പത്ത് ജയിച്ചവർക്ക് ജില്ലയിൽ സീറ്റുകൾ കുറവ്
text_fieldsകോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷ ജയിച്ചവർക്കായി ജില്ലയിലുള്ള പ്ലസ് വൺ സീറ്റുകൾ 29,200 എണ്ണം. പരീക്ഷ ജയിച്ചവർ 43,496 പേരാണ്. അധിക ബാച്ചുകളും 20 ശതമാനം ആനുപാതിക വർധനയുമില്ലെങ്കിൽ ജയിച്ച മുഴുവൻ പേർക്കും ഉപരിപഠനത്തിന് അവസരമുണ്ടാകില്ല. 2175 വി.എച്ച്.എസ്.ഇ സീറ്റുകളും 3057 ഐ.ടി.ഐ സീറ്റുകളും ജില്ലയിലുണ്ട്. പോളിടെക്നിക്കിൽ 485 സീറ്റാണുള്ളത്. ഈ സീറ്റുകളെല്ലാം ചേർത്താലും 34,917 എണ്ണം മാത്രമാകും. 8579 പേർക്ക് സീറ്റുണ്ടാകില്ല. കൂടുതൽ സീറ്റുകൾ സർക്കാർ പ്രഖ്യാപിക്കുമെന്നതിലാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം ഫുൾ എ പ്ലസ് എണ്ണം 14,000 പിന്നിട്ടതോടെ പ്രവേശനം കടുപ്പമായിരുന്നു. ഫുൾ എ പ്ലസുകാർ പുറത്താകുന്ന അവസ്ഥയും തുടക്കത്തിലുണ്ടായിരുന്നു.
ഇത്തവണ ഫുൾ എ പ്ലസ് നേടിയ 5466 പേർക്കും ഇഷ്ട കോമ്പിനേഷൻ കിട്ടും. ഫുൾ എ പ്ലസ് കുറഞ്ഞെങ്കിലും ആകെ വിജയിച്ചവർ കഴിഞ്ഞ വർഷത്തേക്കാൾ കാര്യമായ വ്യത്യാസമില്ല. മാനേജ്മെന്റ് ക്വോട്ടയിൽ വൻ തുകക്ക് സീറ്റുകൾ ഉറപ്പിക്കുന്ന തിരക്കിലാണ് ചില രക്ഷാകർത്താക്കൾ. അരലക്ഷത്തിലേറെ രൂപയാണ് ശരാശരി ഡൊണേഷൻ.
'പ്ലസ് വൺ സീറ്റ്: ആശങ്ക പരിഹരിക്കണം'
കോഴിക്കോട്: എസ്.എസ്.എൽ.സി വിജയശതമാനത്തിലും എ പ്ലസുകാരുടെ എണ്ണത്തിലും വന്ന വ്യത്യാസത്തിലൂടെ വിദ്യാർഥികളെ പരീക്ഷണ വസ്തുവാക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സമ്പൂർണവും ശാശ്വതവും സ്ഥിരതയുമുള്ള പരിഹാരം അത്യാവശ്യമാണ്. ഹയർ സെക്കൻഡറി സ്കൂളുകളും നിലവിലെ സ്കൂളുകളിലെ താൽക്കാലിക ബാച്ചും സീറ്റും സ്ഥിരതയുള്ളതാക്കാനും സർക്കാർ തയാറാവണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.