കേരള വിദ്യാഭ്യാസ ചട്ട ഭേദഗതിക്ക് സ്റ്റേ
text_fieldsവ്യവസ്ഥകൾ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടി അധിക ബാച്ച് വാങ്ങുന്നത് ഒഴിവാക്കാനെന്ന്
കുട്ടികളുടെ എണ്ണം വ്യാജമായി പെരുപ്പിച്ചു കാട്ടി അധിക ബാച്ചുകൾ വാങ്ങുന്നത് ഒഴിവാക്കാനാണ് വ്യവസ്ഥകൾ കൊണ്ടുവന്നതെന്ന് സർക്കാർ ഹൈകോടതിയിൽ വിശദീകരിച്ചു. അധിക ബാച്ചിനുള്ള അപേക്ഷകളിൽ വിശദ പരിശോധന നടത്തി തീരുമാനമെടുക്കേണ്ടതിനാലാണ് ഒക്ടോബർ ഒന്നു മുതലേ ഇവ പ്രാബല്യത്തിൽ വരൂവെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ഇതുമൂലം അധികബാച്ചിലെ കുട്ടികൾക്ക് അധ്യയന ദിവസം നഷ്ടപ്പെടുമെന്ന വാദത്തിൽ കാര്യമില്ല. കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണോ വ്യവസ്ഥകളെന്ന് പരിശോധിക്കുമെന്നും ഇതിനു മറുപടി നൽകാൻ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
കൊച്ചി: സ്കൂളുകളിൽ അധിക തസ്തികയോ ഡിവിഷനോ സൃഷ്ടിക്കാൻ സർക്കാറിന്റെ മുൻകൂർ അനുമതി വേണമെന്നതടക്കം കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെ.ഇ.ആർ) സർക്കാർ കൊണ്ടുവന്ന ഭേദഗതിക്ക് ഹൈകോടതിയുടെ സ്റ്റേ. ഏപ്രിൽ 14ന് ഭേദഗതിയിലൂടെ കൊണ്ടുവന്ന വ്യവസ്ഥകൾ നടപ്പാക്കുന്നതിൽനിന്ന് ഒരു മാസത്തേക്ക് വിട്ടുനിൽക്കണമെന്ന് ജസ്റ്റിസ് രാജ വിജയ രാഘവൻ ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. ഭേദഗതി വ്യവസ്ഥകൾ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രൈവറ്റ് സ്കൂൾ (എയ്ഡഡ്) മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കൊല്ലം ചെറിയ വെളിനല്ലൂർ കെ.പി.എം.എച്ച്.എസ്.എസ് മാനേജറുമായ കെ. മണി ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സർക്കാറിന്റെ വിശദീകരണം തേടിയ കോടതി ഹരജി ജൂൺ പത്തിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
സർക്കാറിന്റെ മുൻകൂർ അനുമതിക്ക് പുറമെ എല്ലാ വർഷവും ഒക്ടോബർ ഒന്ന് മുതൽ മാത്രമേ അധിക ഡിവിഷനോ തസ്തികയോ പ്രാബല്യത്തിൽ വരൂവെന്നതാണ് ഭേദഗതിയിലെ മറ്റൊരു പ്രധാന വ്യവസ്ഥ. സ്റ്റാഫ് ഫിക്സേഷൻ ഓർഡർ എല്ലാ ജൂലൈ 15നുമാക്കി. ഇത് ഒക്ടോബർ ഒന്നുവരെ പുതിയ ഡിവിഷനിലേക്ക് അധ്യാപകരെ കിട്ടാത്ത അവസ്ഥയുണ്ടാക്കും. പുതിയ ഭേദഗതിയിലൂടെ അധ്യയന ദിവസങ്ങൾ പോലും വെട്ടിക്കുറച്ചിരിക്കുകയാണ്. 15 ദിവസത്തിൽ കൂടുതൽ ഹാജരാകാത്ത കുട്ടികളെ ഒഴിവാക്കിയില്ലെങ്കിൽ ക്ലാസ് അധ്യാപകർക്കും ഹെഡ്മാസ്റ്റർക്കും ബാധ്യതയുണ്ടാകുമെന്നും ഭേദഗതിയിൽ പറയുന്നു.
ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളെ സ്കൂളിൽനിന്ന് നീക്കാൻ അധ്യാപകർക്കോ പ്രധാന അധ്യാപകർക്കോ അധികാരമില്ല. പ്രവേശനമടക്കം കാര്യങ്ങൾ പ്രാദേശിക ഭരണകൂടം വഴി പ്രധാന അധ്യാപകരാണ് ചട്ടപ്രകാരം നിർവഹിക്കേണ്ടത്. വ്യാജ പ്രവേശനമാണെന്ന് കണക്കാക്കിയാണ് നീക്കം ചെയ്യാനുള്ള നിർദേശം. കൊഴിഞ്ഞുപോയ കുട്ടികളെ തിരികെ സ്കൂളുകളിലേക്ക് എത്തിക്കാൻ ഉദ്ദേശിച്ച് നടപ്പാക്കിയ ചട്ടത്തിന്റെ ലക്ഷ്യംതന്നെ ഇല്ലാതാക്കുന്നതാണിത്. കുട്ടികൾ ഹാജരാകാതിരുന്നാലുള്ള സാമ്പത്തിക ബാധ്യത മാനേജർക്കും ബാധകമാക്കുന്നതാണ് ഭേദഗതി. തസ്തിക നിർണയ ഉത്തരവ് ജനുവരി 31 വരെ ഏതു സമയവും പുനഃപരിശോധിക്കാമെന്ന വ്യവസ്ഥ നിലനിൽക്കുന്നതല്ലെന്നും ഹരജിയിൽ വാദിക്കുന്നു. കേരള വിദ്യാഭ്യാസ നിയമത്തിനും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനും വിരുദ്ധമായ വ്യവസ്ഥകൾ ഉണ്ടെന്ന വാദത്തിൽ പ്രഥമദൃഷ്ട്യ കഴമ്പുള്ളതായി വിലയിരുത്തിയ കോടതി തുടർന്നാണ് ഭേദഗതി നടപ്പാക്കുന്നത് തടഞ്ഞത്. പുതിയ നിയമനം തടയാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.