എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം ഇന്ന്; പ്ലസ് വൺ സീറ്റിൽ പത്തനംതിട്ട ഹാപ്പി
text_fieldsപത്തനംതിട്ട: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം ബുധനാഴ്ച നടക്കാനിരിക്കെ ജില്ലയിൽ ഇത്തവണയും പ്ലസ് വൺ പ്രവേശനത്തിന് ആവശ്യത്തിന് സീറ്റ് ലഭ്യമാകും. ജില്ലയിൽ 13,200 സീറ്റാണ് പ്ലസ് വണ്ണിനുള്ളത്. ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത് 10,044 വിദ്യാർഥികളും. എസ്.എസ്.എല്‍.സി വിജയിക്കുന്നവരിൽ കുറെ പേർ വൊക്കേഷനൽ ഹയർസെക്കൻഡറി, ഐ.ടി.ഐ, പോളിടെക്നിക് വിഭാഗങ്ങളിലേക്കും പ്രവേശനം തേടും. ഇതിന്റെ ഭാഗമായി പിന്നെയും സീറ്റുകളിൽ ഒഴിവ് വരും.
എല്ലാ പഞ്ചായത്തിലും ഹയർസെക്കൻഡറി
32 സർക്കാർ സ്കൂളുകളിലായി 42 സയൻസ് ബാച്ചുണ്ട്. എയ്ഡഡ് സ്കൂളുകളിൽ 99, അൺ എയ്ഡഡിൽ ആറുമടക്കം 147 സയൻസ് ബാച്ചുകളുണ്ട്. ഹ്യുമാനിറ്റീസിൽ സർക്കാർ മേഖലയിൽ 14, എയ്ഡഡിൽ 36ഉം. ജില്ലയിൽ എല്ലാ പഞ്ചായത്തിലും ഹയർസെക്കൻഡറി സ്കൂളുകളുണ്ട്.
കഴിഞ്ഞ അധ്യയന വർഷം 99.81 ശതമാനം
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 6412 പേരും തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 3632 പേരും എസ്.എസ്.എൽ.സി എഴുതി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് തിരുവല്ല എം.ജി.എം ഹൈസ്കൂളിലായിരുന്നു. 280 പേർ. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കൂടുതൽ കുട്ടികൾ പ്രമാടം നേതാജി എച്ച്.എസ്.എസിലും 263.
കഴിഞ്ഞ അധ്യയന വർഷം 10,213 വിദ്യാർഥികളാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. 99.81 ശതമാനമായിരുന്നു വിജയശതമാനം. ഇത്തവണ വിജയ ശതമാനം ഇതിലും ഉയരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ജില്ലയിൽ 44 സർക്കാർ വിദ്യാലയങ്ങൾ കഴിഞ്ഞ വർഷം നൂറുശതമാനം വിജയം നേടി. വിജയശതമാനം ഉയർത്താൻ ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പദ്ധതി നടപ്പാക്കിയിരുന്നു. മാസങ്ങൾക്ക് മുമ്പ് സ്കൂളുകളിൽ പ്രത്യേക ക്ലാസുകളും നടന്നു.
ബിരുദ പഠനത്തിലും സമൂലമാറ്റം
ബിരുദ പഠനത്തില്‍ ഇക്കുറി നാല് വര്‍ഷ ഓണേഴ്സ് കോഴ്സുകള്‍ക്കാണ് കോളജുകളില്‍ തുടക്കമാകുന്നത്. വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഇഷ്ടവിഷയം തെരഞ്ഞെടുക്കാന്‍ ഏറെ അവസരമുണ്ടാകും എന്നതാണ് പ്രത്യേകത. സെമസ്റ്റര്‍ അടിസ്ഥാനത്തിലാകും ക്ലാസ്. ആദ്യ രണ്ട് സെമസ്റ്റര്‍ അടിസ്ഥാന മേഖലയെ കുറിച്ചാകും പഠനം. മൂന്ന് വര്‍ഷത്തെ പഠനത്തിനുശേഷം അവസാനിപ്പിച്ചാലും സര്‍ട്ടിഫിക്കറ്റ് ലഭിക്കും. നാല് വര്‍ഷത്തിനുശേഷം ഓണേഴ്സ് സര്‍ട്ടിഫിക്കറ്റ് നേടാം. ഒരു വര്‍ഷം കൂടി പഠിച്ചാല്‍ ബിരുദാന്തര ബിരുദത്തിനും ഗവേഷണ പ്രവേശനത്തിനും അവസരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.