാക്കി മന്ത്രി
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ വിഷയത്തിന് മിനിമം മാർക്ക് കൊണ്ടുവരുന്നതുൾപ്പെടെ മൂല്യനിർണയത്തിലെ പരിഷ്കാരങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പാർട്ടി പിന്തുണ ഉറപ്പാക്കി. പരിഷ്കരണ ശ്രമങ്ങളെ മുഖ്യമന്ത്രി പരസ്യമായി പിന്തുണച്ചതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനൊപ്പമാണെന്ന് വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിൽ നിരന്തരമായ മാറ്റം നടക്കണമെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ പാർട്ടി സെക്രട്ടറി പറഞ്ഞു. മാറ്റത്തിനാവശ്യമായ നിലപാട് സ്വീകരിക്കണമെന്നും എല്ലാ സംഘടനകളുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിശദമായ ചർച്ചക്ക് ശേഷം കൂട്ടായ തീരുമാനത്തിലെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂല്യനിർണയ പരിഷ്കരണം സംബന്ധിച്ച് ചർച്ചക്കായി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി വിളിച്ച കോൺക്ലേവിൽ സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയും എസ്.എഫ്.ഐയും മിനിമം മാർക്ക് രീതിക്കെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു.
ഒരു ലക്ഷത്തിലധികം അംഗങ്ങളുള്ള ഏറ്റവും വലിയ അധ്യാപക സംഘടന പ്രകടിപ്പിച്ച നിലപാട് സംഘടന കൂട്ടായി എടുത്തതാണെന്ന് കെ.എസ്.ടി.എ ജനറൽ സെക്രട്ടറി നടത്തിയ പരാമർശം മന്ത്രി ഉൾപ്പെടെയുള്ളവരിൽ അതൃപ്തിക്കിടയാക്കുകയും ചെയ്തിരുന്നു. സംഘടനയുടെ അംഗബലത്തിൽ പരിഷ്കാരനീക്കത്തെ ചെറുക്കുമെന്ന ധ്വനിയാണ് കെ.എസ്.ടി.എ നടത്തിയതെന്ന വിലയിരുത്തലുമുണ്ടായി.
പരിഷ്കാരങ്ങളിൽ ചർച്ച തുടങ്ങാൻ മന്ത്രി പാർട്ടിയുടെ അനുമതി വാങ്ങിയിരുന്നു. കെ.എസ്.ടി.എയും എസ്.എഫ്.ഐയും ശാസ്ത്ര സാഹിത്യപരിഷത്തുമാണ് നീക്കങ്ങളെ കടന്നാക്രമിച്ചത്. എസ്.സി, എസ്.ടി, ദുർബല വിഭാഗങ്ങളെ തോൽപ്പിക്കാൻ വഴിവെക്കുമെന്ന വാദമുയർത്തിയായിരുന്നു എതിർപ്പ്. മൂന്ന് സംഘടനകളും ഒരേ വിമർശനം ഉന്നയിച്ചതിന് പിന്നിലും സംശയമുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സമിതികളിൽ അംഗമായ പരിഷത്ത് നേതാവിന്റെ തിരക്കഥയാണ് പിന്നിലെന്നാണ് സംശയം.
കോൺക്ലേവിന് പിന്നാലെ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പരിഷ്കരണ ശ്രമങ്ങളെ പിന്തുണച്ചത് കെ.എസ്.ടി.എയെയും എസ്.എഫ്.ഐയെയും പ്രതിരോധത്തിലാക്കി. വിഷയത്തിൽ ഇതര അധ്യാപക സംഘടനകൾ സർക്കാർ നീക്കത്തെ പിന്തുണച്ചപ്പോഴാണ് കെ.എസ്.ടി.എ രൂക്ഷവിമർശനം നടത്തിയത്.
ഇത് വിദ്യാഭ്യാസ വകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. കോൺക്ലേവിലെ ചർച്ചകൾ ക്രോഡീകരിച്ച് കരിക്കുലം കമ്മിറ്റിയിൽ അവതരിപ്പിച്ച് റിപ്പോർട്ടായി മുഖ്യമന്ത്രിക്ക് സമർപ്പിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തുടർനടപടികളിലേക്ക് കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.