സംസ്ഥാന സ്‌കൂൾ കായികോത്സവം 16 മുതൽ 20 വരെ കുന്നംകുളത്ത്
text_fieldsതിരുവനന്തപുരം: തൃശൂർ കുന്നംകുളത്ത് നടക്കുന്ന അറുപത്തി അഞ്ചാമത് സംസ്ഥാന സ്‌കൂൾ കായിക ഉത്സവത്തിൽ മികച്ച സംഘാടനം ഉറപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ സ്റ്റേഡിയത്തിലാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. 15 വർഷത്തെ ഇടവേളക്കു ശേഷമാണ് തൃശൂർ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. മൂവായിരത്തിൽ പരം മത്സരാർത്ഥികളാണ് ഈ കായിക മേളയിൽ പങ്കെടുക്കും.
64 ാമത് സ്‌കൂൾ കായിക മേള, ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സംസ്ഥാന സ്‌കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തി ചരിത്രം സൃഷ്ടിച്ചതാണ്. ഇതേ മാതൃകയിൽ ഈ വർഷവും പകലും രാത്രിയും ആയിട്ടാണ് മത്സരങ്ങൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കായിക താരങ്ങൾക്ക് രണ്ടായിരം രൂപയും, രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് ആയിരത്തി അഞ്ഞൂറ് രൂപയും, മൂന്നാം സ്ഥാനം ലഭിക്കുന്നവർക്ക് ആയിരത്തി ഇരുന്നൂറ്റി അമ്പത് രൂപയും സർട്ടിഫിക്കറ്റും മെഡലും നൽകുന്നതാണ്. മത്സരത്തിൽ ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന ജില്ലകൾക്ക് യഥാക്രമം രണ്ട് ലക്ഷത്തി ഇരുപതിനായിരം, ഒരു ലക്ഷത്തി അറുപത്തി അയ്യായിരം, ഒരു ലക്ഷത്തി പതിനായിരം എന്നിങ്ങനെ സമ്മാനതുക നൽകും. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യൻമാരാകുന്ന കുട്ടികൾക്ക് നാല് ഗ്രാം സ്വർണ പതക്കം സമ്മാനമായി നൽകും.
സംസ്ഥാന റെക്കോഡ് സ്ഥാപിക്കുന്ന കായിക താരങ്ങൾക്ക് നാലായിരം രൂപ വച്ച് സമ്മാന തുക നൽകും. ബെസ്റ്റ് സ്‌കൂൾ - ഒന്നും രണ്ടും സ്ഥാനങ്ങൾ തുടങ്ങി നാൽപ്പതോളം ട്രോഫികൾ വിജയികൾക്ക് സമ്മാനമായി നൽകും.
സ്‌കൂൾ കലോത്സവം
കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടുവാൻ വലിയൊരു പങ്ക് വഹിച്ചിട്ടുള്ള ഒരു മേളയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള സ്‌കൂൾ കലോത്സവം. കലാ രംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാമാങ്കമായ കേരള സ്‌കൂൾ കലോത്സവം 2024 ജനുവരി നാലു മുതൽ എട്ടു വരെ തീയതികളിലായി കൊല്ലം ജില്ലയിൽ വെച്ച് 24 വേദികളിലായി നടത്തും.
14 വർഷങ്ങൾക്ക് ശേഷമാണ് കേരള സ്‌കൂൾ കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. ഇതിന് പുറമേ ദിശ എക്‌സിബിഷൻ, സാംസ്‌കാരിക പരിപാടികൾ എന്നിവ ഇതിനൊപ്പം നടത്തുന്നു. കൊല്ലം ആശ്രാമം മൈതാനമാണ് പ്രധാന വേദിയായി തെരഞ്ഞെടുത്തിട്ടുള്ളത്. കലോത്സവത്തിൽ പന്ത്രണ്ടായിരത്തോളം മത്സരാർഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്‌കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ നാല് തലങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ആദ്യ മൂന്ന് തലങ്ങളിലെ മത്സരങ്ങൾ പൂർത്തിയാക്കുന്നതിനുള്ള നിർദേശം നൽകി. സ്‌കൂൾ തലങ്ങളിൽ മത്സരിച്ച് വിജയിക്കുകയും, ഉപജില്ലാ, റവന്യൂ ജില്ലാ മത്സരത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർഥികളാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നത്. എ ഗ്രേഡ് നേടുന്ന എല്ലാ മത്സരാർഥികൾക്കും ആയിരം രൂപ നിരക്കിൽ സാംസ്‌ക്കാരിക സ്‌കോളർഷിപ്പ് നൽകും.
പ്രശസ്ത ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ രൂപകല്പന ചെയ്ത നൂറ്റി പതിനേഴര പവൻ സ്വർണ്ണകപ്പ് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് നൽകും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് 21 സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിപുലമായ സ്വാഗത സംഘ രൂപീകരണം 2023 ഒക്‌ടോബർ 26 ന് കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ ചേരും. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും ഈ വർഷവും മേളകൾ നടത്തുന്നത്.
സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം
ഗവ. എയ്ഡഡ്, ഗവൺമെന്റ് അംഗീകൃത അൺ എയ്ഡഡ് സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർഥികളുടെയും ഭിന്ന ശേഷിയുള്ള ജനറൽ സ്‌കൂളുകളിലെ വിദ്യാർഥികളുടേയും 24-ാമത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം 2023 നവംബർ ഒമ്പത് മുതൽ 11 വരെ എറണാകുളം ജില്ലയിലെ ഗവ. വി.എച്ച്.എസ്.എസ്. കളമശ്ശേരിയിൽ വെച്ച് നടത്തും.
സംസ്ഥാനത്തെ സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്നും ജനറൽ സ്‌കൂളുകളിൽ നിന്നും ഏകദേശം ആയിരത്തി അറൂന്നൂറോളം വിദ്യാർഥികൾ ഈ കലോത്സവത്തിൽ മാറ്റുരക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.